Connect with us

Malappuram

തമിഴ്‌നാട്ടുകാരായ 17 പേര്‍ കസ്റ്റഡിയില്‍

Published

|

Last Updated

കാളികാവ്: ചോക്കാട് പെടയന്താളില്‍ നിന്ന് തമിഴ്‌നാട് സ്വദേശികളായ 17 പേരെ കാളികാവ് പോലീസ് പിടികൂടി. മൂന്ന് സ്ത്രീകളും 14 പുരുഷന്‍മാരും അടങ്ങുന്ന സംഘത്തെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്. പുല്ലങ്കോട് സ്രാമ്പിക്കല്ല് സ്വദേശി മുണ്ടയില്‍ കുട്ട്യാപ്പുവിന്റെ പെടയന്താളിലെ വീട്ടില്‍ വാടകക്ക് താമസിക്കുകയായിരുന്ന സംഘത്തെയാണ് പോലീസ് ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് കൊണ്ട് വന്നത്. തൃശൂര്‍ റേഞ്ച് ഐ ജി ഗോപിനാഥ്, ജില്ലാ പോലീസ് സൂപ്രണ്ട് മഞ്ജുനാഥ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി ബാബുരാജ്, വണ്ടൂര്‍ സി ഐ മൂസ വള്ളിക്കാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘമാണ് രാത്രി വൈകിയും ചോദ്യം ചെയ്യുന്നത്.
വിക്രം സെന്തമില്‍ ഗുഡുവഞ്ചേരി ചെന്നൈ, ധര്‍മ്മപുരി ജില്ലയിലെ കോട്ടപട്ടി സ്വദേശികളായ തമിഴഴകം, ധര്‍മ്മരാജ്, കവികുയില്‍, റാണി, അങ്കുത്തിരാജ്, ധനപാല്‍, രാജ, വിജയ, എന്നിവരേയും, വേലൂര്‍ ജില്ലയിലെ കന്ദഌ സ്വദേശി പന്നീര്‍ സെല്‍വം, തഞ്ചാവൂര്‍ ജില്ലയിലെ പട്ടുകോട്ടൈ സ്വദേശി ഉദയകുമാര്‍,കൃഷ്ണഗിരി ജില്ലയിലെ മാതുര്‍ സ്വദേശികളായ വിജയ്, സ്വാമിനാഥന്‍, ധര്‍മ്മപുരി ജില്ലയിലെ മോരപൂര്‍ സ്വദേശി അന്‍പു, ചെന്നൈ സ്ട്രീറ്റിലെ വടപളനി സ്വദേശി ശരവണം, കടലൂര്‍ കടംമ്പിളിയൂര്‍ സ്വദേശി സദാശിവം, അരിയല്ലൂര്‍ ജില്ലയിലെ വിക്രമദളം സ്വദേശി ഇളംതിരുമാരന്‍ എന്നിവരെയാണ് പെടയന്താളില്‍ നിന്ന് പിടികൂടിയത്.
സംഘത്തില്‍ 24 പേര്‍ ഉണ്ടായിരുന്നു. ഇതില്‍ മൂന്ന് സ്ത്രീകളും നാല് പുരുഷന്‍മാരും മടങ്ങി പോയിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന പ്രദേശമായതിനാലാണ് ചോദ്യം ചെയ്യാന്‍ ഇവരെ പിടികൂടിയിട്ടുള്ളത്. തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമായ ക്യൂ ബ്രാഞ്ച് സംഘം ഇന്ന് രാവിലെ കാളികാവ് സ്റ്റേഷനിലെത്തി ഇവരെ കൂടുതല്‍ ചോദ്യം ചെയ്യും. തൃശൂര്‍ റേഞ്ച് ഐ ജി ഗോപിനാഥ് അടക്കമുള്ള പോലീസ് സംഘം നിലമ്പൂരില്‍ ക്യാമ്പ് ചെയ്യുകയാണ്. നാല്‍പത് സെന്റ് കോളനി, ടി കെ കോളനി മലവാരങ്ങളിലൂടെ ഇവര്‍ സഞ്ചരിക്കുന്നത് കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു.

Latest