ആറ് താരങ്ങളുടെ കളിയും ജീവിതവും സൗഹൃദവും പറയുന്ന ‘ദി ക്ലാസ് ഓഫ് 92’

Posted on: November 30, 2013 6:55 am | Last updated: November 30, 2013 at 7:56 am

classലണ്ടന്‍: ഒരേ കാലത്ത് ടീമിലെത്തിയ ആറ് താരങ്ങളുടെ കളിയും ജീവിതവും സൗഹൃദവും പറയുന്ന ‘ദി ക്ലാസ് ഓഫ് 92’ ഡോക്യമെന്റെറി പ്രദര്‍ശനത്തിനെത്തുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ലോക ഫുട്‌ബോളിനും പുതിയ മുഖം നല്‍കിയ ആറ് താരങ്ങളുടെ ഡോക്യുമെന്ററിയില്‍ ഡേവിഡ് ബെക്കാം, പോള്‍ സ്‌കോള്‍സ്, നിക്കി ബട്ട്, റയാന്‍ ഗിഗ്ഗ്‌സ്, ഫില്‍, ഗ്യാരി നെവില്ലെ എന്നിവരുടെ സൗഹൃദത്തിന്റെയും ഫുട്‌ബേള്‍ ജീവിതത്തിന്റെയും കഥയാണ് പറയുന്നത്. 1992 മുതല്‍ 1999 വരെയുള്ള ആറ് ലോകോത്തര താരങ്ങളുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ കളി ജീവിതവും സൗഹൃദവും ആസ്പദമാക്കിയാണ് ക്ലാസ് ഓഫ് 92 എന്ന ഡോക്യുമെന്ററി നിര്‍മിച്ചിരിക്കുന്നത്. വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ നിന്ന് ഒരേ സമയം ക്ലബിലെത്തി പിന്നീട് ടീമിന്റെ നട്ടെല്ലായി തീര്‍ന്ന ആറു താരങ്ങളുടെ ഇപ്പോഴും തുടരുന്ന സൗഹൃദമടക്കമുള്ളവ ഡോക്യുമെന്ററിയില്‍ പറയുന്നു. ബെഞ്ചമിന്‍ ടെര്‍ണര്‍, ഗാബ് ടെര്‍ണര്‍ എന്നിവരാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്.
തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലഘട്ടമായിരുന്നു 1992ലെ മാഞ്ചസ്റ്ററിലെ ജീവിതമെന്ന് ഡോക്യുമെന്ററി റിലീസിന് മുന്നോടിയായുള്ള അഭിമുഖത്തില്‍ ഡേവിഡ് ബെക്കാം പറഞ്ഞു. കളിക്കാരെ നിയന്ത്രിക്കുന്നതില്‍ അസാമാന്യ ധൈര്യമുള്ള കോച്ച് സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ കീഴിലായിരുന്നു തങ്ങള്‍ ആറ് പേരും പന്ത് തട്ടി തുടങ്ങിയത്. അദ്ദേഹത്തിന്റെ അടുത്തെത്തിയത് വഴിത്തിരിവായെന്നും ബെക്കാം അനുസ്മരിക്കുന്നു. അടുത്തിടെ ബെക്കാം, ഗിഗ്‌സ്, സ്‌കോള്‍സ് തുടങ്ങി ആറ് താരങ്ങളും പരിശീലന ക്യാമ്പില്‍ ഒരുമിച്ചിരുന്നു. ഈ ദൃശ്യങ്ങളും പഴയ കാലവും താരങ്ങളുടെ പ്രതികരണങ്ങളും എല്ലാം ഡോക്യുമെന്ററിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഒരിക്കല്‍ കൂടി ആറ് പേരും പരിശീലന ക്യാമ്പില്‍ ഒന്നിച്ചപ്പോള്‍ പോയ കാലത്തെക്കുറിച്ച് ചിന്തിച്ചു. നല്ലതും മോശപ്പെട്ടതുമായ നിരവധി മുഹൂര്‍ത്തങ്ങള്‍ ഞങ്ങളുടെ ഓര്‍മകളിലേക്ക് ഇരമ്പിയെത്തിയതായും ബെക്കാം പറഞ്ഞു.
നാല്‍പത് വയസ്സ് തികഞ്ഞ റയാന്‍ ഗിഗ്ഗ്‌സ് ഇപ്പോഴും യുനൈറ്റഡിന് ഭാഗമാണ്. ആറ് താരങ്ങളും കൂടി യുനൈറ്റഡിന് വേണ്ടി 3250 തവണ ബൂട്ടുകെട്ടി. ഇരുപത്തിയാറ് കിരീടങ്ങളാണ് ഇവര്‍ ക്ലബിന് നേടിക്കൊടുത്തത്. ബ്രിട്ടനിലെ തിരഞ്ഞടുക്കപ്പെട്ട തിയേറ്ററുകളില്‍ നാളെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ രണ്ട് മുതല്‍ ഇതിന്റെ ഡി വി ഡി ലഭ്യമായി തുടങ്ങും