Connect with us

Editorial

അറവുശാലകളുടെ ആധുനികവത്കരണം

Published

|

Last Updated

മൃഗങ്ങളെ തലക്കടിച്ചു കൊല്ലുന്നത് തടയാനും അശാസ്ത്രീയമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ നിയന്ത്രിക്കാനുമുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. അറവുകാര്‍ക്ക് പരിശീലനം, അവരുടെ ആരോഗ്യ പരിശോധന, അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് രോഗം ബാധിച്ച കാലികളെ കൊണ്ടുവരുന്നത് കര്‍ശനമായി തടയല്‍ തുടങ്ങി അറവുശാലകളുടെ ആധുനവത്കരണത്തിന് മൃഗസംരക്ഷണ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ക്കെല്ലാം സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ അറവു ശാലകളെയും അറവു കച്ചവടക്കാര്‍ കാലികളെ കൈകാര്യം ചെയ്യുന്നതും സംബന്ധിച്ചു വ്യാപകമായ പരാതികളുണ്ട്. വൃത്തിഹീനമായ ചുറ്റുപാടില്‍ അശാസ്ത്രീയമായാണ് മിക്ക ശാലകളും പ്രവര്‍ത്തിക്കുന്നത്. അറവുമാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ അവ റോഡുകില്‍ തള്ളുന്ന പ്രവണത വ്യാപകമാണ്. കാക്കകള്‍ കൊത്തിയെടുത്തു കൊണ്ടുപോകുന്ന ഈ അവശിഷ്ടങ്ങള്‍ പലപ്പോഴും ചെന്ന് വീഴുന്നത് സമീപത്തെ വീട്ടുമുറ്റത്തും കിണറുകളിലുമാണ്. ഇത്തരം അറവുശാലകള്‍ പൂട്ടിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ ഡിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വേണ്ടിയുള്ള ഓംബുഡ്‌സ്മാന്‍ തിരുവനന്തപുരം നഗര നഗരസഭയോട് ഇതിനിടെ ഉത്തരവിട്ടിരുന്നു.
സംസ്‌കരിക്കാന്‍ സംവിധാനമില്ലാത്തതാണ് അറവുമാലിന്യങ്ങള്‍ റോഡുകളിലും മറ്റും നിക്ഷേപിക്കാന്‍ ഇടയാക്കുന്നത്. മാലിന്യ നിക്ഷേപത്തിന് മാംസക്കട ഉടമകള്‍ സംവിധാനമുണ്ടാക്കണമെന്നാണ് നിയമമെങ്കിലും പരിമിതമായ സ്ഥലസൗകര്യം മാത്രമുള്ളവരും സാമ്പത്തിക ശേഷി കുറഞ്ഞവരുമായ കടയുടമകള്‍ക്ക് അത് സജ്ജീകരിക്കുക പ്രയാസമാണ്. തദ്ദേശസ്ഥാപനങ്ങളുടെ കീഴില്‍ സംസ്‌കരണ ശാലകള്‍ സ്ഥാപിക്കുകയാണ് പ്രായോഗിക മാര്‍ഗം. തിരുവനന്തപുരത്ത് ഇത്തരമൊരു സംസ്‌കരണശാല സ്ഥാപിക്കാന്‍ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. മറ്റു സദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ മാതൃക പിന്തുടരേണ്ടതാണ്.
അറവിന് മുമ്പ് കാലികളുടെ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്ന് നിയമമുണ്ട്. പഞ്ചായത്ത്, മുനിസിപ്പല്‍ സെക്രട്ടറിമാരുടെ നിര്‍ദേശ പ്രകാരം വെറ്ററിനറി ഓഫീസര്‍മാരാണ് പരിശോധന നടത്തേണ്ടത്. വെറ്റിറിനറി ഓഫീസര്‍മാക്ക് ഇതുസംബന്ധിച്ചു നിര്‍ദേശം നല്‍കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിരളമായതിനാല്‍ ഇന്ന് കേരളീയന്റെ തീന്‍മേശയിലെത്തുന്ന മാംസങ്ങളില്‍ നല്ലൊരു ഭാഗവും രോഗം ബാധിച്ച കാലികളുടെതാണ്. രോഗബാധിമായ കാലികളെ കുറഞ്ഞ വിലക്ക് ലഭിക്കുന്നതിനാല്‍ വ്യാപാരികള്‍ ഇത്തരം മൃഗങ്ങളെ അറവുശാലകളെത്തിച്ചു മാംസമാക്കി വിതരണം ചെയ്യുന്നതായി പരാതി ഉയര്‍ന്നിട്ടും അധികൃതര്‍ നിസ്സംഗത പാലിക്കുകയാണ്. രോഗം ബാധിച്ചും അല്ലാതെയും ചാകുന്ന കന്നുകാലികളുടെ മാംസം കേരളത്തിലേക്കു കടത്തുന്നതായും വാര്‍ത്ത വന്നിരുന്നു. വിവിധ പ്രദേശങ്ങളില്‍ നിന്നു ശേഖരിക്കുന്ന ചത്ത കന്നുകാലികളുടെ ജഡം ഒരു കേന്ദ്രത്തിലെത്തിച്ചു തോലെടുത്തു മാറ്റിയതിന് ശേഷം കൊത്തിനുറുക്കി മാംസം പാക്കറ്റുകളിലാക്കിയാണ് അതിര്‍ത്തി കടത്തുന്നത്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന പ്രഹസനമായത് ഇവര്‍ക്ക് സഹായകമാകുന്നു. രോഗം ബാധിച്ച കന്നുകാലികളുടെ മാംസം വില്‍ പനക്കെത്തിക്കുന്ന സംഘങ്ങള്‍ക്കെതിരേ അയല്‍ സംസ്ഥാനങ്ങളില്‍ കര്‍ശന നടപടി തുടങ്ങിയതോടെയാണ് കേരളത്തിലേക്കുള്ള ഇത്തരം മാംസത്തിന്റെ കടത്ത് വര്‍ധിച്ചത്.
അറവിനുള്ള കാലികളെ കേരളത്തിലേക്ക് കൊണ്ടുവരുന്ന രീതി ക്രൂരമാണ്. വാഹനങ്ങളില്‍ കുത്തിനിറച്ചാണ് ഇവയെ കടത്തുന്നത്. ഒന്നനങ്ങാന്‍ പോലും സ്ഥലമില്ലാത്തതിനാല്‍ വാഹനത്തിന്റെ മരണപ്പാച്ചിലിനിടയില്‍ തമ്മില്‍ ഉരസിയും കൂട്ടിയിടിച്ചും കന്നുകാലികളുടെ ശരീരത്തില്‍ മുറിവ് സംഭവിക്കുക പതിവാണ്. കാലികള്‍ വാഹനത്തില്‍ കിടന്നുറങ്ങിയാല്‍ സ്ഥലപരിമിതി അനുഭവപ്പെടുന്നതിനാല്‍ അവ ഉറങ്ങാതിരിക്കാനായി കണ്ണില്‍ മുളക് തേക്കുന്ന പ്രവണതയുമുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് കാലികളെ കുത്തിനിറച്ചു കേരളത്തിലേക്ക് കടത്തുകയായിരുന്ന ചില ലോറികള്‍ അധികൃതര്‍ പിടികൂടിയപ്പോഴാണ് ഈ നിഷ്ഠൂരത കാണാനിടയായത്.
മൃഗങ്ങളെ തലക്കടിച്ചു കൊല്ലുന്ന പതിവ് തെക്കന്‍ കേരളത്തിലാണ് കൂടുതല്‍. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാനും കാപ്റ്റീവ് ബോള്‍ട്ട് പിസ്റ്റള്‍ (കാറ്റില്‍ ഗണ്‍) ഉപയോഗിച്ചു തലക്ക് വെടിവെച്ചു കൊല്ലുന്നതിന് ഉത്തരവ് നല്‍കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആറ് മാസത്തിനകം എല്ലാ അറവുശാലകളിലും ഈ രീതി നടപ്പാക്കണമെന്നും അതുവരെ മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ചു കഴുത്തുമുറിച്ചു കൊല്ലുന്ന രീതി അവലംബിക്കണമെന്നും ഉത്തരവില്‍ പറയുന്നു. രക്തം വാര്‍ന്നു പോകത്തക്ക വിധം അറുക്കുന്ന രീതിയാണ് ശാസ്ത്രീയവും ഭക്ഷ്യാവശ്യത്തിന് ഏറ്റവും സുരക്ഷിതവുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിരിക്കെ, പ്രസ്തുത രീതി നടപ്പാക്കുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം. ഇക്കാര്യം സര്‍ക്കാറിന്റെ സജീവമായി പരിഗണക്ക് വിഷയീഭവിക്കേണ്ടതാണ്.