Connect with us

Wayanad

രാഷ്ട്രീയത്തിന് അതീതമായ വികസനത്തിന് പ്രവര്‍ത്തിക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌

Published

|

Last Updated

കല്‍പറ്റ: വികസന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം മറന്നുള്ള കൂട്ടായ്മ ആവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ റഷീദ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ എല്ലാവരുമായും കൂടിയാലോചനകള്‍ നടത്തുമെന്നും, എല്ലാ വിഭാഗങ്ങളുടെയും കൂട്ടായ്മ രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് പ്രസ്സ് ക്ലബ്ബില്‍ മീറ്റ് ദിപ്രസ്സ് പരിപാടിയില്‍ സംസാരിക്കുന്നു അദ്ദേഹം. വയനാടിന്റെ കാര്‍ഷിക മേഖല പരിപോഷിപ്പിക്കാന്‍ പ്രത്യേക പരിഗണനയാണ് ജില്ലാ പഞ്ചായത്ത് നല്‍കി വരുന്നത്.
കൃഷിയില്‍ വയനാടിനുണ്ടായിരുന്ന കുത്തക നഷ്ടപ്പെട്ടു കൊണ്ടിരിക്കയാണ്. ഇത് വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. ജലസേചന സൗകര്യക്കുറവ്, തൊഴിലാളി ക്ഷാമം, വന്യജീവി ശല്യം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവും കൃഷിയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.
അഗ്രികള്‍ച്ചറല്‍ ഫാം നടപ്പാക്കുന്നതിന് കൊളഗപ്പാറയില്‍ 12 ഏക്കര്‍ സ്ഥലം ജില്ലാ പഞ്ചായത്തിന് സ്വന്തമായുണ്ട്. 50 ലക്ഷം രൂപ ഫണ്ടും വകയിരുത്തിയിരിക്കയാണ്. ഫാം പദ്ധതി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ-ആരോഗ്യ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. വിദ്യാലയങ്ങളില്‍ ഭൗതിക സൗകര്യം വര്‍ദ്ധിപ്പിക്കുന്നതാണ്. ജില്ലാ ആസ്പത്രി ഉള്‍പ്പെടെയുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടമാരുടെ കുറവ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. ജില്ലാ ആസ്പത്രിയിവല്‍ ഡോക്ടറെയും അനുബന്ധ സ്റ്റാഫുകളെയും മറ്റും നിയമിക്കേണ്ടത് സര്‍ക്കാറാണ്. ജില്ലാ ആസ്പത്രിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാറിനെ സമീപിച്ച് നടപടി എടുപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ ആസ്പത്രിയില്‍ 110 ലക്ഷം രൂപ ചെലവിലുള്ള മാലിന്യ നിര്‍മാര്‍ജന പദ്ധതി ഈ സമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കും.
ആദിവാസി മേഖലയിലും പ്രത്യേക ശ്രദ്ധപതിപ്പിക്കും. ആദിവാസികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേകം സൗകര്യം ഒരുക്കുകയും കൊഴിഞ്ഞ് പോക്ക് കുറക്കാന്‍ നടപടിയെടുക്കുകയും ചെയ്യും.
പനമരം കൊറ്റില്ലത്ത് ബി.ആര്‍.ജി.എഫില്‍ ഫണ്ട് അനുവദിച്ചെങ്കിലും ചെലവഴിക്കാനായിട്ടില്ല. കൊറ്റില്ലം സംരക്ഷിക്കാന്‍ ആവശ്യമായത് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.വയനാടിന്റെ വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമകാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ എല്ലാവരുടെയും സഹകരണം അദ്ദേഹം ആവശ്യപ്പെട്ടു. പ്രസ്സ്‌ക്ലബ്ബ് പ്രസിഡന്റ് പി.കെ അബ്ദുല്‍അസീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ.വി സുരേഷ് സ്വാഗവും, ഇ.എം മനോജ് നന്ദിയും പറഞ്ഞു.