Connect with us

Malappuram

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: വിദഗ്ധ സമിതി തെളിവെടുത്തു

Published

|

Last Updated

നിലമ്പൂര്‍: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി നിലമ്പൂരില്‍ തെളിവെടുപ്പ് നടത്തി. കമ്മിറ്റി കണ്‍വീനര്‍ പ്രൊഫ. ഉമ്മന്‍ വി ഉമ്മന്‍, കമ്മിറ്റിയംഗം പി സി സിറിയക്ക് എന്നിവരാണ് അദാലത്തില്‍ പരാതികള്‍ സ്വീകരിച്ചത്. മലയോര മേഖലയിലെ വിവിധ ഇടങ്ങളില്‍ നിന്നായി നൂറുകണക്കിന് ആളുകള്‍ അദാലത്തില്‍ പങ്കെടുത്തു.
പ്രൊഫ. ഉമ്മന്‍ വി ഉമ്മന്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ആമുഖ പ്രഭാഷണം നടത്തി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനുമേല്‍ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും ജനദ്രോഹ പരാമര്‍ശങ്ങള്‍ ഒഴിവാക്കുന്നതിനും വേണ്ടി പ്രകൃതി സംരക്ഷണത്തിനോടൊപ്പം മനുഷ്യരെ സംരക്ഷിക്കുന്നതിനും മുന്‍ഗണന നല്‍കുന്ന റിപ്പോര്‍ട്ടായിരിക്കും നല്‍കുകയെന്ന് അദ്ദേഹം പറഞ്ഞു.
എം ഐ ഷാനവാസ് എം പി, പി കെ ബഷീര്‍ എം എല്‍ എ, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പുഷ്പവല്ലി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലിസ്സി ജോസഫ്, സി ഡി സെബാസ്റ്റ്യന്‍, എന്‍ എം ബഷീര്‍, ഷീബ പൂഴിക്കുത്ത്, മറിയാമ്മ എബ്രഹാം, പൂളക്കല്‍ ഹഫ്‌സത്ത്, രാഷ്ട്രീയ സംഘടന പ്രതിനിധികളായ വി വി പ്രകാശ്, എ ഗോപിനാഥ്, ടി കെ അബ്ദുല്ലക്കുട്ടി മാസ്റ്റര്‍, വിനോദ് പി മേനോന്‍, തോപ്പില്‍ ചേക്കു, സി കെ മൊയ്തീന്‍, ജോണി പുല്ലന്താണി, സി ജെ ജോയ്, ഫാ. സെബാസ്റ്റ്യന്‍ പാറയില്‍, ഫാ. ടോണി സംസാരിച്ചു. പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് നൂറുകണക്കിന് നിവേദനങ്ങളാണ് നിലമ്പൂര്‍ പീവീസ് ഓഡിറ്റോറിയത്തില്‍ നടന്ന അദാലത്തില്‍ കമ്മിറ്റി മുന്‍പാകെ പ്രദേശവാസികള്‍ നല്‍കിയത്.
ചര്‍ച്ചകള്‍ക്കൊടുവില്‍ സംസാരിച്ച കമ്മിറ്റിയംഗം പി സി സിറിയക്ക് റിപ്പോര്‍ട്ടില്‍ പറയുന്ന ഇ എസ് എ മേഖലകളില്‍ നിന്ന് വില്ലേജുകളെ വേര്‍പെടുത്തുന്നതിന് ഏതെല്ലാം നിര്‍ദേശങ്ങള്‍ നല്‍കാമെന്നതിന് കമ്മിറ്റി മുന്‍ഗണന നല്‍കുമെന്ന് പറഞ്ഞു. ഇതിനായി അടുത്ത മാസത്തിനുള്ളില്‍ അതത് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഓരോ സ്ഥലത്തിന്റെയും നേരിട്ടുള്ള പരിശോധന നടത്തി എത് തരം ഭൂമിയാണെന്നുള്ള യഥാര്‍ഥ വിവരം കമ്മിറ്റിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. ഇത് തങ്ങളുടെ റിപ്പോര്‍ട്ടിലുള്‍പ്പെടുത്തി സര്‍ക്കാരിന്റെ പരിഗണനക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ഭൂമിയുടെ ചരിവ്, ഏകവിള പ്രയോഗം എന്നിവ കര്‍ഷകര്‍ക്ക് ആശങ്കയുണ്ടാക്കിയ സാഹചര്യത്തില്‍ പരിഹാരമായി പാരമ്പര്യ രീതിയിലുള്ള കൃഷിരീതി നിര്‍ദേശിക്കുകയും ഏകവിള പ്രയോഗത്തില്‍ നിന്ന് റബ്ബര്‍, തേയില തുടങ്ങിയവയെ ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടും. കേരളത്തിന്റെ പ്രത്യേക സാഹചര്യം അനുസരിച്ചുള്ള സമീപനം സ്വീകരിക്കുന്നതിനായിരിക്കും തങ്ങളുടെ റിപ്പോര്‍ട്ട് മുന്‍ഗണന നല്‍കുകയെന്നും പി സി സിറിയക്ക് പറഞ്ഞു.

Latest