Connect with us

Kasargod

ജൈവവള വിതരണത്തില്‍ ജില്ലയില്‍ വ്യാപക പരാതി

Published

|

Last Updated

രാജപുരം: ജില്ലയില്‍ ജൈവകൃഷി പ്രചാരമേറിയതോടെ ഗുണനിലവാരം കുറഞ്ഞ ജൈവവള വിതരണം വ്യാപകമെന്നു പരാതി. ഏലം, കാപ്പി, കുരുമുളക്, തെങ്ങ് കൃഷികള്‍ക്ക് അനുയോജ്യമായ ജൈവവളമാണെന്നു കര്‍ഷകരെ വിശ്വസിപ്പിച്ചാണ് വില്‍പ്പന നടത്തുന്നത്. ഓരോ വിളകള്‍ക്കും ഓരോതരം വളങ്ങളാണ് വിവിധ കമ്പനി കളിലെ ഏജന്റുമാര്‍ ശുപാര്‍ശ ചെയ്യുന്നത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കു പുറമെ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഉത്പ്പാദിപ്പിക്കുന്ന ജൈവവളങ്ങളും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇങ്ങനെ വില്‍ക്കുന്നുണ്ട്.
ഓരോ ജില്ലയ്ക്കും പ്രത്യേക ഏജന്‍സികള്‍ നല്‍കിക്കൊണ്ടാണ് അന്യ സംസ്ഥാനത്ത് നിന്നുള്ള കമ്പനികളുടെ വളങ്ങള്‍ വില്‍പ്പന നടത്തുന്നത്.വിപണിയില്‍ ലഭിക്കുന്ന അംഗീകൃത രാസവളത്തേക്കാള്‍ വിലക്കുറവായതു കൊണ്ട് പല കര്‍ഷകരും ഇത്തരം ഗുണ നിലവാരം കുറഞ്ഞ വളം വാങ്ങി ഉപയോഗിക്കുകയാണ്. ഉപയോഗിച്ച് മൂന്നുമാസം കഴിഞ്ഞിട്ടും ചെടികളില്‍ വളപ്രയോഗത്തിന്റെ പ്ര യോജനം കാണാതെവരുമ്പോ ഴാണ് തങ്ങള്‍ കബളിപ്പിക്ക പ്പെട്ട വിവരം അറിയുന്നത്. പിന്നീട് ഏജന്റുമായി ബന്ധപ്പെട്ടാല്‍ തൈകളുടെ ഗുണനിലവാരത്തെയും മണ്ണിന്റെ പ്രശ്‌നവും ചൂണ്ടിക്കാട്ടി കൈയൊഴിയും. പുതുമഴ പെയ്യുന്ന സമയത്താണ് ഗുണനിലവാരം കുറഞ്ഞ വളം വില്‍പന കൂടുതലായും നടക്കുന്നത്.
അന്യ സംസ്ഥാനത്ത് നിന്നു വരുന്ന വളം ഉപയോഗിച്ച കര്‍ഷകരുടെ ഏലവും കുരുമുളകും ജാതിത്തൈകളും നശിച്ചുപോയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഓടമാലിന്യങ്ങളും മറ്റും രാസവളങ്ങളും പാറപ്പൊടിയുമായി കൂട്ടിച്ചേര്‍ത്ത് ജൈവവളമെന്ന പേരില്‍ വില്‍പ്പന നടത്തുന്നതായും ആരോപണമുണ്ട്. ഒരു കമ്പനി തന്നെ പലപേരുകളില്‍ വളം വിപണിയില്‍ എത്തിച്ചും തട്ടിപ്പ് നടത്തുന്നു.
ജൈവവളങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതു മുതലെടുത്താണ് ഇത്തരം കമ്പനി കള്‍ കര്‍ഷകരെ വഞ്ചിക്കുന്നത്. വളങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള ആധുനിക രീതിയിലുള്ള ലാബ് ജില്ലയില്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

 

Latest