Connect with us

Kasargod

മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ സ്റ്റേഡിയം ഒരുങ്ങി

Published

|

Last Updated

കാസര്‍കോട്: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയം സര്‍വസജ്ജമായി. മുഖ്യമന്ത്രിയെ കണ്ട് തങ്ങളുടെ വിവിധ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചും അവക്ക് പരിഹാരം പ്രതീക്ഷിച്ചും ആയിരക്കണക്കിനാളുകള്‍ ഇന്ന് സ്റ്റേഡിയത്തില്‍ എത്തും. രാവിലെ ഒമ്പതു മണിക്ക് തന്നെ ജനസമ്പര്‍ക്ക പരിപാടി ആരംഭിക്കും. മുഖ്യമന്ത്രിയുടെ ആമുഖപ്രസംഗത്തോടെ പരിപാടിക്ക് തുടക്കമാവും.
പരിപാടിയിലേക്ക് 6,908 അപേക്ഷകളാണ് ലഭിച്ചത്. ഇവയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും സഹായധനത്തിനായി 831, വീടും വീട്ടു നമ്പറുമായി ബന്ധപ്പെട്ട 568, ബി പി എല്‍ കാര്‍ഡ് അനുവദിക്കല്‍ 2,778, വായ്പ എഴുതി തളളുന്നതിനു 358, പട്ടയം ലഭിക്കാന്‍ 692 എന്നിങ്ങനെയാണ് അപേക്ഷകള്‍ ലഭിച്ചിട്ടുളളത്.
അപേക്ഷകരില്‍ 301 പേരെ മുഖ്യമന്ത്രി നേരിട്ട് കണ്ട് അവരുടെ സങ്കടങ്ങള്‍ പരിഹരിക്കും. പരമാവധി സഹായം ലഭ്യമാക്കും. ക്ഷണിക്കപ്പെട്ട അപേക്ഷകര്‍ക്ക് സ്റ്റേഡിയത്തില്‍ സജ്ജമാക്കിയിട്ടുള്ള പന്തലില്‍ പ്രത്യേകം ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. സമ്പര്‍ക്ക പരിപാടിയില്‍ എത്താന്‍ ഇവര്‍ക്ക് പ്രത്യേക അറിയിപ്പും നല്‍കിയിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ വൈകീട്ട് ആറു മണിവരെ പ്രത്യേകം അറിയിപ്പ് നല്‍കിയ അപേക്ഷകരെ മുഖ്യമന്ത്രി നേരില്‍ കണ്ട് പരാതികള്‍ പരിഹരിക്കുകയും ആവശ്യമുള്ളവര്‍ക്ക് സഹായധനം അനുവദിക്കുകയും ചെയ്യും.
എന്നാല്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ട് മണിവരെയും വൈകീട്ട് ആറുമണിക്ക് ശേഷവും പരാതി നല്‍കാനെത്തിയവര്‍ക്കെല്ലാം മുഖ്യമന്ത്രിക്ക് പരാതികള്‍ സമര്‍പ്പിക്കാം. മുന്‍കൂട്ടി പരാതി നല്‍കാത്തവര്‍ക്ക് ഈ സമയത്ത് പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. എന്നാല്‍ ഇവരില്‍ മുഖ്യമന്ത്രിയോട് നേരില്‍ കണ്ട് സങ്കടങ്ങളും പരാതികളും അപേക്ഷകളും ബോധിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് രാത്രി എട്ട് മണിക്ക് ശേഷം അതിനുള്ള അവസരം ലഭ്യമാക്കും. മുഖ്യമന്ത്രി അപേക്ഷകരെ നേരില്‍ കേട്ട് ആവശ്യമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കും. ജനസമ്പര്‍ക്ക വേദിയെ പ്ലോട്ട് എ എന്നും പ്ലോട്ട് ബി എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കുള്ള ഇരിപ്പിടം, മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ഇരിപ്പിടം, ക്ഷണിക്കപ്പെട്ട പരാതിക്കാര്‍ക്കുള്ള ഇരിപ്പിടം എന്നിവയാണ് പ്ലോട്ട് എയില്‍ സജ്ജീകരിച്ചിട്ടുളളത്. പ്ലോട്ട് ബി യില്‍ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് വരുന്ന മറ്റുള്ളവര്‍ക്ക് ഇരിക്കാം. പ്രവേശന കവാടങ്ങളുടെ നിയന്ത്രണം പോലീസിനായിരിക്കും. 1500 പോലീസുകാരെ സുരക്ഷാ സംവിധാനങ്ങള്‍ക്കായി വിന്യസിക്കും. 500 ഉദ്യോഗസ്ഥരും പരിപാടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. എന്‍ സി സിയും, സ്റ്റുഡന്റ് പോലീസ് കേഡറ്റും വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കും.
പരാതിക്കാരെ അതാത് സമയത്ത് പ്ലോട്ട് എയില്‍ ക്ഷണിച്ചു വരുത്തും. പ്രവേശന കവാടത്തിലൂടെ അകത്ത് കടക്കുന്നവരുടെ ഇന്റിമേഷന്‍ കാര്‍ഡ് കമ്പ്യൂട്ടറില്‍ റീഡ് ചെയ്താണ് പ്ലോട്ട് എയിലേക്ക് പ്രവേശിപ്പിക്കുക. പരാതിക്കാര്‍ ഇരുന്നു കഴിഞ്ഞാല്‍ പരിഗണിക്കുന്ന പരാതിക്കാരുടെ പേരുവിവരം ഡിസ്‌പ്ലേ ബോര്‍ഡില്‍ തെളിയും. സ്റ്റേജ്ഡിസ്‌പ്ലേ ബോര്‍ഡില്‍ പേരു കാണുന്ന പരാതിക്കാരെ സ്റ്റേജിലേക്ക് കയറ്റി വിടും.
സ്റ്റേജിലേക്ക് വരുന്ന പരാതിക്കാരന്റെ പരാതി സംബന്ധിച്ച സകല വിവരവും സ്റ്റേജിലെ ഉദ്യോഗസ്ഥന്‍മാരുടേയും മുഖ്യമന്ത്രിയുടേയും മുന്നില്‍ പ്രദര്‍ശിപ്പിക്കും. ഇതോടെ പരാതിക്കാരന്‍ മുഖ്യമന്ത്രിയുടെ സമീപം ചെല്ലുകയും മുഖ്യമന്ത്രി പരാതിയില്‍ തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്യും. അപേക്ഷ നല്‍കിയവര്‍ക്ക് ഇതിനകം തന്നെ അനുവദിച്ച ആനുകൂല്യങ്ങള്‍ വിവിധ കൗണ്ടറുകള്‍ മുഖേന വിതരണം ചെയ്യും.

Latest