നവസംരംഭങ്ങള്‍ക്ക് 10 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ: ബ്ലോക്ക്തല ബേങ്കേഴ്‌സ് കമ്മിറ്റി

Posted on: November 28, 2013 8:19 am | Last updated: November 28, 2013 at 8:19 am

പെരിന്തല്‍മണ്ണ: വ്യവസായ രംഗത്തേയ്ക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ചെറുകിട സംരഭങ്ങള്‍ തുടങ്ങുന്നതിനുള്ള പ്രയോഗിക ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുമെന്നും സംരഭകര്‍ക്കായി 10 ലക്ഷം വരെ ഈടില്ലാതെ വായ്പ നല്‍കുമെന്ന് പെരിന്തല്‍മണ്ണ ബ്ലോക്ക്തല ബേങ്കേഴ്‌സ് കമ്മറ്റി(ബി എന്‍ ബി സി) അറിയിച്ചു. ഇതു വഴി കൂടുതല്‍ പേര്‍ സംരഭങ്ങള്‍ തുടങ്ങാന്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അബൂബക്കര്‍ അഭിപ്രായപ്പെട്ടു. റവന്യൂ റിക്കവറി അദാലത്ത് ജനുവരി ഒന്‍പതിന് ബ്ലോക്ക് പഞ്ചായത്തില്‍ നടത്താനും തീരുമാനമായി.
ഹൈടെക് കൃഷി രീതികള്‍ പരിചയപ്പെടുത്താനും കര്‍ഷക സൗഹൃദപരമായ തീരുമാനങ്ങളിലൂടെ കാര്‍ഷിക മേഖലയെ വിപുലപ്പെടുത്തുന്നതിനുമുള്ള ബ്ലോക്ക്തല കര്‍ഷക സംഗമം ഡിസംബറില്‍ നടത്തും. നൂതന കൃഷി രീതി ഉപയോഗിച്ച് ആവശ്യമുള്ള പച്ചക്കറികളും പഴങ്ങളും ഉത്പാദിപ്പിച്ച് പെരിന്തല്‍മണ്ണ ബ്ലോക്കിനെ സ്വയം പര്യാപ്ത ബ്ലോക്ക് ആക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അബൂബക്കര്‍ പറഞ്ഞു. ഓരോ പഞ്ചായത്തിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് 15 ചെറുകിട സംരഭങ്ങള്‍ തുടങ്ങുന്നതിനുള്ള ധനസഹായം നല്‍കാനും കമ്മിറ്റിയില്‍ തീരുമാനമായി. കൂടാതെ അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ നല്‍കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത്തല കാംപുകളും സംഘടിപ്പിക്കും. പെരിന്തല്‍മണ്ണ ബ്ലോക്ക്തല ബേങ്കേഴ്‌സ് കമ്മറ്റി ചെയര്‍മാന്‍ എം പി സത്യനാരായണന്‍, കണ്‍വീനര്‍ എം ലാവണ്യകുമാര്‍, താലൂക്ക് ഇന്‍ഡസ്ട്രിയല്‍ ഓഫിസര്‍ കെ പി സതീഷ്, കേരള ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ എ പി മീനാക്ഷി സംസാരിച്ചു.