പരിസ്ഥിതി ലോല പ്രദേശനിര്‍ദേശങ്ങള്‍ പുനര്‍ നിര്‍ണയിക്കാന്‍ ശിപാര്‍ശ ചെയ്യുമെന്ന് ഉന്നതതല സമിതി

Posted on: November 28, 2013 8:07 am | Last updated: November 28, 2013 at 8:07 am

കല്‍പറ്റ: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ശ്ിപാര്‍ശ ചെയ്ത പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നേരിട്ടുള്ള പരിശോധനകളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തില്‍ പുനര്‍ നിര്‍ണയിക്കാന്‍ ഇതു സംബന്ധിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതി ശിപാര്‍ശ ചെയ്യുമെന്ന് സമിതി അധ്യക്ഷന്‍ പ്രൊഫ. ഉമ്മന്‍ വി ഉമ്മന്‍ പറഞ്ഞു. കല്‍പറ്റയില്‍ കസൂരിരംഗന്‍ കമ്മീഷന്‍ ശിപാര്‍ശകളിലുള്ള ആശങ്കകളെ കുറിച്ച് പൊതുജനങ്ങളില്‍ നിന്നും നടത്തിയ തെളിവെടുപ്പിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തൊട്ടാകെ 123 വില്ലേജുകളാണ് പരിസ്ഥിതി ലോല പ്രദേശങ്ങളായി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 13 വില്ലേജുകള്‍ വയനാട്ടിലാണ് ഉപഗ്രഹ ചിത്രങ്ങളെ ആധാരമാക്കി നടത്തിയ ഈ കണ്ടെത്തലുകളില്‍ പല തെറ്റുകളും കടന്നു കൂടിയിട്ടുണ്ട്. പ്ലാന്റേഷനുകളും തോട്ടങ്ങളും മറ്റും വനമേഖലകളായി പരിഗണിക്കപ്പെട്ടിട്ടുണ്ട്. ചതുരശ്ര കിലോമീറ്ററില്‍ നൂറില്‍ താഴെ ജനസംഖ്യയുള്ള പ്രദേശങ്ങള്‍ എന്ന മാനദണ്ഡത്തിന്റെ കാര്യത്തിലും ഇത് 2001 സെന്‍സസിന്റെ ആധാരമാക്കി നിശ്ചയിച്ചതിനാല്‍ പിഴവുപറ്റി. ഇവയെല്ലാം പരിഹരിക്കാനുള്ള ശിപാര്‍ശകള്‍ സമിതി തയ്യാറാക്കുന്നുണ്ട്. ഇതിനായി എല്ലാ പഞ്ചായത്തുകളും സ്ഥലത്തെ ജൈവ വൈവിധ്യ മാനേജ്‌മെന്റ് സമിതികളുടെ സഹായത്തോടെ ഓരോ വാര്‍ഡിലും പരിശോധന നടത്തി സ്ഥലത്തെ യഥാര്‍ഥ പരിസ്ഥിതി വിവരം. ഡിസംബര്‍ അഞ്ചാം തീയതിക്കകം സമിതിക്ക് സമര്‍പ്പിക്കണമെന്നും പ്രൊഫ. ഉമ്മന്‍ പറഞ്ഞു. ഇപ്രകാരം ലഭിക്കുന്ന വിവരങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്തുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കി വസ്തുനിഷ്ഠത വിലയിരുത്തും. പരമാവധി സൂക്ഷ്മമായി പാരിസ്ഥിതിക വിവരങ്ങള്‍ ലഭ്യമായാല്‍ ഓരോ വാര്‍ഡിലെയും കൃഷിസ്ഥലം, ജനവാസകേന്ദ്രം, കാട് എന്നിവ കൃത്യമായി വിഭജിച്ച് നിലവിലുള്ള പ്രശ്‌നങ്ങള്‍ക്കും ആശങ്കകള്‍ക്കുമുള്ള പരിഹാര നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
2003 ലെ പരിസ്ഥിതി ദുര്‍ബല പ്രദേശ നിയമം (Ecological fragile zone) കര്‍ഷകര്‍ക്കെതിരെ ദുരുപയോഗം ചെയ്യപ്പെടുന്നതായി വ്യാപകമായ ആക്ഷേപമുന്നയിക്കപ്പെടുന്ന സാഹചര്യത്തില്‍ ഏകപക്ഷീയ സ്വഭാവമുള്ള ഈ നിയമം റദ്ദാക്കാന്‍ തന്നെ സമിതി ശിപാര്‍ശ ചെയ്യും. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രതേ്യകതകള്‍ പരിഗണിച്ച് മുപ്പത് ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള സ്ഥലങ്ങളില്‍ ഹ്രസ്വകാല വിളകള്‍ കൃഷി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളില്‍ ഇളവു വരുത്താനും സമിതി ആവശ്യപ്പെടും. കയ്യാലകള്‍ കെട്ടി മണ്ണൊലിപ്പ് തടഞ്ഞ് അറുപത് ഡിഗ്രി ചെരിവുള്ള ഭൂമിയില്‍പോലും കേരളത്തില്‍ പരമ്പരാഗതമായ കൃഷിയിറക്കി പോരുന്നതായി പ്രൊഫ. ഉമ്മന്‍ ചൂണ്ടിക്കാട്ടി. സ്വാഭാവിക വനങ്ങള്‍ക്ക് പകരം നട്ടുപിടിപ്പിച്ച തേക്കിന്‍ കാടുകളിലും മറ്റും അടിക്കാടുകള്‍ പറ്റേ തെളിക്കുന്നത് തടയാനും ഇവ കാലക്രമേണ സ്വാഭാവിക വനങ്ങളാക്കി മാറ്റാനും നിര്‍ദ്ദേശങ്ങളുണ്ടാവും. തൊഴിലുറപ്പ് പദ്ധതി സേവനങ്ങള്‍ ഉപയോഗപ്പെടുത്തി വനാതിര്‍ത്തികളിലും മറ്റും ട്രഞ്ചുകളും വേലികളും നിര്‍മ്മിച്ചും വന്യമൃഗശല്യം നിയന്ത്രിക്കാനും ശിപാര്‍ശയുണ്ടാവും. പ്രധാനമായും കേരളം നാണ്യവിളകളെ ആശ്രയിക്കുന്നതിനാല്‍ ഏകവിളകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം കാപ്പി, തേയില, ഏലം തുടങ്ങിയ നാണ്യവിളകളെ പ്രതിലോമമായി ബാധിക്കാതിരിക്കാനും ശിപാര്‍ശയുണ്ടാവുമെന്നും പ്രൊഫ. ഉമ്മന്‍ പറഞ്ഞു.
താഴെ പറയുന്ന നിര്‍ദ്ദേശങ്ങളാണ് തെളിവെടുപ്പില്‍ ജനപ്രതിനിധികളും കര്‍ഷക സംഘടനാ പ്രതിനിധികളും സമിതി മുമ്പാകെ പ്രധാനമായും ഉന്നയിച്ചത്.
പഞ്ചായത്ത് സ്ഥാപനങ്ങളുടെയും ഗ്രാമസഭകളുടെയും അംഗീകാരത്തോടെ മാത്രം പരിസ്ഥിതിലോല പ്രദേശങ്ങളും ഇവിടെ പാലിക്കേണ്ട നിര്‍മ്മിതിപരവും മറ്റുമായ നിയന്ത്രണങ്ങളും നിര്‍ണ്ണയിക്കുക. നിയമസഭയിലും പാര്‍ലിമെന്റിലും ചര്‍ച്ച ചെയ്ത് നിയമമാക്കി മാത്രം ശിപാര്‍ശകള്‍ നടപ്പാക്കുക. ശിപാര്‍ശകള്‍ നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കേണ്ട ഉന്നതതല സമിതിയില്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും കര്‍ഷക പ്രതിനിധികളെയും അംഗങ്ങളാക്കുക.നിലവിലുള്ള കൃഷികളെയും കര്‍ഷക സ്വാതന്ത്ര്യത്തെയും ഒരു തരത്തിലും ശിപാര്‍ശകള്‍ ബാധിക്കില്ല എന്ന് ഉറപ്പ് വരുത്തുക.ഏകവിള, മുപ്പതു ഡിഗ്രി ചെരിവുള്ളിടത്തെ കൃഷി തുടങ്ങിയവയ്ക്കുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കുക.പരിസ്ഥിതിലോല മേഖലകളില്‍ അരുതാത്ത ചുവപ്പു വ്യവസായങ്ങളുടെ ഗണത്തില്‍ നിന്നും കാര്‍ഷിക മൂല്യ വര്‍ധന വ്യവസായങ്ങള്‍, ആശുപത്രികള്‍, ഡയറി ഫാമുകള്‍ തുടങ്ങി കാര്‍ഷികാനുബന്ധ അടിസ്ഥാന സൗകര്യമേഖലകളെ ഒഴിവാക്കുക. ഭൂമി ക്രയവിക്രയങ്ങളില്‍മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താതിരിക്കുകവനമേഖലയെ മതില്‍ കെട്ടി വേര്‍തിരിക്കുക.നിയന്ത്രണങ്ങള്‍ വിനോദ സഞ്ചാര വ്യവസായത്തെ ദോഷകരമായി ബാധിക്കാതെ നോക്കുക.പശ്ചിമഘട്ടം സംരക്ഷിക്കപ്പെടേണ്ടത് ആവശ്യമാണെങ്കിലും അതിനുവേണ്ടി തയ്യാറാക്കിയ നിര്‍ദ്ദേശങ്ങളില്‍ കര്‍ഷകരടക്കമുള്ള ജനങ്ങളെ വിശ്വാസത്തിലെടുക്കാതിരുന്നതും നിര്‍മ്മാണ നിയന്ത്രണങ്ങള്‍ വ്യവസായ നിയന്ത്രണങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ അവ്യക്തത നിലനില്‍ക്കുന്നതും; ഇ എഫ് എല്‍ നിയമത്തിന്റെ കാര്യത്തിലെന്നപോലെ അനാവശ്യമായ ഉദ്യോഗസ്ഥ ഇടപെടല്‍ ഉണ്ടാവുമോ എന്ന ഭയവും മറ്റുമാണ് ആശങ്കകള്‍ ഇത്രയും ശക്തമാകാന്‍ കാരണമെന്ന് തെളിവെടുപ്പ് യോഗത്തില്‍ സംസാരിച്ച എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എ. പറഞ്ഞു.തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കപ്പെടുമെന്ന് ഉറപ്പ് ലഭിച്ച സാഹചര്യത്തിലാണ് സമിതി തെളിവെടുപ്പ് നടത്തുന്നതെന്നും പ്രൊഫ. ഉമ്മന്‍ വ്യക്തമാക്കി. 20 മലയോര പ്രദേശങ്ങളില്‍ സമിതി തെളിവെടുപ്പ് നടത്തും. സമിതിയുടെ ശുപാര്‍ശകള്‍ ഡിസംബര്‍ 15 നകം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇനിയും നിര്‍ദേശങ്ങള്‍ നല്‍കാനുള്ളവര്‍ക്ക് തപാല്‍ മുഖേനയും വിവരങ്ങള്‍ അറിയിക്കാം. വിലാസം, കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്, പള്ളിമുക്ക്, പേട്ട പിഒ, തിരുവനന്തപുരം, 695024.
തെളിവെടുപ്പില്‍ സമിതി അംഗം പി സി സിറിയക്, എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എ, ജ്ല്ലാ കലക്ടര്‍ കെ ജി രാജു, എ.ഡി.എം. എന്‍ ടി മാത്യു, കല്‍പറ്റ നഗരസഭാ ചെയര്‍മാന്‍ പി പി ആലി, വിവിധ രാഷ്ട്രീയ-കര്‍ഷക സംഘടനാ പ്രതിനികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.