Connect with us

Wayanad

ഉന്നതാധികാര സമിതിക്കു മുന്നില്‍ പരാതിപ്രളയം

Published

|

Last Updated

കല്‍പറ്റ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് അഭിപ്രായം തേടാന്‍ വയനാട്ടിലെത്തിയ ഉന്നതാധികാര സമിതിക്കുമുന്നില്‍ പരാതിപ്രളയം. ശക്തമായ ജനവികാരമാണ് റിപ്പോര്‍ട്ടിനെതിരെ സമിതി സിറ്റിംഗില്‍ ഉയര്‍ന്നത്. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വിവിധ സംഘടനാ നേതാക്കളും വ്യക്തികളും ഉന്നതാധികാര സമിതിക്കുമുന്നില്‍ തെളിവെടുപ്പിന് ഹാജരായി. സിറ്റിംഗില്‍ പങ്കെടുത്ത ഒട്ടുമിക്ക സാമൂഹിക-രാഷ്ട്രീയ-കര്‍ഷക-സാമുദായിക പ്രതിനിധികളും കര്‍ഷകരും റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് എതിര്‍ത്തു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് ഇരുപത്തിരണ്ട് നിര്‍ദേശങ്ങളാണ് സിറ്റിംഗില്‍ ആദ്യം പ്രസംഗിച്ച ഡിസിസി പ്രസിഡന്റ് കെ.എല്‍. പൗലോസ് മുന്നോട്ടുവച്ചത്. 2011ലെ സെന്‍സസ് അനുസരിച്ച് നൂറില്‍ താഴെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ മാത്രമേ ഇഎസ്എ ആയി പ്രഖ്യാപിക്കാന്‍ പാടുള്ളൂവെന്നും കൃഷിഭൂമിയും ജനവാസ കേന്ദ്രങ്ങളും ഇഎസ്എ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനസാന്ദ്രത കണക്കാക്കുന്നത് വനഭൂമി ഒഴികെയുള്ള പ്രദേശങ്ങള്‍ കണക്കിലെടുത്താകണം. ഇഎസ്എയുടെ പത്തുകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുന്നത് ഒഴിവാക്കണം. സിമന്റ്, കമ്പി എന്നിവയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള നിര്‍ദേശം പിന്‍വലിക്കണം. കേരളത്തിന്റെ സവിശേഷ സ്വഭാവം കണക്കിലെടുത്ത് പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കമ്മിഷനെ വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പൂര്‍ണമായി തള്ളിക്കളയണമെന്ന് ജനതാദള്‍ -എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. ജോയി ആവശ്യപ്പെട്ടു. ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ വനഭൂമിയുള്ള വയനാട് ജില്ലയുടെ 70 ശതമാനത്തോളം വനവും പ്ലാന്റേഷനുകളുമാണ്. ഇവിടെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതോടെ അഞ്ചുശതമാനം പ്രദേശത്തുമാത്രമേ ജനങ്ങള്‍ക്ക് സ്വതന്ത്രമായി ജീവിക്കാന്‍ കഴിയൂ എന്ന നിലവരുമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും പി.എം. ജോയി പറഞ്ഞു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പൂര്‍ണമായി ഒഴിവാക്കണമെന്ന് മലയോര വികസന സമിതി ചെയര്‍മാനും മുന്‍എംഎല്‍എയുമായ എന്‍.ഡി. അപ്പച്ചന്‍ ആവശ്യപ്പെട്ടു. മലയോരമേഖലയിലും കാര്‍ഷികമേഖലയിലും അധിവസിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ദോഷം വരുന്ന റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ യഥാര്‍ഥ വസ്തുകള്‍ ജനങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിക്കണമെന്ന് എം.വി. ശ്രേയാംസ്‌കുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടു.
പശ്ചിമഘട്ടം സംരക്ഷിക്കപ്പെടേണ്ടത് ആവശ്യമാണെങ്കിലും അതിനുവേണ്ടി തയ്യാറാക്കിയ നിര്‍ദ്ദേശങ്ങളില്‍ കര്‍ഷകരടക്കമുള്ള ജനങ്ങളെ വിശ്വാസത്തിലെടുക്കാതിരുന്നതും നിര്‍മ്മാണ നിയന്ത്രണങ്ങള്‍, വ്യവസായ നിയന്ത്രണങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ അവ്യക്തത നിലനില്‍ക്കുന്നതും അനാവശ്യ ഉദ്യോഗസ്ഥ ഇടപെടല്‍ ഉണ്ടാകുമോ എന്ന ആശങ്കയുമാണ് ജനങ്ങളുടെ എതിര്‍പ്പിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
സ്വതന്ത്രജീവിതത്തിന് കടിഞ്ഞാണിട്ട് കൊണ്ടുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കെപിസിസി സെക്രട്ടറി കെ.കെ. ഏബ്രഹാം പറഞ്ഞു. റിപ്പോര്‍ട്ട് കര്‍ഷകവിരുദ്ധമല്ലെന്ന് പൊതുവെ തോന്നുമെങ്കിലും ഭാവിയില്‍ കര്‍ഷകവിരുദ്ധമാവുകയും ചെയ്യും വിധമാണ് രൂപപ്പെടുത്തിയിട്ടുള്ളത്. പരിസ്ഥിതി ലോല പ്രദേശങ്ങള്‍ കണ്ടെത്തിയ മാര്‍ഗം അശാസ്ത്രീയമാണെന്നും നേരിട്ടുള്ള പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജനസാന്ദ്രത കൂടിയ സ്ഥലങ്ങള്‍ ഉള്‍പ്പെട്ടത്, പരിസ്ഥിതി ആഘാതം നിശ്ചയിക്കാനുള്ള ഏജന്‍സി, ബഫര്‍ സോണ്‍, റെഡ് കാറ്റഗറി വ്യവസായങ്ങളുടെ നിരോധനം തുടങ്ങിയവ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിര്‍ദേശങ്ങള്‍ ഒഴിവാക്കണമെന്ന് കേരള കോണ്‍ഗ്രസ് -എം ജില്ലാ പ്രസിഡന്റ് കെ.ജെ. ദേവസ്യ ആവശ്യപ്പെട്ടു. ജില്ലയിലെ വില്ലേജുകളെ പരിസ്ഥിതി മൃദുല പ്രദേശത്തില്‍ നിന്ന് ഒഴിവാക്കുക, വികസനത്തിന് തടസം വരുന്ന നിര്‍ദേശങ്ങള്‍ ഒഴിവാക്കുക, യാത്രാനിരോധം ഒഴിവാക്കുക, പാരിസ്ഥിതിക ക്ലിയറന്‍സ് വേണമെന്ന വ്യവസ്ഥ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് വ്യാപകമായ ആക്ഷേപങ്ങളും പരാതികളും ലഭിച്ച സാഹചര്യത്തിലാണ് ഉന്നതാധികാര സമിതിയെ നിയോഗിച്ചത്.
പശ്ചിമഘട്ടത്തില്‍പ്പെടുന്ന കേരളത്തിലെ തിരഞ്ഞെടുത്ത 20 ഗ്രാമങ്ങളിലെത്തി ജനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് കല്പറ്റയില്‍ സിറ്റിംഗ് നടത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം മാനന്തവാടിയിലും സമിതി സിറ്റിംഗ് നടത്തിയിരുന്നു.