ചികിത്സാ പിഴവ് ചെറിയ കാര്യമല്ല

Posted on: November 28, 2013 6:00 am | Last updated: November 28, 2013 at 12:17 am

siraj copyആശുപത്രി അധികൃതരുടെ അശ്രദ്ധയും ഉദാസീനതയും മൂലമുള്ള ദുരന്തങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നു. ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനായ രോഗിക്ക് രക്തം മാറി നല്‍കിയതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചൊവ്വാഴ്ച പാപ്പനംകോട് സ്വദേശി മരിച്ചു. ‘ഒ നെഗറ്റീവ്’ ഗ്രൂപ്പുകാരനായ രോഗിക്ക് നഴ്‌സ് ‘ഒ പോസിറ്റീവ്’ രക്തം നല്‍കിയതാണ് മരണകാരണം. സമാന സംഭവം ആറ് മാസം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജിലുമുണ്ടായി. ‘ഒ പോസിറ്റീവ്’ രക്തത്തിനു പകരം നഴ്‌സ് ‘എ നെഗറ്റീവ്’ നല്‍കിയതിനാല്‍ കുറ്റിയില്‍ താഴം സ്വദേശിനിയായ സ്ത്രീയാണ് അന്ന് മരിച്ചത്. കിണറ്റില്‍ വീണ് ഗുരുതര പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരാള്‍ക്ക്, ഡോക്ടര്‍മാര്‍ യഥാസമയം ശസ്ത്രക്രിയ ചെയ്യാത്തത് മുലം ജീവന്‍ നഷ്ടമായത് ഈ വര്‍ഷം ഏപ്രിലിലായിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുമായി രക്തം സ്വീകരിച്ച എട്ട് വയസ്സുകാരിയായ കുട്ടിക്ക് എഛ് ഐ വി ബാധയുണ്ടായത് വന്‍ വിവാദമായതാണ്.
മഞ്ചേരി ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന്റെ കൈപ്പിഴയും അനാസ്ഥയും മൂലം യുവതിയുടെ ഗര്‍ഭപാത്രവും വന്‍കുടലും നീക്കം ചെയ്യേണ്ടിവന്നത്, കളമശേരി സഹകരണ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാത്തതിനെ തുടര്‍ന്നുണ്ടായ മുന്ന് പേരുടെ മരണം, കണ്ണൂര്‍ മദര്‍ ആന്‍ഡ് ചൈല്‍ഡ് ആശുപത്രിയില്‍ നവജാത ശിശുവിനെ പരിചരിക്കുന്നതില്‍ ഡോക്ടര്‍ക്ക് പറ്റിയ പിഴവ് മുലം താഴെ ചൊവ്വ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിന്റെ കേള്‍വിശക്തി നഷ്ടപ്പെട്ടത് തുടങ്ങി ഇത്തരം സംഭവങ്ങള്‍ അടുത്ത കാലത്തായി ധാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഒരു തൊഴിലെന്നതിലുപരി ജീവകാരുണ്യ പ്രവര്‍ത്തനമാണ് ആതുരശുശ്രൂഷ. തികഞ്ഞ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട അതീവ സങ്കീര്‍ണമായ പ്രക്രിയയാണത്. ശസ്ത്രക്രിയ, രക്തം നല്‍കല്‍ തുടങ്ങിയ ചികിത്സാ രീതികള്‍ വിശേഷിച്ചും. ചികിത്സയിലെ ഉദാസീനത രോഗികളുടെ ജീവന്‍ നഷ്ടപ്പെടുത്താന്‍ ഇടയാക്കുമെന്നതിനാല്‍, രോഗിക്ക് നല്‍കുന്ന മരുന്നും രക്തവും തീര്‍ത്തും അനുയോജ്യമാണോ എന്ന് ഡോക്ടര്‍മാരും നിര്‍ദേശിക്കപ്പെട്ടത് തന്നെയോ എന്ന് നഴ്‌സുമാരും ഉറപ്പ് വരുത്തേണ്ടതുണ്ട്. ഡോക്ടര്‍മാരിലും നഴ്‌സുമാരിലും പൂര്‍ണ വിശ്വാസമര്‍പ്പിച്ചാണ് രോഗികളും ബന്ധുക്കളും ആശുപത്രികളെ സമീപിക്കുന്നത്. ഈ വിശ്വാസത്തിന് ബലമേകുന്ന സമീപനവും ശ്രദ്ധാപൂര്‍വമായ പരിചരണവുമാണ് അവരില്‍ നിന്നുണ്ടാകേണ്ടത്. ചികിത്സയിലെ ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് സംഭവിക്കുന്ന നഷ്ടം പിന്നീട് പരിഹരിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഈ വസ്തുത വിസ്മരിച്ചു ചികിത്സയെ ‘കേവലം ഒരു തൊഴിലായി’ കാണുമ്പോഴാണ് അശ്രദ്ധയും ഉദാസീനതയും പിടികൂടുന്നതും പിഴവുകള്‍ സംഭവിക്കുന്നതും.
സര്‍ക്കാര്‍ ആശുപത്രികളിലാണ് ചികിത്സാ പിഴവുകള്‍ കൂടുതല്‍. സ്വകാര്യ ആശുപത്രികളിലെ പോലെ ഇവിടെ ചോദിക്കാനും പറയാനും ആളില്ലല്ലോ. അഥവാ ചികിത്സയിലെ അപാകത്തെക്കുറിച്ചു രോഗികളുടെ ബന്ധുക്കള്‍ ചോദ്യം ചെയ്യുകയോ ശിക്ഷണ നടപടികള്‍ സ്വീകരിക്കുകയോ ചെയ്താല്‍ സംഘടനാബലം കൊണ്ട് അതിനെ നേരിടാമെന്ന ധൈര്യവും ജീവനക്കാര്‍ക്കുണ്ട്. ചികിത്സാ പിഴവ് മൂലം രോഗി മരിച്ചാല്‍ ഉറ്റവരുടെ രോഷപ്രകടനം സ്വാഭാവികമാണ്. അന്നേരത്തെ അവരുടെ മാനസികാവസ്ഥ മനസ്സിലാക്കി സംയമനത്തോടെ സമീപിച്ചും കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടി പ്രഖ്യാപിച്ചും ശാന്തരാക്കുന്നതിന് പകരം ആശുപത്രി അധികൃതര്‍ പലപ്പോഴും കുറ്റക്കാരെ രക്ഷപ്പെടുത്തുന്ന നിലപാടാണ് സ്വീകരിക്കാറ്. രോഗികളുടെ ബന്ധുക്കളെ ഇത് കൂടുതല്‍ പ്രകോപിതരാക്കുന്നതിനൊപ്പം പൊതുആരോഗ്യ സംവിധാനത്തിലുള്ള ജനവിശ്വാസം നഷ്ടപ്പെടുത്താനും ഇട വരുത്തുന്നു.
ചികിത്സയിലെ ഉത്തരവാദപ്പെട്ടവരുടെ ഉദാസീനത വിദേശ രാഷ്ട്രങ്ങളില്‍ ഗൗരവതരമായ കുറ്റമായാണ് കണക്കാക്കുന്നത്. രോഗികളുടെ ആവശ്യങ്ങള്‍ മനഃപൂര്‍വം അവഗണിക്കുകയോ പരിചരണത്തില്‍ അബദ്ധങ്ങള്‍ വരുത്തുകയോ ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമുള്ള ശിക്ഷ കൂടുതല്‍ കര്‍ശനമാക്കുന്ന നിയമം ഈയിടെ ബ്രിട്ടനില്‍ നടപ്പാക്കുകയുണ്ടായി. അഞ്ച് വര്‍ഷം വരെ തടവും നഷ്ടപരിഹാരവും നിര്‍ദേശിക്കുന്ന പുതിയ നിയമം പ്രഖ്യാപിക്കുന്നതോടൊപ്പം കുറ്റവാളികള്‍ രക്ഷപ്പെടാതിരിക്കാനുള്ള എല്ലാ പഴുതുകളും അടക്കുമെന്നും ബിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഉറപ്പ് നല്‍കി. നമ്മുടെ രാജ്യത്ത് ചികിത്സാ പിഴവിനുള്ള ശിക്ഷ പരിമിതമാെന്നന്നതിന് പുറമെ പഴുതുകളും ധാരാളമുള്ളതിനാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുക അപൂര്‍വമാണ്.