Connect with us

Wayanad

ഒരു ലോഡ് കറപ്പത്തോല്‍ പിടികൂടി

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് കടത്തുകയായിരുന്ന ഒരു ലോഡ് കറപ്പതോല്‍ വാണിജ്യ നികുതി വകുപ്പ് ഇന്റലിജന്‍സ് സ്‌ക്വാഡ് പിടികൂടി. ഇന്നലെ പുലര്‍ച്ചെ 4.30 ഓടെ മാടക്കരക്ക് സമീപം താഴത്തൂരില്‍ നിന്നുമാണ് ലോറിയില്‍ കടത്തുകയായിരുന്ന കറപ്പത്തോല്‍ പിടികൂടിയത്.
വാണിജ്യ നികുതി വകുപ്പ് ഇന്റലിജന്‍സ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇഞ്ചി ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ 77 ചാക്കുകളിലായി കറപ്പത്തോല്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ലോറി ഡ്രൈവര്‍ കൊടുവള്ളി സ്വദേശി അബ്ദുറഹ്്മാന്‍ (59), തിരുവമ്പാടി സ്വദേശി ജിഷാദ് (28) എന്നിവര്‍ പിടിയിലായി. ജില്ലയിലെ തരുവണയില്‍ നിന്നും കോയമ്പത്തൂരിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നാണ് പിടിയിലായവര്‍ നല്‍കിയ വിവരം. ചെക്കുപോസ്റ്റുകള്‍ ഒഴിവാക്കുന്നതിനായി മാടക്കര-താഴത്തൂര്‍-നമ്പ്യാര്‍ക്കുന്ന് വഴി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോവാനാണ് ശ്രമം നടന്നത്.
സംഭവത്തില്‍ പിടിയിലായ കറപ്പത്തോലും രണ്ടാളുകളെയും വാണിജ്യ നികുതി വകുപ്പ് വനംവകുപ്പിന് കൈമാറി. മതിയായ രേഖകളില്ലാതെ കറപ്പത്തോല്‍ കടത്തിയ സംഭവത്തില്‍ പ്രതികളെ വൈകീട്ടോടെ സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ ഹാജരാക്കി.
വാണിജ്യ നികുതി വകുപ്പ് ഇന്റലിജന്‍സ് സ്‌ക്വാഡ് എസ്.ഐ. വി പി രമേശ്, കെ പി ശ്രീകുമാര്‍, എം എം മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കറപ്പത്തോല്‍ പിടികൂടിയത്.

Latest