Connect with us

Kannur

കണ്ണൂരില്‍ ബി ജെ പി പിളര്‍ന്നു; വിമതര്‍ നമോ വിചാര്‍ മഞ്ച് രൂപവത്കരിച്ചു

Published

|

Last Updated

കണ്ണൂര്‍: ബി ജെ പി കണ്ണൂര്‍ ജില്ലാ ഘടകം പിളര്‍ന്നു. ബി ജെ പി മുന്‍ ജില്ലാ പ്രസിഡന്റും ദേശീയ നിര്‍വാഹക സമിതിയംഗവുമായ ഒ കെ വാസു മാസ്റ്ററുടെ നേതൃത്വത്തില്‍ ഒരു വിഭാഗം നമോ വിചാര്‍ മഞ്ച് എന്ന പേരില്‍ ജില്ലാ കമ്മിറ്റി രൂപവത്കരിച്ചു. കണ്ണൂര്‍ ചേംബര്‍ ഹാളില്‍ വിളിച്ചു ചേര്‍ത്ത കണ്‍വന്‍ഷനിലാണ് നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച് വിമത വിഭാഗം നമോ വിചാര്‍ മഞ്ച് പ്രഖ്യാപനം നടത്തിയത്. ബി ജെ പി കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ മാസങ്ങളായി തുടരുന്ന ഗ്രൂപ്പ് പോര് ഒടുവില്‍ പുതിയ സംഘടനയുടെ രൂപവത്കരണത്തില്‍ കലാശിക്കുകയായിരുന്നു. ബി ജെ പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ രഞ്ജിത്ത് നടത്തിയ സാമ്പത്തിക ക്രമക്കേടും മഹിളാ മോര്‍ച്ച ജില്ലാ നേതാവും തമ്മിലുള്ള അവിഹിത ബന്ധവുമാണ്് ജില്ലാ കമ്മിറ്റിയില്‍ വിഭാഗീയതക്ക് തുടക്കം കുറിച്ചത്. ആരോപണ വിധേയനായ ജില്ലാ പ്രസിഡന്റിനെ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ഒരു വിഭാഗം ശക്തമായി വാദിച്ചതോടെ പ്രശ്‌നം രൂക്ഷമാകുകയായിരുന്നു. ഇതേ തുടര്‍ന്ന് രഞജിത്ത് വിരുദ്ധ വിഭാഗം ബി ജെ പി ദേശീയ, സംസ്ഥാന ഘടകത്തിന് പരാതി നല്‍കിയെങ്കിലും നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് പുതിയ സംഘടനക്ക് രൂപം നല്‍കിയത്.
ജില്ലാ കമ്മിറ്റിയില്‍ ഉടലെടുത്ത വിഭാഗീയത പിന്നീട് കീഴ്ഘടകങ്ങളിലേക്കും വ്യാപിച്ചു. വിമത വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മണ്ഡലം ശാഖാ തലങ്ങളില്‍ കണ്‍വന്‍ഷനും വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു മാസം മുമ്പ് ബി ജെ പി ശക്തികേന്ദ്രങ്ങളിലൊന്നായ പാനൂരില്‍ വിളിച്ചു ചേര്‍ത്ത മണ്ഡലം കണ്‍വന്‍ഷനില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. ഇതിനിടയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വേദി കൈയേറി ഒ കെ വാസു മാസ്റ്റര്‍, എ കെ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. ഇതാണ് പെട്ടെന്ന് തന്നെ ജില്ലാ ഘടകം രൂപവത്കരിക്കാന്‍ വിമത വിഭാഗം തയാറാകാന്‍ കാരണം. കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ചേര്‍ന്ന നമോവിചാര്‍ മഞ്ച് ജില്ലാ കണ്‍വന്‍ഷനില്‍ 600ഓളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. ബി ജെ പി മുന്‍ ജില്ലാ പ്രസിഡന്റുമാരായ എം കെ ശശീന്ദ്രന്‍, പി കെ ശ്രീകുമാര്‍, എ അശോകന്‍, എ കെ ഗോവിന്ദന്‍, സി ഒ ഗംഗാധരന്‍ മാസ്റ്റര്‍ തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെ ജില്ലാ, മേഖലാ ഭാരവാഹികളും പങ്കെടുത്തു.