ഉക്രെയിന്‍ പ്രതിപക്ഷ നേതാവ് അനിശ്ചിതകാല നിരാഹാരത്തില്‍

Posted on: November 27, 2013 12:16 am | Last updated: November 26, 2013 at 11:48 pm

കീവ്: യൂറോപ്യന്‍ യൂനിയനുമായി വ്യാപാര കരാറില്‍ ഒപ്പുവെക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ജയിലില്‍ കഴിയുന്ന ഉക്രെയിന്‍ പ്രതിപക്ഷ നേതാവ് യൂലിയ ടൈമോഷെന്‍കോ നിരാഹര സമരത്തില്‍. രാജ്യത്ത് രൂക്ഷമായ യൂറോപ്യന്‍ അനുകൂല പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖാപിച്ച് കൊണ്ടാണ് യൂലിയയുടെ നിരാഹാരം. സമരക്കാര്‍ അയച്ച കത്തിലാണ് യൂലിയ ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാറിനും ഉക്രൈന്‍ പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ചിനെതിരെയും രൂക്ഷമായ വിമര്‍ശമാണ് യൂലിയ നടത്തിയത്.
‘യൂറോപ്യന്‍ യൂനിയനുമായി വ്യാപാര കരാറില്‍ ഒപ്പുവെച്ച് യൂറോപ്പുമായി ഉക്രൈനിനുള്ള ചരിത്രപരമായ ബന്ധം നിലനിര്‍ത്താന്‍ പ്രസിഡന്റ് തയ്യാറാകണം.’ യൂലിയ പറഞ്ഞു. ജനങ്ങളുടെ ഹിതത്തിനെതിരായ തീരുമാനങ്ങള്‍ പിന്‍വലിക്കുന്നത് വരെ താന്‍ അനിശ്ചിതകാലം നിരാഹാരം കിടക്കുമെന്നും മുന്‍ പ്രധാനമന്ത്രികൂടിയായ അവര്‍ വ്യക്തമാക്കി.
അതിനിടെ, കീവ് അടക്കമുള്ള നഗരങ്ങളില്‍ യൂറോപ്യന്‍ അനുകൂലികളായ പ്രക്ഷോഭം കൂറ്റന്‍ റാലികള്‍ നടത്തി. പലയിടത്തും പ്രക്ഷോഭകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ആക്രമണങ്ങളില്‍ നിരവധി പോലീസുകാര്‍ക്ക് പരുക്കേറ്റതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.