Kerala
ദേശീയ പാത വികസനം: ജനങ്ങളുടെ ആശങ്കയകറ്റണം: എസ് വൈ എസ്
കോഴിക്കോട്: ദേശീയപാത വികസനത്തിനായി സ്ഥലമേറ്റെടുക്കുന്ന കാര്യത്തില്‍ ഇരകളുടെ ആശങ്ക കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഗൗരവത്തിലെടുക്കണമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടേറിയറ്റ്. ദേശീയ പാത വികസനത്തിനായി തയ്യാറാക്കിയ അലൈന്‍മെന്റില്‍ മാറ്റം വരുത്തണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം തള്ളിയ ദേശീയ പാത അതോറിറ്റിയുടെ നിലപാട് ദൗര്‍ഭാഗ്യകരമാണ്. രാജ്യത്ത് എല്ലായിടത്തും അലൈന്‍മെന്റിന് ഒരേ മാനദണ്ഡമാണെന്ന അതോറിറ്റിയുടെ നിലപാട് യുക്തിഭദ്രമല്ല. വികസന പ്രവര്‍ത്തനങ്ങള്‍ നീതി പൂര്‍വകമാകണമെങ്കില്‍ ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങള്‍ വിലയിരുത്തി കാര്യങ്ങള്‍ തീരുമാനിക്കേണ്ടതുണ്ട്. സ്ഥലപരിമിതിയും ജനസാന്ദ്രതയും വെല്ലുവിളി ഉയര്‍ത്തുന്ന കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളിലേതിന് സമാനമായ മാനദണ്ഡം അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും എസ് വൈ എസ് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ സാമൂഹിക സാഹചര്യങ്ങളും മറ്റും കണക്കിലെടുക്കാതെ കേരളത്തിന് പുറത്തുള്ളവരാണ് അലൈന്‍മെന്റ് തയ്യാറാക്കിയത്. ഇതിനാല്‍ തന്നെ വൈകല്യങ്ങളേറെയാണ്.
നേരത്തെ തയ്യാറാക്കിയ അലൈന്‍മെന്റ് അടിസ്ഥാനമാക്കി ദേശീയ പാത വികസിപ്പിക്കുമ്പോള്‍ പള്ളികളും മദ്‌റസകളും ക്ഷേത്രങ്ങളും ചര്‍ച്ചുകളും ഉള്‍പ്പെടെ നിരവധി ആരാധനാലയങ്ങള്‍ പൊളിച്ച് നീക്കേണ്ടി വരും. ഇത് പരമാവധി ഒഴിവാക്കാനാണ് അലൈന്‍മെന്റില്‍ മാറ്റം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. ഈ നിര്‍ദേശം ദേശീയ പാത അതോറിറ്റി തള്ളിയതോടെ ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കുന്ന സാഹചര്യമുണ്ടാകും. ഇതൊഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. നിര്‍ബന്ധിത സാഹചര്യത്തില്‍ പൊളിച്ചു നീക്കേണ്ടി വരുന്ന ആരാധനാലയങ്ങള്‍ക്ക് പകരം സ്ഥലം ലഭ്യമാക്കി സര്‍ക്കാര്‍ ചെലവില്‍ പുതിയത് നിര്‍മിച്ചു നല്‍കണം.
ദേശീയ പാത മുപ്പത് മീറ്ററില്‍ വികസിപ്പിക്കുന്നതിന് തന്നെ സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കണം. വിപണി വില ഉറപ്പ് വരുത്തി പുനരധിവാസ പാക്കേജ് തയ്യാറാക്കണം. കിടപ്പാടവും ഭൂമിയും നഷ്ടപ്പെടുന്നവരുടെ ആശങ്ക സര്‍ക്കാര്‍ മുഖവിലക്കെടുക്കണം. നഷ്ടപരിഹാരം നല്‍കിയ ശേഷമേ ഭൂമി ഏറ്റെടുക്കൂവെന്ന പൊതുമരാമത്ത് മന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗം സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി പി സൈതലവി മാസ്റ്റര്‍ , സുലൈമാന്‍ സഖാഫി മാളിയേക്കല്‍, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, സി പി സൈതലവി മാസ്റ്റര്‍, മജീദ് കക്കാട്, മുസ്തഫ കോഡൂര്‍, സയ്യിദ് ത്വാഹാ സഖാഫി സംബന്ധിച്ചു.


