മെട്രോ റെയില്‍ വേണോ? കുടിവെള്ളം വേണോ?

Posted on: November 27, 2013 6:00 am | Last updated: November 26, 2013 at 10:35 pm

ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ 2006ല്‍ നടത്തിയ പരിസ്ഥിതി പ്രത്യാഘാത പഠനപ്രകാരം കൊച്ചി മെട്രോ നടത്തിപ്പ് പരിസ്ഥിതി സൗഹൃദപരമായിരുന്നു. മുറിച്ചുമാറ്റുന്ന മരങ്ങള്‍ക്ക് പകരം മരം നടല്‍, ഗ്രീന്‍ റിബ്ബണ്‍, സ്റ്റേഷനുകള്‍, പൂങ്കാവനങ്ങള്‍, ജല- വായു മലിനീകരണ തോത് കുറക്കാന്‍ മോനിറ്ററിംഗ് സെന്ററുകള്‍ തുടങ്ങി ഒരുപാട് കാര്യങ്ങള്‍ പദ്ധതി അവസാനിക്കുന്നതോടെ പൂര്‍ത്തിയാകും. അങ്ങനെ പരിസ്ഥിതിസൗഹൃദമായ ഒരു പദ്ധതി എന്ന നിലയില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് പരിസ്ഥിതി അനുമതി ലഭിക്കുക എന്നത് ഒരു പ്രശ്‌നമല്ലായിരുന്നു.
എന്നാല്‍ ഇപ്പോള്‍ പദ്ധതിക്കായി നാല് ലക്ഷം ക്യൂബിക് മീറ്റര്‍ മണല്‍ ഭാരതപ്പുഴയില്‍ നിന്നും പെരിയാറില്‍ നിന്നും ശേഖരിക്കാനൊരുങ്ങുന്നു എന്നത് കൊച്ചി മെട്രോ പരിസ്ഥിതി നശീകരണ പദ്ധതിയാകുമോ എന്ന ആശങ്കയുണര്‍ത്തുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെടുത്ത തീരുമാനത്തിലൂടെ യു ഡി എഫ് സര്‍ക്കാര്‍ അത്തരമൊരു സന്ദേശമാണ് നല്‍കുന്നത്. നിയമങ്ങളെ രാഷ്ട്രീയമായി നേരിടുകയും അട്ടിമറിക്കുകയും ചെയ്യുക എന്നതുതന്നെയാണ് ലക്ഷ്യം. കൊച്ചി മെട്രോ വായുമലിനീകരണത്തിനും ഗതാഗതക്കുരുക്കിനും പരിഹാരമെന്ന് എല്ലാവരും വിശ്വസിക്കുന്നു. എന്നാല്‍ അത് നടപ്പാക്കാന്‍ മറ്റൊരു പരിസ്ഥിതി പ്രശ്‌നം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്.
ഭാരതപ്പുഴയും പെരിയാറും കേരളത്തിലെ ഏറ്റവും നീളം കൂടിയ നദികളാണ്. ഈ രണ്ട് നദികളും രൂക്ഷമായ മണല്‍വാരല്‍ മൂലം നാശോന്മുഖമായിക്കൊണ്ടിരിക്കുകയുമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക, വ്യാവസായിക, കാര്‍ഷിക, സാംസ്‌കാരിക മണ്ഡലങ്ങളിലും കുടിവെള്ളം, വൈദ്യുതി എന്നിവയുടെ വിതരണത്തിലും ഈ രണ്ട് നദികളും കഴിഞ്ഞേ മറ്റു നദികള്‍ക്ക് സ്ഥാനമുള്ളൂ.
നമ്മുടെ അണക്കെട്ടുകളില്‍ പലതും പണി തീര്‍ത്തിരിക്കുന്നത് എം സാന്‍ഡ് ഉപയോഗിച്ചാണ്. കേരളത്തിന് പുറത്ത് നിന്നും കുറഞ്ഞ വിലക്ക് മണല്‍ ലഭിക്കുന്ന സ്ഥിതി ഉണ്ടായിട്ടും കേരളത്തിന്റെ ജീവനാടികളായ പെരിയാറിനെയും ഭാരതപ്പുഴയെയും മണലിന് വേണ്ടി ഖനനം ചെയ്യാന്‍ ഒരുങ്ങുന്നത് ആശാസ്ത്രീയവും ജനവിരുദ്ധവുമാണ്.
മെട്രോ പദ്ധതിക്കായി പെരിയാറിനെയും ഭാരതപ്പുഴയെയും കുഴിച്ച് ഇല്ലാതാക്കുന്നതോടെ അവയുടെ മരണം ഉറപ്പാകും. നഗരവത്കണത്തിന്റെ പേരില്‍ ഗ്രാമങ്ങളിലെ നദികളെ നശിപ്പിച്ചല്ലാതാക്കുന്നത് സംസ്‌കാരമുള്ള ഒരു സമൂഹത്തിന് യോചിച്ചതല്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഏതാനും ഉദ്യോഗസ്ഥര്‍ തീരുമാനമെടുത്തെന്ന് കരുതി കോടതി ഉത്തരവുകളും നിയമവ്യവസ്ഥയും അട്ടിമറിക്കാന്‍ കഴിയുമോ? കാര്യങ്ങള്‍ ഇത്ര എളുപ്പമാണെങ്കില്‍ സംസ്ഥാനത്ത് ഏത് നിയമത്തിലും കോടതിവിധികളിലും ഇളവുകളും കുറുക്കുവഴികളും നേടാന്‍ 2013 ഒക്‌ടോബര്‍ 31ലെ പോലെ ആവശ്യക്കാരുടെ യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് ധാരണയാക്കി പ്രശ്‌നം മന്ത്രിസഭക്ക് വിട്ടാല്‍ മതിയല്ലോ. ഭരിക്കുന്ന പാര്‍ട്ടിക്ക് എന്തും ചെയ്യാം എന്ന ഒരു ലൈസന്‍സായി മാത്രമേ ഇത്തരം സംഭവങ്ങളെ കാണാന്‍ കഴിയുകയുള്ളൂ. ഇത് മന്ത്രിമാര്‍ അധികാരമേറ്റെടുക്കുമ്പോള്‍ നടത്തിയ സത്യപ്രതിജ്ഞക്ക് വിരുദ്ധമല്ലേ? മെട്രോ പദ്ധതി അനിവാര്യമാണ്. എന്നാല്‍, പദ്ധതിക്കായി സംസ്ഥാനത്തിന്റെ കുടിവെള്ള സ്രോതസ്സുകള്‍ നശിപ്പിക്കാമോ?
നാലര ലക്ഷം ക്യൂബിക് മീറ്റര്‍ മണല്‍ പെരിയാറില്‍ നിന്നും ഭാരതപ്പുഴയില്‍ നിന്നും കുഴിച്ചെടുത്താല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉടലെടുക്കില്ലേ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഗതാഗത മന്ത്രി പറഞ്ഞത് ‘ഇതില്‍ കൂടുതല്‍ മണല്‍ ഇവിടങ്ങളില്‍ നിന്ന് അനധികൃതമായി കടത്തുന്നില്ലേ’ എന്നാണ്. അതായത് സര്‍ക്കാറിന് അറിയാമായിരുന്നിട്ടും നടപടിയെടുക്കാതെ മറ്റുള്ളവര്‍ അനധികൃതമായി കടത്തുന്നത് പോലെ സര്‍ക്കാറിനും കടത്താമെന്ന തരത്തിലുള്ള ഉത്തരമായിപ്പോയി അത്. നിയമലംഘനത്തിനു നേരെ കണ്ണടക്കുക മാത്രമല്ല, അത് മാതൃകയാക്കി സര്‍ക്കാറും നിയമലംഘനത്തിന് മുതിരുക!
ഒരുപക്ഷേ ഈ നിലപാട് കൊല്ലം, ആലപ്പുഴ ജില്ലകളിലെ അനധികൃത കരിമണല്‍ കടത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചാല്‍ നമ്മുടെ കടലോര മേഖലയില്‍ നിന്ന് കരിമണല്‍ ഖനനത്തിനുള്ള അധികാരം സ്വകാര്യ കമ്പനികളിലെത്തിച്ചേരും. സ്വകാര്യ കമ്പനിയുടെ ആര്‍ത്തി നമ്മുടെ കടലോരത്തെ നശിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത് കടലാക്രമണത്തിനും മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗം അടയുന്നതിനും ഇടവരുത്തും.
ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ അനിയന്ത്രിതമായ ഖനനത്തിനെതിരെ 2013 ഒക്‌ടോബര്‍ ഏഴിന് ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഏത് തരം ഖനനമായാലും നമ്മുടെ രാജ്യത്ത് ഖനനം നടത്തണമെങ്കില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചതും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് മാനിച്ചും സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചതുമായ കമ്മിറ്റിയുടെ പരിസ്ഥിതി ക്ലിയറന്‍സ് അത്യാന്താപേക്ഷിതമാണെന്നാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടിരിക്കുന്നത്. ഖനന പ്രദേശം അഞ്ച് ഹെക്ടറിന് താഴെയായാലും മുകളിലായാലും പരിസ്ഥിതി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കയാണ്. ഇത് കൂടാതെ ഇന്ത്യയിലെ യമുന, ഗംഗ, ചംബല്‍, ഗോമതി, രേവതി തുടങ്ങിയവയിലെ രൂക്ഷമായ മണല്‍ വാരലുമായി ബന്ധപ്പെട്ട കേസില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ 2013 ആഗസ്റ്റ് അഞ്ചാം തീയതി ഒരു ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഒരു നദിയില്‍ നിന്ന് വ്യക്തികളോ കമ്പനികളോ ഏതെങ്കിലും അതോറിറ്റിയോ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിസ്ഥിതി അനുമതിയില്ലാതെ യാതൊരു കാരണവശാലും മണല്‍ നീക്കം ചെയ്യാന്‍ പാടില്ലെന്നാണ് ഉത്തരവ് അനുശാസിക്കുന്നത്.
അശാസ്ത്രീയവും വികലവുമായ പഠനങ്ങളെയാണ് സര്‍ക്കാര്‍ മണല്‍ വാരാന്‍ ആധാരമാക്കുന്നത്. നിയമത്തെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തന്നെ ലൊട്ടുലോടുക്ക് വിദ്യകള്‍ പ്രയോഗിക്കുന്നത് ലജ്ജാകരവും ജനവിരുദ്ധവുമാണ്. വേലി തന്നെ വിള തിന്നുന്ന അവസ്ഥ. ഓരോ വര്‍ഷവും മണല്‍ വാരുന്ന നദികളിലെ കടവുകളില്‍ കാലവര്‍ഷക്കാലത്ത് ഒഴുകിയെത്തുന്ന മണലിന്റെ അളവും കടവുകളുടെ എണ്ണവും ശാസ്ത്രീയമായ പഠനം നടത്തി തീരുമാനിക്കണമെന്ന് കേരള ഹൈക്കോടതി തന്നെ വിധിച്ചിട്ടുണ്ട്. ഇത് കൂടാതെ ഓരോ വര്‍ഷവും കടവുകള്‍ മാറിമാറി നല്‍കണമെന്നും മണല്‍ വാരല്‍ വഴി നദിയെ നശിപ്പിക്കരുതെന്നും പുഴയുടെ അടിത്തട്ട് പൊളിച്ച് മണല്‍ വാരരുതെന്നും യന്ത്ര സാമഗ്രികള്‍ മണല്‍വാരാന്‍ ഉപയോഗിക്കരുതെന്നും പുഴയുടെ മധ്യഭാഗത്ത് നിന്നു മാത്രമേ മണലെടുക്കാവൂ എന്നും രാത്രികാലങ്ങളില്‍ മണല്‍ വാരരുതെന്നും തുടങ്ങി പുഴ സംരക്ഷണത്തിനായി ഒട്ടനവധി കാര്യങ്ങള്‍ 2001ലെ നദീതീര സംരക്ഷണ, മണല്‍ വാരല്‍ നിയന്ത്രണ നിയമത്തില്‍ അനുശാസിക്കുന്നുണ്ട്.
ഇപ്പോള്‍ ഈ രണ്ട് പുഴകളില്‍ നിന്ന് മണല്‍ വാരണമെങ്കില്‍ കേരള ഹൈക്കോടതി വിധികളും സുപ്രീം കോടതി വിധികളും നാഷനല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ വിധികളും അട്ടിമറിക്കേണ്ടിവരും. ഇപ്പോള്‍ തന്നെ മണല്‍വാരി പുഴകളുടെ അടിത്തട്ട് സമുദ്ര നിരപ്പില്‍ നിന്ന് താഴെ പോയതിനാല്‍ കായലില്‍ നിന്നും കടില്‍ നിന്നും വേലിയേറ്റ സമയത്ത് നദികളിലേക്ക് ഉപ്പ് വെള്ളം കയറുമെന്നുറപ്പാണ്. അതുകൊണ്ടാണ് കുടിവെള്ളം വേണോ മെട്രോ റെയില്‍ വേണോ എന്ന് തീരുമാനിക്കേണ്ടിവരും. ഈ സാഹചര്യത്തില്‍ ഇന്നത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനി മരം, സിമന്റ്, ഗ്രാനൈറ്റ്, മാര്‍ബിള്‍ എന്നിവ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ രാജ്യങ്ങളില്‍ നിന്നോ കൊണ്ടുവരുന്നതുപോലെ മെട്രോ റെയില്‍ നിര്‍മാണത്തിനും മണല്‍ പുറത്തുനിന്ന് ഇറക്കുമതി ചെയ്യണം. ഭാരതപ്പുഴയും പെരിയാറും ഇനിയും മണലിന് വേണ്ടി കുത്തിക്കുഴിച്ച് നശിപ്പിക്കരുത്.