Connect with us

National

ആധാര്‍ കാര്‍ഡിനെതിരെ വീണ്ടും സുപ്രീംകോടതി;സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡി നിര്‍ബന്ധമാക്കിയതിനെതിരെ വീണ്ടും സുപ്രീംകോടതി. നിയമ പ്രാബല്യമില്ലാതെ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത് എന്തിനെന്നു വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നോട്ടീസയച്ചു. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്നും സംസ്ഥാന സര്‍ക്കാരുകളാണ് അത് നിര്‍ബന്ധമായി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വിശദീകരണം തേടി സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്. ഡിസംബര്‍ പത്തിനു കേസ് വീണ്ടും പരിഗണിക്കും.

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനാവില്ലെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ചത്. എന്നാല്‍, ആധാറിന് നിയമപ്രാബല്യം ഉണ്ടാകുന്നതു വരെ അത് നിര്‍ബന്ധമാക്കാനാവില്ലെന്നു കോടതി വ്യക്തമാക്കുകയായിരുന്നു. ഇപ്പോള്‍ നല്‍കുന്ന ആധാര്‍ കാര്‍ഡുകള്‍ നിയമവിധേയമല്ലെങ്കില്‍ ഇത് നല്‍കുന്നതെന്തിനെന്നു സര്‍ക്കാര്‍ തന്നെ ആലോചിക്കണം. സ്വമേധയാ ആധാര്‍ നല്‍കിയാല്‍ അതിന്റെ പ്രത്യാഘാതം വ്യത്യസ്തമായിരിക്കുമെന്നും കോടതി നിരീക്ഷിച്ചു. സ്വകാര്യ ഏജന്‍സികള്‍ ആധാര്‍ എന്റോള്‍മെന്റ് നടത്തുന്നത് ഗൗരവകരമായ വിഷയമാണെന്നും ജസ്റ്റീസുമാരായ ബി എസ് ചൗഹാന്‍, എസ് എ ബോബ്‌ഡെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

 

Latest