അഭിപ്രായ വ്യത്യാസങ്ങള്‍ അക്രമത്തിലേക്ക് നീങ്ങരുത്: ഹൈദരലി തങ്ങള്‍

Posted on: November 26, 2013 6:00 am | Last updated: November 26, 2013 at 7:31 pm

hyder-ali-thangalമലപ്പുറം: അഭിപ്രായ വ്യത്യാസങ്ങള്‍ അക്രമത്തിലേക്കും നശീകരണ പ്രവര്‍ത്തനങ്ങളിലേക്കും നീങ്ങുന്ന പ്രവണത സമൂഹത്തില്‍ ഇല്ലാതാക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ആദര്‍ശപരമോ, വ്യക്തികളുടെയും സംഘടനകളുടെയും നയനിലപാടുകളുടെയോ കുടുംബപ്രശ്‌നങ്ങളുടെയോ പേരിലോ ഉള്ള തര്‍ക്കങ്ങള്‍ പരസ്പര നാശത്തിനും പ്രതികാര നടപടികള്‍ക്കും ഇടയാക്കുന്നത് ഖേദകരമാണ്. സമാധാനവും ക്ഷമയും സഹനവും പഠിപ്പിക്കുന്ന ഒരു ആദര്‍ശത്തിന്റെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നത് ഭൂഷണമല്ല. ‘മനുഷ്യര്‍ക്കുവേണ്ടി നിയുക്തമായ ഉത്തമ സമുദായം’ എന്ന പരിശുദ്ധ ഖുര്‍ആനിന്റെ വിശേഷണം വിസ്മരിക്കപ്പെട്ടു കൂടാ. ജനങ്ങള്‍ക്കിടയില്‍ ഐക്യവും സമാധാനവും നിലനിര്‍ത്തേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്. നന്മയുടെ മാര്‍ഗമാണ് പരിശുദ്ധ ഇസ്‌ലാമിന്റെത്. താത്കാലിക നേട്ടങ്ങള്‍ക്കായി അക്രമ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവര്‍ സമൂഹത്തിന്റെ എക്കാലത്തെയും സ്വസ്ഥതയും സൈ്വരജീവിതവുമാണ് തകര്‍ക്കുന്നത്. എത്ര പ്രകോപനപരമായ അന്തരീക്ഷത്തിലും സമാധാനം കൈവിടാതിരിക്കാനും ക്ഷമാപൂര്‍വം പ്രശ്‌നങ്ങളെ സമീപിക്കാനും കഴിയണം. സംഘര്‍ഷങ്ങള്‍ വളര്‍ത്താനല്ല, സൗഹൃദാന്തരീക്ഷം സ്ഥാപിക്കാനാണ് എല്ലാവരും പരിശ്രമിക്കേണ്ടതെന്ന് തങ്ങള്‍ ആഹ്വാനം ചെയ്തു.