Connect with us

Kozhikode

വേളത്ത് മുസ്‌ലിം ലീഗിലെ വിഭാഗീയത തെരുവിലേക്ക്

Published

|

Last Updated

കുറ്റിയാടി: വേളം പഞ്ചായത്ത് മുസ്‌ലിം ലീഗിലെ വിഭാഗീയത തെരുവിലേക്ക്. ഗ്രാമ പഞ്ചായത്ത് വാഹനത്തിലെ ഡ്രൈവറായ മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ നല്ലിക്കുന്നത്ത് അശ്‌റഫിനെ പ്രസിഡന്റ് പുറത്താക്കിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഉടലെടുത്ത വിഭാഗീയതയാണ് രൂക്ഷമായിതുടരുന്നത്.
അശ്‌റഫിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ഇന്നലെ നൂറോളം മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പൂളക്കൂലില്‍ പ്രകടനം നടത്തി. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ മാസം 29ന് ജില്ലാ കമ്മിറ്റി പഞ്ചായത്ത് ലീഗ് കൗണ്‍സില്‍ വിളിച്ചിട്ടുണ്ട്. അതിനിടെ പ്രസിഡന്റിന്റെ ഏകപക്ഷീയമായ നിലപാടില്‍ പ്രതിഷേധിച്ച് യു ഡി എഫിലെ ഏഴ് അംഗങ്ങള്‍ യു ഡി എഫ് കണ്‍വീനര്‍ക്ക് രാജി സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.
നിലവില്‍ ലീഗ് ഭരിക്കുന്ന പഞ്ചായത്തില്‍ കോണ്‍ഗ്രസിനും ലീഗിനും കൂടി ഒമ്പത് അംഗങ്ങളാണുള്ളത്. നിലവിലെ ഡ്രൈവറെ ഒരു നിലക്കും പഞ്ചായത്ത് വാഹനത്തില്‍ കയറ്റില്ലെന്ന വാശിയിലാണ് പ്രസിഡന്റും അവരെ അനുകൂലിക്കുന്നവരും. എന്നാല്‍ ഡ്രൈവറെ പിരിച്ചുവിടാന്‍ അനുവദിക്കില്ലെന്നാണ് മറുപക്ഷം വാദിക്കുന്നത്.
സി പി എം പ്രധാന പ്രതിപക്ഷമായ വേളത്ത് എട്ട് അംഗങ്ങളാണ് ഉള്ളത്. ഇതില്‍ ഒരാള്‍ ജമാഅത്ത് പിന്തുണയുള്ള സ്വതന്ത്രനാണ്. ഇന്നലെ നടന്ന മുസ്‌ലിം ലീഗ് പ്രകടനത്തിന് എം പി അഹ്മദ് മൗലവി, ചാമയില്‍ സൂപ്പി, കപ്പച്ചേരി മൊയ്തു, സി എന്‍ ഇബ്‌റാഹിം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Latest