Connect with us

National

ചിട്ടി കുംഭകോണം: കുനാല്‍ ഘോഷിന് ജാമ്യമില്ല

Published

|

Last Updated

കൊല്‍ക്കത്ത: ശാരദാ ചിട്ടിക്കമ്പനി കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം പി കുനാല്‍ ഘോഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കുകയും ചെയ്തു. ശനിയാഴ്ച രാത്രിയാണ് ഘോഷിനെ അറസ്റ്റ് ചെയ്തത്.
ബിധാന്‍നഗറിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അപുര്‍ബ കുമാര്‍ ഘോഷ് ആണ് ജാമ്യാപേക്ഷ തള്ളിയത്. രാഷ്ട്രീയക്കാരനും എം പിയുമെന്ന നിലയില്‍ പ്രശസ്തനായ കുനാല്‍ ഘോഷിനെ കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് കോടതിയില്‍ ഹാജരാക്കിയത്. രാജ്യസഭാംഗമായ ഘോഷിനെ പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ സെപ്തംബറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
“ബ്രോഡ്കാസ്റ്റ് വേള്‍ഡ്‌വൈഡ്” എന്ന കമ്പനിയുടെ ജനറല്‍ മാനേജര്‍ ഫയല്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് ഘോഷിനെ അറസ്റ്റ് ചെയ്തത്. ശാരദാ ഗ്രൂപ്പിന്റെ മാധ്യമ വിഭാഗത്തിന്റെ സി ഇ ഒ ആയ ഘോഷിനെതിരെ ഐ പി സി 420 (വഞ്ചന), ഐ പി സി 406 (ക്രിമിനല്‍ വിശ്വാസവഞ്ചന), ഐ പി സി 120 ബി (ഗൂഢാലോചന) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. തന്നോടുള്ള പോലീസിന്റെ ക്രൂരമായ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് ഉപവസിക്കുകയാണെന്ന് കോടതിക്ക് പുറത്തു വെച്ച് ഘോഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് കുനാല്‍ ഘോഷ്, ബിധാന്‍ നഗറിലെ പോലീസ് കമ്മീഷണറേറ്റിലെ ഡിറ്റക്ടീവ് വകുപ്പില്‍ ഡെപ്യൂട്ടി കമ്മീഷണറായ അര്‍ണബ് ഘോഷിനെതിരെ ക്രിമിനല്‍ ഗൂഢാലോചനക്ക് പരാതി നല്‍കിയിരുന്നു. ഒരു ചോദ്യാവലി തന്ന് അതിന് മറുപടി നല്‍കാന്‍ അര്‍ണബ് ഘോഷ് തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് കുനല്‍ ഘോഷ് പരാതിപ്പെട്ടിരുന്നു.

Latest