കെ എസ് ആര്‍ ടി സി കൊറിയര്‍ സര്‍വീസ്: യാഥാര്‍ഥ്യമാകുന്നു

Posted on: November 25, 2013 12:35 am | Last updated: November 25, 2013 at 12:35 am

പാലക്കാട്:കെ എസ് ആര്‍ ടി സി ബസിലൂടെ കൊറിയര്‍ സര്‍വീസ് എന്ന പ്രഖ്യാപനം ഒടുവില്‍ യാഥാര്‍ഥ്യമാകുന്നു. കരാര്‍ അടിസ്ഥാനത്തില്‍ സ്വകാര്യ ഓപ്പറേറ്റര്‍മാരെ ഏല്‍പ്പിക്കാനുദ്ദേശിക്കുന്ന പദ്ധതിക്കായി ഡിസംബര്‍ ആദ്യം ടെന്‍ഡര്‍ വിളിച്ചേക്കും.
ബസുകളില്‍ പാഴ്‌സലുകള്‍ കൊണ്ടുപോകാനുള്ള സൗകര്യവും ഡിപ്പോകളില്‍ ഇവ ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള സ്ഥല സൗകര്യവും കോര്‍പറേഷന്‍ നല്‍കും. ഓരോ രണ്ട് വര്‍ഷവും ടെന്‍ഡര്‍ വിളിച്ച് കരാര്‍ പുതുക്കും. കോര്‍പറേഷന്റെ 2,000 ബസുകളില്‍ ഇപ്പോള്‍ത്തന്നെ കൊറിയര്‍ ബോക്‌സുകള്‍ ഉണ്ട്. ഇവ ഇല്ലാത്ത ബസുകളിലും സൗകര്യമൊരുക്കി സേവനം സജീവമാക്കും.
സാമ്പത്തിക പ്രതിസന്ധിമൂലം വലയുന്ന കെ എസ് ആര്‍ ടി സിക്ക് ചെറിയ ആശ്വാസമെങ്കിലും പകരാന്‍ ഈ പദ്ധതിക്കാകുമെന്ന് അധികൃതര്‍ കരുതുന്നു. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും വരെ സര്‍വീസ് ഉണ്ടെന്നതും അടിസ്ഥാന സൗകര്യങ്ങളുള്ളതും പദ്ധതി ലാഭകരമാക്കുമെന്ന പ്രതീക്ഷയേകുന്നു.
കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ബസ് സര്‍വീസുകളില്‍ ഇതു വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. കര്‍ണാടക 2002ല്‍ ഈ പദ്ധതിക്കു തുടക്കമിട്ടതാണ്. എറണാകുളത്ത് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച അന്നത്തെ മന്ത്രി കെ ബി.ഗണേഷ്‌കുമാര്‍ പദ്ധതി എത്രയും വേഗം നടപ്പാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
വന്‍ നഷ്ടത്തിലേക്കു കോര്‍പറേഷന്‍ കൂപ്പു കുത്തിയതോടെ കൊറിയര്‍ സര്‍വീസ് നീക്കം പാതിവഴിയില്‍ ഉപേക്ഷിച്ചു. തമിഴ്‌നാട്ടില്‍ സി കൊറിയര്‍ ആന്‍ഡ് പാഴ്‌സല്‍ സര്‍വീസ് എന്ന പേരില്‍ കഴിഞ്ഞ ഡിസംബറിലാണ് സ്‌റ്റേറ്റ് എക്‌സ്പ്രസ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (എസ് ഇടി സി) സേവനം ആരംഭിച്ചത്. ആറ് മാസത്തിനുള്ളില്‍ ജനങ്ങളുടെ വിശ്വാസം പിടിച്ചു പറ്റിയ പദ്ധതി ലാഭംനേടി കൂടുതല്‍ പ്രദേശങ്ങളിലേക്ക് എത്തുകയാണിപ്പോള്‍.
തമിഴ്‌നാട്ടിലും കര്‍ണാടകയിലും ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ നേരിട്ടാണ് സര്‍വീസ് നടത്തുന്നത്. പാഴ്‌സലുകള്‍ കയറ്റുന്നതും ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഇറക്കിക്കൊടുക്കുന്നതുമൊക്കെ ജീവനക്കാരുടെ സഹായത്തോടെയാണ്.