Connect with us

Kasargod

ജനസമ്പര്‍ക്കം: അവശരായവര്‍ക്ക് പ്രത്യേക സൗകര്യം

Published

|

Last Updated

കാസര്‍കോട്: ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കുന്ന കിടപ്പിലായ രോഗികള്‍ക്കും ശാരീരിക അവശതകള്‍ അനുഭവിക്കുന്നവര്‍ക്കും വേദിക്ക് സമീപം പ്രത്യേക സൗകര്യം ഒരുക്കും. വേദിയുടെ സമീപത്ത് ഇവര്‍ക്കായി ഇരുപത് കട്ടിലുകള്‍ സജ്ജീകരിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ എയ്ഡ് പോസ്റ്റും പ്രവര്‍ത്തിക്കും.
കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 29ന് നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ പിഎസ് മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന ജില്ലാതല കോര്‍ഡിനേറ്റര്‍മാരുടേയും കണ്‍വീനര്‍മാരുടേയും യോഗം അവലോകനം ചെയ്തു.
ജനസമ്പര്‍ക്ക ദിനത്തില്‍ ക്ഷണിക്കപ്പെട്ട പരാതിക്കാര്‍ക്ക് മുഖ്യമന്ത്രിയെ കാണുന്നതിന് സമയക്രമം തയ്യാറാക്കി. ഉച്ചഭക്ഷണ സമയത്ത് ഒരു മണി മുതല്‍ രണ്ടു മണിവരെ മുന്‍കൂട്ടി പരാതി നനല്‍കിയിട്ടില്ലാത്തവരില്‍നിന്ന് മുഖ്യമന്ത്രി പരാതി സ്വീകരിക്കും. ആറു മണിക്കു ശേഷവും ഇതുപോലെ പരാതികള്‍ സ്വീകരിക്കും. എട്ടുമണി മുതല്‍ മുഖ്യമന്ത്രി സ്റ്റേജിലിരുന്ന് പരാതികള്‍ നേരില്‍ കേള്‍ക്കും. മുഖ്യമന്ത്രി നേരിട്ട് പരാതി കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ എഴുതി തയ്യാറാക്കിയ പരാതികളും അപേക്ഷകളും മുന്‍കൂട്ടി നല്‍കേണ്ടതില്ല. നേരിട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാം. പരാതികള്‍ക്കുള്ള പരിഹാര നിര്‍ദേശങ്ങള്‍ തുടങ്ങിയ മറുപടിയും ലഭ്യമാക്കും. രാവിലെ 9നും വൈകുന്നേരം 5 നും ഇടയില്‍ ഏതു സമയത്തും പൊതുജനങ്ങള്‍ക്ക് കൗണ്ടറുകളെ സമീപിക്കാവുന്നതാണ്.