എക്‌സ്‌പോ 2020: പ്രതീക്ഷയോടെ ദുബൈ

Posted on: November 24, 2013 9:07 pm | Last updated: November 24, 2013 at 9:07 pm

ദുബൈ: വേള്‍ഡ് എക്‌സ്‌പോ 2020ന്റെ ആതിഥ്യം ദുബൈക്ക് ലഭിക്കാന്‍ സാധ്യത വര്‍ധിച്ചു. ദുബൈയാണ് മറ്റ് മൂന്നു നഗരങ്ങളക്കാള്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് 215 നിക്ഷേപകര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ വെളിപ്പെട്ടതായി സി എഫ് എമിറേറ്റ്‌സ് സൊസൈറ്റി പ്രസിഡന്റ് ആമിര്‍ ഖാന്‍ സാഹിബ് അറിയിച്ചു. നിരവധി രാജ്യങ്ങള്‍ ദുബൈക്കു പിന്നില്‍ അണിനിരന്നിട്ടുണ്ട്. 2015 എക്‌സ്‌പോക്ക് ആതിഥ്യം വഹിക്കുന്ന മിലാന്‍ നഗരം ദുബൈക്ക് പിന്തുണ അറിയിച്ചു. ബ്രിട്ടന്‍ നേരത്തെ പിന്തുണ അറിയിച്ചിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറോണ്‍, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനെ നേരിട്ടു കണ്ടാണ് പിന്തുണ രേഖപ്പെടുത്തിയത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി എന്റിക്കോ ലിട്ടന്റെ എഴുത്ത് ശൈഖ് മുഹമ്മദിന് ലഭിച്ചു.
200 ലധികം ദേശക്കാര്‍ സൗഹാര്‍ദ്ദത്തില്‍ കഴിയുന്ന യു എ ഇ നഗരം ആതിഥ്യം അര്‍ഹിക്കുന്നുവെന്ന് ലിട്ടന്‍ അറിയിച്ചു.
എക്‌സ്‌പോക്കു വേണ്ടി ദുബൈ രൂപം നല്‍കിയ ഉന്നതാധികാര സമിതി ഇക്കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നു. ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റ് ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
ഈ മാസം 27ന് പാരീസിലെ ബ്യൂറോ ഇന്റര്‍നാഷനല്‍ എക്‌സിബിഷന്‍ യോഗം ചേരുന്നതിനു മുമ്പ് നടത്തേണ്ട ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. 168 രാജ്യങ്ങളാണ് വോട്ടിംഗില്‍ പങ്കെടുക്കുക. ഇവയില്‍ മിക്ക രാജ്യങ്ങളുടെയും പിന്തുണ ദുബൈക്കുണ്ടാകുമെന്ന വിലയിരുത്തലാണ് ഉന്നതാധികാര സമിതി നടത്തിയത്.