ജില്ലാ ആശുപത്രിയിലെ സി ടി സ്‌കാന്‍ യൂനിറ്റ് അടച്ചു: രോഗികള്‍ ദുരിതത്തിലായി

Posted on: November 24, 2013 7:14 am | Last updated: November 24, 2013 at 7:14 am

മാനന്തവാടി: ഏറെ കെട്ടിഘോഷിച്ച തുടക്കം കുറിച്ച സിടി സ്‌കാനിംഗ് യൂനിറ്റ് അടച്ചതോടെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയുടെ ദുരിതം പൂര്‍ണ്ണമായി. രോഗികള്‍ക്ക് സഹായകമായിരുന്ന സി ടി സ്‌കാന്‍ ഈ മാസം 30 വരെ അടച്ചു പൂട്ടി. ഇതോടെ ഗര്‍ഭിണികളടക്കം നിരവധി പേരാണ് ദുരിതത്തിലായത്.
1.36 കോടി രൂപ മുടക്കിയാണ് 2011 ഡിസംബര്‍ 10 മുതല്‍ ജില്ലാ ആശുപത്രിയില്‍ സി ടി സ്‌കാന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സിടി സ്‌കാന്‍ ചുമതലയുണ്ടായിരുന്ന ഡോക്ടര്‍ ഇ രാജലക്ഷ്മിയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയതോടെയാണ് സി ടി സ്‌കാന്‍ പ്രവര്‍ത്തനം താളം തെറ്റിയത്. അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാര്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ലീവ് എടുത്തിരിക്കുകയാണ്. നിലവില്‍ ആര്‍എസ്ബിവൈ സ്‌കീമില്‍ ഉള്ളവര്‍ക്കും എസ്‌സി, എസ്ടി വിഭാഗത്തിലുള്ളവര്‍ക്കും ഇവിടെ സൗജന്യ നിരക്കിലാണ് സ്‌കാനിംഗ് നടത്തിയിരുന്നത്.സി ടി സ്‌കാന്‍, ആള്‍ട്രാസൗണ്ട് സ്‌കാനിംഗ്(യുഎസ്ജി) എന്നിവയാണ് ഇവിടെ രോഗികള്‍ക്ക് ലഭ്യമായിരുന്ന സേവനങ്ങള്‍. ഈ സേവനങ്ങള്‍ നിലച്ചതോടുകൂടി ആക്‌സിഡന്റ് കേസുകള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കുന്നതുള്ള സി ടി ബ്രെയിന്‍ പ്ലയിനിന് സ്‌കാനിംഗ് പോലും നിലച്ചു.
മാത്രവുമല്ല ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 800 രൂപയാണ് ഈ സ്‌കാനിംഗിന് സാധാരണ ഗതിയില്‍ ഈടാക്കിയിരുന്നത്. ഇപ്പോള്‍ ഇതിനായി സ്വകാര്യ ആശുപത്രികളിലും, സ്വകാര്യ സ്‌കാനിംഗ് സെന്ററുകളിലും 1500 രൂപയോളം നല്‍കി വേണം രോഗികള്‍ ചികിത്സ നേടാന്‍. അതുപോലെ തന്നെ സി ടി ബ്രയിന്‍ കോണ്‍ട്രാസ്റ്റ്, ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ളവ കണ്ടെത്തുന്നതിനുള്ള സി ടി തൊറോകസ്, സി ടി അബ്‌ഡോമിന്‍, സിടി എച്ച്ആര്‍സിടി തൊറോക്‌സ്, സിടി പിഎന്‍എസ്,സിടി പിന്‍എസ് കോണ്‍ട്രാസ്റ്റ് എന്നിയുടെ സൗകര്യവും ഇതോടെ നിലച്ചു. ജില്ലാ ആശുപത്രിയില്‍ എസ്ടി വിഭാഗത്തിന് സൗജന്യമായും, ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 1000 മുതല്‍ 1500 രൂപ വരെയാണ് ഈടാക്കിയിരുന്നത്. ഈ സ്‌കാനിംഗ് സൗകര്യം നിലച്ച തോടെ സ്വകാര്യ ആശുപത്രികളിലും സ്വകാര്യ സ്‌കാനിംഗ് സെനര്‍റുകളിലും 4500 മുതല്‍ 5000 രൂപവരെ നല്‍കേണ്ടതായും വരുന്നു.
ജില്ലയിലെ ഗര്‍ഭിണികളായ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുള്‍പ്പെടെ ഇപ്പോള്‍ മറ്റ് സ്വകാര്യ ആശുപത്രികളേയും, സ്വകാര്യ സ്‌കാനിംഗ് സെന്ററുകളേയുമാണ് ആശ്രയിക്കുന്നത്. വെള്ളിയാഴ്ച മാത്രം എസ്ടി വിഭാഗത്തില്‍പ്പെട്ട ഗര്‍ഭണികള്‍ ഉള്‍പ്പെടെയുള്ള 40ഓളം പേരാണ് സ്‌കാനിംഗ് സൗകര്യം ലഭിക്കാതെ മടങ്ങിയത്. കഴിഞ്ഞ ആഴ്ച ഉദ്ഘാടനം ചെയ്ത ട്രേമോകെയറിന്റെ സേവനവും ഇതുരവരെയായും ആശുപത്രിയിലെ രോഗികള്‍ക്ക് ലഭിച്ചിട്ടില്ല. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള ജില്ലാ ആശുപത്രില്‍ രോഗികള്‍ക്ക് ആവശ്യമായോ മരുന്നോ ചികിത്സാ സംവിധാനങ്ങളോ ആശുപത്രി അധികൃതര്‍ ലഭ്യമാക്കുന്നില്ല. ആശുപത്രയുടെ അപര്യാപ്തത പരിഹരിക്കുന്നതിന് ശക്തമായ സമരത്തിന് ഒരുങ്ങുകയാണ് യുവജനസംഘടനകള്‍.