ജില്ലയില്‍ ചട്ടം മറികടന്ന് പോലീസുകാരെ സ്ഥലം മാറ്റുന്നു

Posted on: November 24, 2013 7:05 am | Last updated: November 24, 2013 at 7:05 am

വണ്ടൂര്‍: ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലെ എസ്‌ഐ മുതല്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍വരെയുള്ളുവരെ അന്യായമായി സ്ഥലം മാറ്റുന്ന പ്രവണത വ്യാപകമാകുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ ഏഴ് സബ് ഇന്‍സ്‌പെക്ടര്‍മാരെയും 27 സിവില്‍ പോലീസ് ഓഫീസര്‍മാരെയുമാണ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സര്‍ക്കാര്‍ സ്ഥലം മാറ്റിയത്. കഴിഞ്ഞ ജൂണ്‍ മുതല്‍ ഒക്ടോബര്‍ പതിനഞ്ച് വരെയുള്ള കണക്ക് മാത്രമാണിത്.
കേരള പോലീസ് ആക്ടിന് വിരുദ്ധമായി സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇവരെ സ്ഥലം മാറ്റിയതെന്നാണ് സൂചന. കേരള പോലീസ് ആക്ടിലെ 97-ാം വകുപ്പു പ്രകാരമാണ് പോലീസുകാരെ സ്ഥലം മാറ്റേണ്ടത്.സംസ്ഥാന പോലീസ് മേധാവി മുതല്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ വരെയുള്ളവര്‍ക്ക് രണ്ട് വര്‍ഷമാണ് കുറഞ്ഞ കാലാവധി. അച്ചടക്ക നടപടിക്ക് വിധേയനാവുക, ക്രിമിനല്‍ കുറ്റകൃത്യത്തിലോ അഴിമതിയിലോ ഉള്‍പ്പെട്ടതായി പ്രഥമ ദൃഷ്ട്യാ കണ്ടെത്തുക, ശാരീരികമോ മാനസികമോ ആയ കൃത്യനിര്‍വഹണത്തിന് അപ്രാപ്യനായിരിക്കുക, മേലുദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട്, പോലീസിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് കാര്യമായ അതൃപ്തിയുണ്ടാകുക എന്നീ കാരണങ്ങളുണ്ടെങ്കില്‍ മാത്രമെ സ്ഥലം മാറ്റാന്‍ പാടുള്ളൂ എന്നാണ് പോലീസ് ആക്ടിലെ 97-ാം വകുപ്പിലെ എ മുതല്‍ എഫ് വരെ നല്‍കിയിട്ടുള്ളത്.
എന്നാല്‍ ജില്ലയില്‍ ഇത്തരത്തിലുള്ള നടപടികളൊന്നും ഇക്കാലയളവില്‍ ഉണ്ടായിട്ടില്ല. പകരം ഭരണപരമായ കാരണങ്ങളാലാണ് സ്ഥലം മാറ്റിയിട്ടുള്ളതെന്നാണ് ജില്ലാ പോലീസ് സൂപ്രണ്ട് മറുപടി നല്‍കിയിട്ടുള്ളത്. കല്‍പ്പകഞ്ചേരി, നിലമ്പൂര്‍, അരീക്കോട്, കോട്ടക്കല്‍, കൊണ്ടോട്ടി, കരിപ്പൂര്‍ എന്നീ പോലീസ് സ്‌റ്റേഷനുകളിലെ എസ്‌ഐമാരെയാണ് യഥാക്രമം കാടാമ്പുഴ, സ്‌പെഷല്‍ ബ്രാഞ്ച്, ചങ്ങരംകുളം, അരീക്കോട്, പെരിന്തല്‍മണ്ണ, ഡിസി ആര്‍ ബി എന്നിവിടങ്ങളിലേക്ക് സ്ഥലം മാറ്റിയിട്ടുള്ളത്.
ഉദ്യോഗ കാലാവധി തീരും മുമ്പേ കേരള പോലീസ് ആക്ടിന് വിരുദ്ധമായി സ്ഥലം മാറ്റാനുള്ള കാരണം വ്യക്തമാക്കാനും പോലീസ് മേധാവി തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ച കാരണം ഫയലില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക് ജില്ലാപോലീസ് സൂപ്രണ്ടിന്റെ ഓഫീസിലെ പൊതുവിവരാവകാശ ഓഫീസര്‍ മറുപടി നല്‍കിയിട്ടുള്ളത്.