ആമിന വെങ്കിട്ട ജില്ലയിലെ ആദ്യ വനിതാ അഡീഷനല്‍ കൃഷി ഡയറക്ടര്‍

Posted on: November 24, 2013 7:03 am | Last updated: November 24, 2013 at 7:03 am

മലപ്പുറം: ജില്ലാ പ്രിന്‍സിപ്പല്‍ ക്യഷി ഓഫീസറായിരുന്ന ആമിന വെങ്കിട്ട സംസ്ഥാന അഡീഷനല്‍ കൃഷി ഡയറക്റ്ററായി ചുമതലയേറ്റു. ആദ്യമായാണ് ജില്ലയില്‍ നിന്നും ഒരു വനിത അഡീഷനല്‍ ക്യഷി ഡയറക്റ്റര്‍ പദവിയിലെത്തുന്നത്. ഈ പദവിയിലെത്തുന്ന സംസ്ഥാനത്തെ ആദ്യ മുസ്‌ലീം വനിതയുമാണ്. രണ്ടേകാല്‍ വര്‍ഷമായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറായിരുന്ന ആമിന വെങ്കിട്ട ജില്ലയില്‍ 100 കോടിയോളം രൂപയുടെ കാര്‍ഷിക വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി.
വിദ്യാഭ്യാസ രംഗത്ത് മുസ്‌ലീം വനിതകള്‍ പിന്നാക്കം നിന്നിരുന്ന 1970കളില്‍ തിരുവനന്തപുരം വെള്ളായനിയിലുള്ള കാര്‍ഷിക കോളജില്‍ ചേര്‍ന്ന് പഠിച്ചാണ് ആമിന കാര്‍ഷിക ബിരുദം കരസ്ഥമാക്കിയത്. തുടര്‍ന്ന് 1979ല്‍ പൊന്‍മള ക്യഷി ഭവനില്‍ ക്യഷി ഓഫീസറായി സര്‍വീസില്‍ പ്രവേശിച്ചു. പിന്നീട് കൃഷി അസി. ഡയറക്റ്റര്‍, ക്യഷി ഡെപ്യൂട്ടി ഡയറക്റ്റര്‍, കൃഷി ജോയിന്റ് ഡയറക്റ്റര്‍ തസ്തികകളില്‍ വിവിധ സ്ഥലങ്ങളില്‍ സേവനമനുഷ്ഠിച്ചു. നവംബര്‍ 31ന് സര്‍വീസില്‍ നിന്നും വിരമിക്കും. അഗ്രിക്കള്‍ച്ചറല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, സ്റ്റേറ്റ് കൗണ്‍സില്‍ അംഗം, എം ഇ.എസ് ജില്ലാ ട്രഷറര്‍, ജെയ്‌സീസ് ചങ്ങരംകുളം ചാപ്റ്ററിന്റെ വനിതാ സ്ഥാപക സെക്രട്ടറി, ഓയ്‌സ്‌ക വനിതാ വിങ് സ്ഥാപക പ്രസിഡന്റുമാണ്.
മക്കരപ്പറമ്പ് സ്വദേശിയാണ്. റിട്ടയേഡ് ആയുര്‍വേദ ഡി എം ഒ മുഹമ്മദ് ബിന്‍ അഹമ്മദ് ഭര്‍ത്താവാണ്. ജില്ലാ പഞ്ചായത്ത്-കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ ആമിന വെങ്കിട്ടക്ക് യാത്രയയപ്പ് നല്‍കി.