ജനസമ്പര്‍ക്കം: പൊതുജനങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് നേരിട്ടും പരാതി നല്‍കാം

Posted on: November 23, 2013 8:21 am | Last updated: November 23, 2013 at 8:21 am

കല്‍പറ്റ: നേരത്തെ ഓണ്‍ ലൈനായി നല്‍കിയ പരാതികളില്‍ നിന്നും മുഖ്യമന്ത്രിയെ നേരിട്ടു കാണാനായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു പുറമെ അഞ്ചാം തീയതി കല്‍പ്പറ്റ എസ് കെ എംജെ. സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി പൊതുജനങ്ങളില്‍ നിന്ന് നേരിട്ടും പരാതി സ്വീകരിക്കും. ഉച്ചക്ക് ഒരു മണിക്കും രണ്ടും മണിക്കും ഇടയിലും വൈകിട്ട് ആറു മുതലും (തിരഞ്ഞെടുക്കപ്പെട്ടവരുടെ പരാതി കേട്ടു കഴിഞ്ഞ ഉടന്‍) ആയിരിക്കും പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ അവസരമുണ്ടാവുക. എഴുതി നല്‍കുന്നതിനു പുറമെ പരാതികള്‍ പറഞ്ഞു വിശദീകരിക്കേണ്ടവര്‍ക്കും അവസരം ലഭിക്കും. എന്നാല്‍ ജനസമ്പര്‍ക്ക ദിവസം നേരിട്ടു സ്വീകരിക്കുന്ന പരാതികളി•േല്‍ പിന്നീടേ തീരുമാനമുണ്ടാവൂ.
ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിയുടെ തയ്യാറെടുപ്പുകളെ കുറിച്ച് മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ അധികൃതരുമായി ചര്‍ച്ച നടത്തി. കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദിനേശ് ശര്‍മ്മ, ജില്ലാ കലക്ടര്‍ കെ ജി രാജു, എ ഡി എം. എന്‍ ടി മാത്യു, ജില്ലാ പോലീസ്‌മേധാവി കെ കെ ബാലചന്ദ്രന്‍, വിവിധ വകുപ്പുതല ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.