എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ മൂന്ന് പേര്‍ പീഡിപ്പിച്ചതായി പരാതി

Posted on: November 23, 2013 8:14 am | Last updated: November 23, 2013 at 8:14 am

കൊയിലാണ്ടി: വിദ്യാര്‍ഥിനിയെ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. ഊരള്ളൂര്‍ സ്വദേശിനിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടി സ്‌കൂള്‍ അധ്യാപികയെ അറിയിച്ചതിന് തുടര്‍ന്നാണ് പീഡനവിവരം പുറത്ത് വന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഒരു സിവില്‍ പോലീസ് ഓഫീസറും മറ്റ് രണ്ട് പേരുമാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യപീഡനത്തിന് വിധേയമായത്. പിന്നീട് ഏഴാം ക്ലാസില്‍ തുടരുമ്പോഴും പീഡനം തുടരുകയായിരുന്നു. പെണ്‍കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം നടത്തിയ പ്രഥമ പരിശോധനാ റിപ്പോര്‍ട്ട് തിരുവനന്തപുരം മെഡിക്കല്‍ അതോറിറ്റിക്ക് അയച്ചു. പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയില്‍ പരസ്പര വൈരുദ്ധ്യമുള്ളതിനാലാണ് അന്വേഷണം വൈകുന്നതെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാല്‍ സംഭവം വെളിപ്പെടുത്തിയ അധ്യാപികയില്‍ നിന്നും വിശദമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിന് കഴിഞ്ഞില്ല. അധ്യാപിക സ്‌കൂള്‍ കലോത്സവത്തിന്റെ തിരക്കിലായത് കൊണ്ടാണെന്നാണ് പോലീസിന്റെ ന്യായം. ക്രൈംനമ്പര്‍ 1176/13ല്‍ 376-ാം വകുപ്പ് പ്രകരമാണ് കേസെടുത്തത്.