Connect with us

Palakkad

ഷൊര്‍ണൂര്‍ ജംഗ്ഷനിലെത്താതെ പോകുന്ന ട്രെയിനുകള്‍ മലബാര്‍ മേഖലയിലുള്ളവര്‍ക്കുകൂടി പ്രയോജനപ്പെടുത്താന്‍ പദ്ധതി

Published

|

Last Updated

പാലക്കാട്: ഷൊര്‍ണൂര്‍ ജംഗ്ഷനിലെത്താതെ പോകുന്ന തീവണ്ടികള്‍ മലബാര്‍ മേഖലയിലുള്ളവര്‍ക്കുകൂടി പ്രയോജനപ്പെടുത്താവുന്ന പദ്ധതി തയാറാക്കുന്നു. ഷൊര്‍ണൂര്‍ ജംഗ്ഷനിലെ ഒരുകൂട്ടം ജീവനക്കാരാണ് അനൗദ്യോഗികമായി പദ്ധതി തയാറാക്കുന്നത്. ഷൊര്‍ണൂര്‍ ജംഗ്ഷനിലെത്താതെഭാരതപ്പുഴ, വള്ളത്തോള്‍നഗര്‍ സ്‌റ്റേഷനുകളിലൂടെ കടന്നുപോകുന്ന തീവണ്ടികള്‍ക്ക് ഇരു സ്‌റ്റേഷനിലും സ്‌റ്റോപ്പനുവദിച്ചാണ് ഇത് യാഥാര്‍ഥ്യമാക്കുക. ഭാരതപ്പുഴ സ്‌റ്റേഷന്‍ പുനരുജ്ജീവിപ്പിക്കുക, ഈ വഴി കടന്നുപോകുന്ന എല്ലാ തീവണ്ടികള്‍ക്കും സ്‌റ്റോപ്പ് അനുവദിക്കുക, സ്‌റ്റേഷനെയും ഷൊര്‍ണൂര്‍ ജംഗ്ഷനെയും ബന്ധിപ്പിച്ച് പാതയോര നടപ്പാത, ഓട്ടോറിക്ഷകള്‍ക്കുമാത്രമായി ചെറു റോഡ് എന്നിവ നിര്‍മിക്കുക തുടങ്ങിയ ശുപാര്‍ശയാണ് തയ്യാറാകുന്നത്. ജന പ്രതിനിധികള്‍ മുഖാന്തരം ഇത് റെയില്‍വേമന്ത്രിക്ക് നല്‍കാനാണ് തീരുമാനം.
ഭാരതപ്പുഴ സ്‌റ്റേഷനെയും ഷൊര്‍ണൂര്‍ ജംഗ്ഷനെയും ബന്ധിപ്പിച്ച് പ്ലാറ്റ്‌ഫോം മാതൃകയില്‍ 1. 4 കിലോമീറ്റര്‍ നടപ്പാതയും ഇതിനോടുചേര്‍ന്ന് ഓട്ടോറിക്ഷകള്‍ക്കായി കോണ്‍ക്രീറ്റ് റോഡുമാണ് ആദ്യഘട്ടത്തില്‍ വിഭാവനം ചെയ്യുന്നത്. 20 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. റെയില്‍വേക്ക് കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ ഇതിന്റെ ഭാഗമായി സ്റ്റാളുകളും മാളുകളും നിര്‍മിക്കാമെന്നും ശുപാര്‍ശയിലുണ്ട്. പതിറ്റാണ്ടുമുമ്പ് ഷൊറണൂര്‍ റെയില്‍വേ ജംഗ്ഷനില്‍ വിഭാവനം ചെയ്ത ത്രികോണ ജംഗ്ഷന്‍ പദ്ധതി പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം. നിലവില്‍ അടച്ചിട്ട ഭാരതപ്പുഴ സ്‌റ്റേഷന്‍ സമ്പൂര്‍ണ സ്‌റ്റേഷനാക്കി മാറ്റിയായിരിക്കും പദ്ധതിക്ക് തുടക്കമിടുക. സ്‌റ്റേഷനിലേക്ക് വാഹനമെത്താന്‍ സൗകര്യമില്ലെന്ന കാരണമായിരുന്നു അടച്ചുപൂട്ടലിലെത്തിച്ചത്. സ്‌റ്റേഷനിലേക്ക് റോഡ് വെട്ടാനുള്ള സ്ഥലം നഗരസഭമുമ്പ് അനുവദിച്ചിരുന്നു. എന്നാല്‍, അതിന് മുമ്പേ സ്‌റ്റേഷന്‍ ഇല്ലാതായി.
ഷൊര്‍ണൂര്‍ ജംഗ്ഷനില്‍നിന്ന് 1.4 കി മീ. അകലെയുള്ള ഭാരതപ്പുഴ സ്‌റ്റേഷനിലെത്താന്‍ 12 കിലോമീറ്റര്‍ വളഞ്ഞുതിരിഞ്ഞ് പോകണമെന്നതായിരുന്നു അവസ്ഥ. ഭാരതപ്പുഴ സ്‌റ്റേഷന്‍ ഇല്ലാതായതോടെ തീവണ്ടികളുടെ സ്‌റ്റോപ്പുമില്ലാതായി. ഷൊര്‍ണൂര്‍ ജംഗ്ഷനിലെത്തുന്നവര്‍ക്ക്ഭാരതപ്പുഴ സ്‌റ്റേഷന്‍ ലിങ്ക്‌വഴി കടന്നുപോകുന്ന ദീര്‍ഘദൂര തീവണ്ടികള്‍ പിടിക്കാന്‍ തൃശ്ശൂരിലോ പാലക്കാട്ടോ എത്തണമെന്ന സ്ഥിതിയായി. ഇത് ഒഴിവാക്കാനാണ്ഭാരതപ്പുഴ സ്‌റ്റേഷനില്‍ എല്ലാ വണ്ടികള്‍ക്കും സ്‌റ്റോപ്പും നടപ്പാതയും ഓട്ടോപ്പാതയും ഉള്‍പ്പെടെയുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നത്.
രണ്ടാംഘട്ടമായി വള്ളത്തോള്‍നഗര്‍ സ്‌റ്റേഷന്‍, ഷൊറണൂര്‍ ജംഗ്ഷന്‍ എന്നിവയെ ബന്ധിപ്പിക്കുന്ന സമാന പദ്ധതി തയ്യാറാക്കും. ഷൊര്‍ണൂര്‍ ജംഗ്്ഷന്‍ ഭാരതപ്പുഴ സ്‌റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ഇരട്ടപ്പാതക്ക് പാലക്കാട്ഡിവിഷന്‍ ദക്ഷിണറെയില്‍വേയ്ക്ക് ശുപാര്‍ശ അയച്ചുകഴിഞ്ഞു. 11.8 കോടിയുടേതാണ് പദ്ധതി. ഇതോടൊപ്പം നടപ്പാത, ഓട്ടോപ്പാത പദ്ധതി യഥാര്‍ഥ്യമാക്കിയാല്‍ ചെലവ് ചുരുക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. രാഷ്ട്രപതിയായിരുന്ന കെ ആര്‍ നാരായണന്‍ ഉദ്ഘാടനംചെയ്ത ഭാരതപ്പുഴ സ്‌റ്റേഷന്‍ മൂന്ന് വര്‍ഷം പോലും പ്രവര്‍ത്തിച്ചില്ല.————
സ്‌റ്റേഷന്‍ അടച്ചുപൂട്ടിയെങ്കിലും ഇവിടെ തീവണ്ടി തിരിച്ചുവിടുന്ന എ കാബിന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിലെ ജീവനക്കാരെ വിനിയോഗിച്ച് ഭാരതപ്പുഴ സ്‌റ്റേഷന്‍ പുനരുജ്ജീവിപ്പിച്ച് തീവണ്ടികള്‍ക്ക് ഇവിടെ സ്‌റ്റോപ്പ് അനുവദിച്ചാല്‍ മാത്രമേ പദ്ധതി യഥാര്‍ഥ്യമാകൂ.——ഭാരതപ്പുഴ സ്‌റ്റേഷനില്‍നിന്ന് ഷൊര്‍ണൂര്‍ ജംഗ്ഷനിലേക്ക് ഓട്ടോപ്പാത നിര്‍മിക്കാനുള്ള സ്ഥലവും സൗകര്യവുമുണ്ട്.
ഷൊര്‍ണൂര്‍ ജംഗ്ഷനുസമീപം മേല്പാലം കടന്നുപോകുന്നുണ്ടെങ്കിലും ഓട്ടോറിക്ഷകള്‍ക്കുമാത്രം പോകാന്‍ സൗകര്യമുണ്ട്. ഷൊര്‍ണൂര്‍ ജംഗ്ഷനിലും ഭാരതപ്പുഴ സ്‌റ്റേഷനിലും എത്തുന്നവര്‍ക്ക് ഇരുസ്‌റ്റേഷനിലേക്കും പോകാന്‍ ഓട്ടോറിക്ഷാ സേവനം പ്രയോജനപ്പെടുത്താം. 1.4 കി മീ. മാത്രമുള്ളതിനാല്‍ നടന്നും പോകാമെന്നതിനാലാണ് നടപ്പാതക്കും ശുപാര്‍ശ നല്‍കുന്നത്. പദ്ധതി യഥാര്‍ഥ്യമായാല്‍ കേരളത്തിലെ ഏറ്റവും വലിയ പ്ലാറ്റ്‌ഫോമാകും ഇത്.
ദക്ഷിണ റെയില്‍വേയില്‍ ഓട്ടോസേവനമുള്ള ആദ്യ കേന്ദ്രവുമാകും. ഷൊര്‍ണൂര്‍ ജംഗ്ഷന്‍ വഴി 10 മിനിറ്റില്‍ ഒരുതീവണ്ടി എന്നനിലയില്‍ തെക്കോട്ടും വടക്കോട്ടും സേവനം ലഭ്യമാകും. ഇപ്പോള്‍ ഷൊര്‍ണൂര്‍ ജംഗ്ഷനിലെത്താതെ പ്രതിദിനം 66 തീവണ്ടികളാണ് 1. 4 കിലോമീറ്റര്‍ അകലെയുള്ളഭാരതപ്പുഴ സ്‌റ്റേഷന്‍വഴി നിര്‍ത്താതെ കടന്നുപോകുന്നത്.

Latest