Connect with us

Gulf

ഇന്നും കനത്ത മഴക്കു സാധ്യത: ജനജീവിതം ദുസ്സഹം

Published

|

Last Updated

ദുബൈ: യു എ ഇയിലെങ്ങും കനത്ത കാറ്റും മഴയും ജനജീവിതം ദുസ്സഹമാക്കി. റോഡുകളിലും താമസ പരിസരങ്ങളിലും വെള്ളം കെട്ടിനിന്നതിനാല്‍ പലര്‍ക്കും ജോലിസ്ഥലത്ത് എത്താന്‍ കഴിഞ്ഞില്ല. പലയിടത്തും വീടുകളിലും വ്യാപാര കേന്ദ്രങ്ങളിലും വെള്ളം കയറി. വിദ്യാലയങ്ങള്‍ക്ക് ഇന്നലെ അവധി നല്‍കി.

ചില വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. ദുബൈ നഗരസഭയുടെ ശുചീകരണ യജ്ഞം തടസപ്പെട്ടു. ഈ നൂറ്റാണ്ടിലെ ഏറ്റവും കനത്ത മഴക്ക് സാക്ഷ്യം വഹിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അബുദാബിയുടെ ഉള്‍പ്രദേശമായ റുവൈസ് പൂര്‍ണമായും ഒറ്റപ്പെട്ടു.
ഇന്നലെ പുലര്‍ച്ചെ മുതല്‍ ദുബൈയിലും അബുദാബിയിലും ഷാര്‍ജയിലും കനത്ത മഴയായിരുന്നു. യു എ ഇയെ ആകമാനം കാര്‍മേഘങ്ങള്‍ മൂടിയിരുന്നു. പകല്‍ സമയത്തും വാഹനങ്ങള്‍ ഹെഡ്‌ലൈറ്റ് ഉപയോഗിച്ചാണ് ഓടിച്ചത്. അപകടങ്ങളെത്തുടര്‍ന്ന് സിവില്‍ ഡിഫന്‍സും പോലീസും പലയിടത്തും രക്ഷാപ്രവര്‍ത്തനം നടത്തി. ഏറെ സമയെ ഷാര്‍ജയില്‍ ജനങ്ങള്‍ പരിഭ്രാന്തിയിലായിരുന്നു. സുനാമി വീശിയെന്നും പലസ്ഥലങ്ങളും വെള്ളത്തിനടിയിലായെന്നും കിംവദന്തി പരന്നു. വിദ്യാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും അടച്ചു. ദുബൈയില്‍ ആഗോളഗ്രാമം പ്രവര്‍ത്തിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. പഴയ കെട്ടിടങ്ങള്‍ പലതും ചോര്‍ന്നൊലിക്കുന്നതിനാല്‍ താമസക്കാര്‍ക്ക് അലോസരമായി. വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും വൈകിയാണ് തുറന്നത്.
അബുദാബിയില്‍ ഡെല്‍മ, ഗുവൈഫാത്ത്, സിര്‍ ബനിയാസ്, റുവൈസ് തുടങ്ങിയ സ്ഥലങ്ങളിലും കനത്ത മഴയായിരുന്നു. റുവൈസില്‍ കനത്ത കാറ്റില്‍ വൃക്ഷങ്ങളും തെരുവ് വിളക്കുകളും കടപുഴകി വീണു. ഹൗസിംഗ് കോംപ്ലക്‌സിലെ താമസക്കാര്‍ പരിഭ്രാന്തരായി സിവില്‍ ഡിഫന്‍സിനെ വിവരമറിയിച്ചു. ഇന്നലെ രാത്രി വൈകിയും കാറ്റും മഴയും ഉണ്ടായിരുന്നു. റുവൈസ് പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്.
ഇന്നലെ രാവിലെ പത്തോടെ അല്‍ ഐനില്‍ കനത്ത മഴയില്‍ റോഡും പരിസരവും വെള്ളത്തില്‍ മുങ്ങി. ശക്തമായ മഴയില്‍ വെള്ളം കെട്ടിനിന്നതിനാല്‍ ഗതാഗത തടസവും അനുഭവപ്പെട്ടു. മുഅ്തറള്, മുവൈജി, സനയ്യ തുടങ്ങിയ ഭാഗങ്ങളില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മുഅ്തറള് മാര്‍ക്കറ്റില്‍ വെള്ളം കെട്ടി നിന്നതിനെ തുടര്‍ന്ന് ടാങ്കറിലേക്ക് വെള്ളം പമ്പ് ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. നേരിയ തോതില്‍ ഇടിയും മിന്നലും അനുഭവപ്പെട്ടു. കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
യു എ ഇയിലാകെ രാവിലെ മഴയുടെ ആരവം കേട്ടാണ് പലരും ഉറക്കമുണര്‍ന്നത്. ചിലയിടങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് മുകളിലെ ഡിഷ് ആന്റിനകളും കടകളുടെ നെയിംബോര്‍ഡുകളും താഴേക്ക് പതിച്ച് നാശനഷ്ടമുണ്ടായി. ദൂരക്കാഴ്ച കുറഞ്ഞ് ഒട്ടേറെ സ്ഥലങ്ങളില്‍ റോഡപകടങ്ങളുമുണ്ടായി. എന്നാല്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. അബുദാബി ശഹാമയില്‍ ആറ് കാറുകളും എയര്‍പോര്‍ട്ടിനടുത്ത് നാല് കാറുകളും കൂട്ടിയിടിച്ചു. രണ്ടിടത്തും ഏറെ നേരം ഗതാഗതം സ്തംഭിച്ചു. മിക്ക എമിറേറ്റുകളിലും ഗതാഗതം മന്ദഗതിയിലായിരുന്നു. ദുബൈയിലെയും ഷാര്‍ജയിലെയും ചില സ്ഥലങ്ങളില്‍ മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഫുജൈറ-ഖോര്‍ഫക്കാന്‍ ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു. സ്‌കൂളുകളിലേക്കും ഓഫീസുകളിലേക്കും പോകുന്ന സമയത്ത് ശക്തമായ കാറ്റും മഴയുമുണ്ടായതിനാല്‍ വാഹനങ്ങള്‍ പതുക്കെയാണ് സഞ്ചരിച്ചത്. പലരും കുട്ടികളെ സ്‌കൂളിലേക്ക് വിടാനും തയ്യാറായില്ല. എന്നാല്‍ മറ്റു ചിലര്‍ മഴ നനഞ്ഞുകൊണ്ട് റോഡിരികുകളിലൂടെ നടക്കുന്നതും കാണാമായിരുന്നു. ഇടി മിന്നലോടെ മഴ ശക്തി പ്രാപിക്കാന്‍ ഇടയുണ്ടെന്ന യു എ ഇ നാഷനല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി ആന്‍ഡ് സീസ്‌മോളജി വിഭാഗത്തിന്റെ മുന്നറിയിപ്പുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിര്‍ദേശിച്ചു. അടുത്ത മുപ്പത്തിയാറ് മണിക്കൂര്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ഗള്‍ഫിലെ മിക്ക രാജ്യങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായ മഴ പെയ്യുകയും ജീവനാശമുണ്ടാവുകയും ചെയ്തിരുന്നു.

ജാഗ്രത പാലിക്കണമെന്ന് പോലീസ്

ദുബൈ: കാലാവസ്ഥാ മാറ്റം കണക്കിലെടുത്ത് റോഡ് ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് ദുബൈ പോലീസ് ട്രാഫിക് വിഭാഗം മേധാവി എഞ്ചി. മുഹമ്മദ് സൈഫ് അല്‍ സഫീന്‍ അഭ്യര്‍ഥിച്ചു. ശക്തമായ മഴയും കാറ്റും ഉണ്ടാവുന്ന സാഹചര്യങ്ങളില്‍ വാഹനാപകടങ്ങള്‍ കുറക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ പാലിക്കാന്‍ റോഡുപയോക്താക്കള്‍ ശ്രദ്ധിക്കണം. വാഹനത്തിന്റെ എഞ്ചിന്‍, ബ്രേക്ക്, ലൈറ്റുകള്‍, ടയര്‍, വൈപ്പര്‍ തുടങ്ങിയവ പരിശോധിക്കണം. മതിയായ അകലം പാലിച്ചു മാത്രമേ വാഹനം ഓടിക്കാവൂ. അപ്രതീക്ഷിതമായ വെള്ളക്കെട്ടുകള്‍ രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വേഗം നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെ ആഞ്ച് മുതല്‍ ഉച്ചക്ക് 12 വരെ ചെറുതും വലുതുമായ 385 കേസുകള്‍ പോലീസ് റിപ്പോര്‍ട്ട് ചെയ്തു. 3,253 ടെലിഫോണ്‍ സന്ദേശങ്ങളും പോലീസിനു ലഭിച്ചുവെന്ന് പോലീസ് കണ്‍ട്രോള്‍ സെന്റര്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഉമര്‍ അബ്ദുല്‍ അസീസ് അല്‍ ശംസി അറിയിച്ചു.