വിദ്യാഭ്യാസ സമ്പ്രദായം പരിഷ്‌കരിക്കണം: യേശുദാസ്‌

Posted on: November 22, 2013 7:22 pm | Last updated: November 22, 2013 at 7:22 pm

അബുദാബി: കേരളീയ സംസ്‌കാരത്തിലുള്ള ശുദ്ധ സംഗീതത്തെ വളര്‍ത്തണമെങ്കില്‍ ചെറുപ്പത്തില്‍ തന്നെ കുട്ടികളില്‍ ശാസ്ത്രീയ സംഗീതത്തെ കുറിച്ചുള്ള അവബോധം ഉണ്ടാക്കത്തക്കവിധം വിദ്യാഭ്യാസം പരിഷ്‌കരിക്കണമെന്നും അതിനു ഉപയുക്തമാകും വിധം വിദ്യാഭ്യാസ സമ്പ്രദായം ക്രമീകരിക്കുന്നതിനു ഭരണാധികാരികള്‍ ശ്രമിക്കണമെന്നും ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ് അഭിപ്രായപ്പെട്ടു.
കല അബുദാബിയുടെ കലാരത്‌ന അവാര്‍ഡ് സ്വീകരിക്കുവാന്‍ അബുദാബിയിലെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. പാരമ്പര്യ ഭക്ഷണത്തിന്റെ രുചിയും ഗുണവും കുട്ടികളെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെടുമ്പോഴാണു കുട്ടികള്‍ ഫാസ്റ്റ് ഫുഡ് പോലുള്ള മറ്റ് ഭക്ഷണങ്ങള്‍ തേടിപ്പോകുന്നത്. അതുപോലെ, ശുദ്ധസംഗീതത്തെകുറിച്ചുള്ള അജ്ഞത അവരെ പാശ്ചാത്യ സംഗീതം തേടിപ്പോകാന്‍ പ്രേരിപ്പിക്കും.
നല്ല ഗാനങ്ങള്‍ കാലത്തെ അതിജീവിക്കുക തന്നെ ചെയ്യും. ദേവരാജന്‍, ബാബുരാജ്, രാഘവന്‍ മാസ്റ്റര്‍ തുടങ്ങിയ സംഗീതജ്ഞര്‍ എന്നെ ഉപയോഗിച്ചതുപോലെ യുവ ഗായകരേയും വേണ്ടവിധം ഉപയോഗിക്കുകയാണെങ്കില്‍ നല്ല സംഗീതം നമുക്ക് ലഭിക്കും.
അത് ആസ്വദിക്കുവാനുള്ള രുചിയാണു നാം സമൂഹത്തില്‍ ഉണ്ടാക്കിയെടുക്കേണ്ടത്-അദ്ദേഹം പറഞ്ഞു. കല അബുദാബിയുടെ മാധ്യമശ്രീ പുരസ്‌കാര ജേതാവ് ഉണ്ണി ബാലകൃഷ്ണന്‍, എന്‍ എം സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി ആര്‍ ഷെട്ടി, കല അബുദാബി പ്രസിഡന്റ് സുരേഷ് പയ്യന്നൂര്‍, ജനറല്‍ സെക്രട്ടറി ജയപ്രകാശ്, വൈസ് പ്രസിഡന്റ് അമര്‍സിംഗ് വലപ്പാട്, അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ടി. പി. ഗംഗാധരന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.