ഇരട്ട കൊലപാതകം നാടിനെ നടുക്കി

Posted on: November 22, 2013 8:00 am | Last updated: November 22, 2013 at 8:27 am

മണ്ണാര്‍ക്കാട്: സുന്നി പ്രവര്‍ത്തകരായ നൂറുദ്ദിന്റെയും ഹംസയുടെ അതിദാരുണമായ മരണം നാടിനെ നടുക്കി.
ഓര്‍ക്കാപ്പുറത്തായിരുന്നു സുന്നിസംഘടനക്കും നാട്ടാര്‍ക്കും ഏറെ പ്രിയപ്പെട്ട ഇരുവരുടെയും മരണം. ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. നാട്ടുകാരും സഹോദരങ്ങളുമൊത്ത് നടന്നുപോകുന്നതിനിടെയാണ് ഒളിച്ചിരുന്ന ഗുണ്ടാ സംഘം അക്രമം അഴിച്ചുവിട്ടത്.
വടിവാള്‍, വെട്ടുകത്തി മരകഷ്ണങ്ങള്‍ എന്നീ മാരകായുധങ്ങളുമായി വിചാരിക്കാതെയുള്ള ആക്രമണത്തില്‍ കുഞ്ഞ് ഹംസ എന്ന ഹംസയും എസ് വൈ എസ് കല്ലാങ്കുഴി യൂനിറ്റ് സെക്രട്ടറി കൂടിയായ നൂറുദ്ദീനും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇവരുടെ ജേഷ്ഠ സഹോദരന്‍ കുഞ്ഞാന്‍ എന്ന കുഞ്ഞു മുഹമ്മദിന് പരുക്കേല്‍ക്കുകയും ചെയ്തു.
ഗുരുതരമായ പരുക്കേറ്റ കുഞ്ഞാന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവമറിഞ്ഞ് 15 കിലോമീറ്റര്‍ അപ്പുറത്തുള്ള സ്റ്റേഷനില്‍ നിന്ന് പോലീസ് എത്തിയ ശേഷമാണ് അക്രമികള്‍ ഓടിയൊളിച്ചത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ചേളാരി വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള തണല്‍ എന്ന സംഘടന നിരന്തരം പള്ളിയില്‍ പിരിവ് നടത്തിയിരുന്നു. ഇതിനെതിരെ പള്ളത്ത് ഹംസ കേരള വഖഫ് ട്രൈബ്യുണലില്‍ പൊതുതാത്പര്യ ഹരജി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഏറണാകുളം വഖഫ് ട്രൈബ്യുണല്‍ പിരിവ് നിരോധിച്ച് ഉത്തരവ് നല്‍കുകയും ചെയ്തിരുന്നു. ഈ വൈരാഗ്യമാണ് വിഘടിത ഗുണ്ടകളെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു.
എസ് എസ് എഫ് താലൂക്ക് സെക്രട്ടറിയും എസ് വൈ എസ് യൂനിറ്റ് സെക്രട്ടറിയുമായ നൂറുദ്ദീന്‍ കാരന്തൂര്‍ മര്‍കസ് പൂര്‍വവിദ്യാര്‍ഥികൂടിയാണ് .സഹോദരങ്ങള്‍:ഖദീജ, റുഖിയ, റംല, റൈഹാനത്ത്. പള്ളത്ത് ഹംസയുടെ ഭാര്യ: സൈഫുന്നിസ. മക്കള്‍: ആദില്‍, അമീന, അജ്ബല്‍. ജസീറയാണ് നൂറുദ്ദീന്റെ ഭാര്യ. മക്കള്‍: ഫഹിം, ഫിദ, ഫാഹിദ, ഫൈഹ. സംഭവ സ്ഥലത്ത് പാലക്കാട് പോലീസ് സൂപ്രണ്ട് ജി സോമശേഖരന്‍, ഷൊര്‍ണൂര്‍ ഡി വൈ എഫ് സി എ ശംസുദ്ദീന്‍, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി സി ഐമാരായ സണ്ണിചാക്കോ, ദിനരാജ്, ദേവസ്യ എന്നിവരും മണ്ണാര്‍ക്കാട് സി ഐ ബി അനില്‍കുമാര്‍, എസ് ഐ ദീപക്്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘത്തെ നിയോഗിച്ചു.
ഇന്നലെ രാവിലെ മണ്ണാര്‍ക്കാട് സി ഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുകള്‍ക്ക് വിട്ടുകൊടുത്തു. മണ്ണാര്‍ക്കാട് സി ഐക്കാണ് അന്വേഷണ ചുമതല.