യുവാവിനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസ്: അഞ്ചംഗ സംഘം പിടിയില്‍

Posted on: November 21, 2013 8:16 am | Last updated: November 21, 2013 at 8:16 am

മാനന്തവാടി: യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി രണ്ടുലക്ഷം കൈക്കലാക്കിയ അഞ്ചുപേര്‍ പിടിയിലായി. മാനന്തവാടിയിലെ ഒരു ജ്വല്ലറി ഷോപ്പ് ജീവനക്കാരനെയാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി 10 ഓടെ അഞ്ചുപേര്‍ തട്ടിക്കൊണ്ടുപോയത്. അഞ്ചുപേരെയും ഇന്നലെ വിവിധയിടങ്ങളില്‍ നിന്നായി മാനന്തവാടി പോലിസ് ഇന്‍സ്‌പെക്ടര്‍ പി എല്‍ ഷൈജുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടി. മാനന്തവാടി അമ്പുകുത്തി സ്വദേശി ശ്യാം, മാനന്തവാടി ക്ലബ്ബ് കുന്ന് സ്വദേശി ഷഫീഖ്, പായോട് ജിജോ, മാനന്തവാടി ചൂട്ടക്കട് സ്വദേശി പ്രജിത്ത്, പയ്യമ്പള്ളി സ്വദേശി വിപിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി കുറ്റിയാടി ചുരത്തിലെ പക്രംതളത്തില്‍ നിന്നുമാണ് ജ്വല്ലറി ജീവനക്കാരനായ പാണ്ടിക്കടവ് പി.വി. ഹൗസിലെ അനസിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. കോഴിക്കോട് നിന്നും രണ്ട് സുഹൃത്തുക്കളോടൊപ്പം മാനന്തവാടിയിലേക്ക് കാറില്‍ വരികയായിരുന്ന അനസിനെ പക്രംതളത്ത് നിന്നും ഇന്നോവ കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി ബലമായി പിടിച്ച് ഭീഷണിപ്പെടുത്തി കര്‍ണാടകയിലേക്ക് കൊണ്ടുപോയി. യാത്രാമദ്ധ്യേ മയക്കുമരുന്ന് കലര്‍ത്തിയ വെള്ളംകുടുപ്പിച്ച് അനസിനെ മയക്കി കിടത്തി. അനസിനെയും കൊണ്ട് കര്‍ണാടക ഗോണിക്കുപ്പയിലെത്തിയ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു. പണമില്ലെന്നറിയിച്ചപ്പോള്‍ കൈക്കും കഴുത്തിലും മുറിവേല്‍പ്പിച്ചു. മരണഭീതിമൂലം അനസ് മാനന്തവാടിയിലെ ഒരു സുഹൃത്തിനെ വിളിച്ച് പണം ആവശ്യപ്പെട്ടു. തല്‍ക്കാലം രണ്ടുലക്ഷം രൂപ സംഘടിപ്പിക്കാമെന്ന് ഏല്‍ക്കുകയും തിങ്കളാഴ്ച രാവിലെ മാനന്തവാടി മേരി മാതാ കോളജ് സ്‌റ്റോപില്‍വെച്ച് സംഘാംഗമായ ഷഫീഖിന് തുക കൈമാറുകയും ചെയ്തു. ബാക്കി ഒരു ലക്ഷം ചൊവ്വാഴ്ചയും രണ്ടു ലക്ഷം രൂപ ശനിയാഴ്ചയും നല്‍കാമെന്ന ധാരണയില്‍ അനസിനെ മോചിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച അനസ് സംഭവം പോലിസില്‍ അറിയിച്ചു. അതിനിടെ ജില്ലാ ആശുപത്രിയില്‍ അനസ് ചികില്‍സ തേടുകയും ചെയ്തിരുന്നു. ഒരു ലക്ഷം രൂപ നല്‍കാമെന്ന ധാരണയില്‍ ഷഫീഖ് പുല്‍പ്പള്ളിയില്‍ കാത്തുനിന്നു. പുല്‍പ്പള്ളിയില്‍ നിന്നും പോലിസ് ഇയാളെ പിടികൂടി. തുടര്‍ന്ന് വിവിധയിടങ്ങളില്‍ നിന്നുമായി മറ്റു നാലുപേരെയും പോലിസ് പിടികൂടി. മാനന്തവാടിയിലെ ജ്വല്ലറി ജീവനക്കാരനായ അനസ് പ്രതികളില്‍ ഒരാളായ ശ്യാമുമായി സൗഹൃദമുണ്ടായിരുന്നു.
ശ്യാം സുഹൃത്തുക്കളെ കൂട്ടി അനസിനെ തട്ടിക്കൊണ്ടുപോയി പണം സമ്പാദിക്കാനുള്ള കുറുക്കുവഴി തേടുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.