Connect with us

Kozhikode

'മാവോയിസ്റ്റുകളുടെ പേരുപറഞ്ഞ് സി പി ഐ (എം എല്‍) പ്രവര്‍ത്തകരെ വേട്ടയാടുന്നു'

Published

|

Last Updated

വടകര: മാവോയിസ്റ്റുകളുടെ പേരുപറഞ്ഞ് സി പി ഐ (എം എല്‍) പ്രവര്‍ത്തകരെ പോലീസ് വേട്ടയാടുകയാണെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പാര്‍ട്ടി പ്രവര്‍ത്തകരില്ലാത്ത സമയങ്ങളില്‍ പോലീസ് വീടുകളിലെത്തി ഭീഷണിപ്പെടുത്തുകയും ജനങ്ങള്‍ക്കടയില്‍ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നതായി ഇവര്‍ പറഞ്ഞു. സി പി ഐ (എം എല്‍) വടകര ഏരിയാ സെക്രട്ടറി ശ്രീജിത്ത് ഒഞ്ചിയത്തെ കഴിഞ്ഞ ദിവസം ജോലി സ്ഥലത്ത് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി നിയമങ്ങള്‍ക്ക് നിരക്കാത്ത രീതിയില്‍ ഫോട്ടോ എടുത്തതായും ജില്ലാ കമ്മിറ്റി അംഗവും “റിപ്പോര്‍ട്ടിന്റെ” പത്രാധിപരുമായ വി എം രാമചന്ദ്രന്റെ വസതിയില്‍ പോലീസെത്തി കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നതായും ഇവര്‍ ആരോപിച്ചു.
കിഴക്കന്‍ മലയോര മേഖലകളില്‍ നടക്കുന്ന കരിങ്കല്‍ ഖനനം നടത്തുന്ന ക്വാറി മാഫിയകളെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. പലയിടത്തും തണ്ടര്‍ ബോള്‍ട്ടിനെ നിയോഗിക്കുന്നത് മാവോയിസ്റ്റുകളെ കണ്ടെത്താനല്ല, മറിച്ച് കരിങ്കല്‍ ഖനനം സുഗമമമാക്കാനാണ്. പോലീസിന്റെ ഇത്തരം നിലപാടുകള്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും ഉത്തരവാദപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കുമെന്നും ബഹുജനങ്ങളെ അണിനിരത്തി ജനാധിപത്യരീതിയില്‍ ചെറുത്തുനില്‍ക്കുമെന്നും ഇവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സി പി ഐ (എം എല്‍) ജില്ലാ സെക്രട്ടറി, എം പി കുഞ്ഞിക്കണാരന്‍, വി എ ബാലകൃഷ്ണന്‍, ശ്രീജിത്ത് ഒഞ്ചിയം, പിള്ളേരിക്കണ്ടി ഭാസ്‌കരന്‍, പി പി സ്റ്റാലിന്‍ പങ്കെടുത്തു.