Connect with us

Malappuram

ഉരുക്കു നിര്‍മാണശാലക്ക് അനുമതി നല്‍കരുതെന്ന് പ്രകൃതി കൂട്ടായ്മ

Published

|

Last Updated

അരീക്കോട്: ഐ ടി ഐ, മുണ്ടമ്പ്ര പ്രദേശങ്ങളില്‍ സ്വകാര്യ കമ്പനി തുടങ്ങാനിരിക്കുന്ന ഉരുക്കു നിര്‍മാണ ശാലക്ക് അനുമതി നല്‍കുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് അരീക്കോട് ഹജ്ജ് സര്‍വീസ് ഹാളില്‍ ചേര്‍ന്ന ഫ്രന്റ്‌സ് ഓഫ് നാചര്‍ പരിസ്ഥിതി സംഘം അരീക്കോട് ചാപ്റ്റര്‍ യോഗം മുന്നറിയിപ്പു നല്‍കി. വിഷാംശങ്ങള്‍ വായുവിലേക്കും മാരകമായ ലോഹ സംയുക്തങ്ങള്‍ മണ്ണിലേക്കും നിക്ഷേപിക്കുന്ന ഇത്തരം ഫാക്ടറികളെ ജനവാസ കേന്ദ്രങ്ങളിലേക്ക് സ്വാഗതം ചെയ്യരുത്. ഫാക്ടറിയുടെ ദൈനം ദിന ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള അമിതമായ ജലോപയോഗം കുടിവെള്ള സ്രോതസുകള്‍ വറ്റിക്കുകയും അരീക്കോട്ടെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളെ ദുരിതത്തിലാക്കും. ഉരുക്കുനിര്‍മാണശാലകള്‍ പരിസരവാസികളുടെ ആരോഗ്യത്തെയും സമാധാന ജീവിതത്തെയും താറുമാറാക്കിയതാണ് സമാന കമ്പനികളില്‍ നിന്നുള്ള പാഠമെന്ന് യോഗം അഭിപ്രായപ്പെട്ടു. വായുവും ജലവും മണ്ണും മലിനപ്പെടുത്തുന്ന സ്വകാര്യ കമ്പനികള്‍ക്കുവേണ്ടി ഒരു ജനതയെ ദുരിതത്തിലാക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിക്കണമെന്ന് യോഗം മുന്നറിയിപ്പു നല്‍കി. ചാപ്റ്റര്‍ ചെയര്‍മാന്‍ ഒ ഹാമിദലി, ചാപ്റ്റര്‍ മേഖലാ കോഡിനേറ്റര്‍ റോഷന്‍ അരീക്കോട്, വാഴക്കാട് പരിസ്ഥിതി സംരക്ഷണ സമിതി പ്രസിഡന്റ് കെ എ ഷുക്കൂര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി. അഫീഫ് തറവട്ടത്ത്, ടി കെ സഹദേവന്‍, സി അസ്‌ലം, കെ ടി ഖാലിദ്, സി അബ്ദുറസാഖ്, അഹമ്മദ് മാസ്റ്റര്‍, ബാസിത് പ്രസംഗിച്ചു.

Latest