Connect with us

Malappuram

പി ഡി പി പാസ്‌പോര്‍ട്ട് ഓഫീസ് മാര്‍ച്ച് നടത്തി

Published

|

Last Updated

മലപ്പുറം: നിതാഖാതിനെ തുടര്‍ന്ന് മടങ്ങിയെത്തുന്നവര്‍ക്ക് പ്രഖ്യാപിച്ച പുനരവധിവാസ പാക്കേജ് പുനഃക്രമീകരിച്ച് നടപ്പിലാക്കണമെന്ന് പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ റാവുത്തര്‍ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പി ഡി പി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ആഭ്യന്തര വരുമാനത്തില് 31 ശതമാനം സംഭാവന ചെയ്യുന്ന പ്രവാസി സമൂഹത്തോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനാസ്ഥ അവസാനിപ്പിച്ച് മടങ്ങിയെത്തുന്ന പ്രവാസികളെ മൂന്ന് വിഭാഗമാക്കി തിരിച്ച് അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ ജോലിയും സ്വയം സംരംഭകര്‍ക്ക് 25 ശതമാനം സബ്‌സിഡിയും അഞ്ച് വര്‍ഷം മുന്‍കൂര്‍ മൊറൊട്ടത്തോടു കൂടിയ പലിശ രഹിത വായ്പയും മറ്റു വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് സൗജന്യ വിസ, യാത്ര സൗകര്യവും ഏര്‍പ്പെടുത്തണം.
നിതാഖത്തില്‍പ്പെട്ട് നാട്ടിലേക്ക് മടങ്ങി വരുന്നവര്‍ക്കും അഞ്ചും ആറും മാസത്തെ ശമ്പളം മുന്‍കൂറായി വാങ്ങി പുതിയ താമസ തൊഴില്‍ രേഖകള്‍ ത്വരിതപ്പെടുത്തി ഗള്‍ഫില പിടിച്ചു നില്‍ക്കുന്നവരുടെ കുടുംബങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അടിയന്തിര ധനസഹായം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ഇബ്‌റാഹിം തിരൂരങ്ങാടി അധ്യക്ഷത വഹിച്ചു. സെക്രട്ടേറിയറ്റ് മെമ്പര്‍മാരയ സക്കീര്‍ പരപ്പനങ്ങാടി, യൂസഫ് പാന്ത്ര, വര്‍ക്കിംഗ് സെക്രട്ടറി അസീസ് വെളിയംങ്കോട്, ജില്ലാ വൈസ് പ്രസിഡന്റ് വേലായുധന്‍ വെന്നിയൂര്‍, എടയൂര്‍ മൗലവി പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി ബാപ്പു പുത്തനത്താണി സ്വാഗതവും ട്രഷറര്‍ കെ ജി അബൂബക്കര്‍ നന്ദിയും പറഞ്ഞു. പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ചിന് സി എ സി അംഗം ശ്രീജാ മോഹന്‍, സെക്രട്ടേറിയറ്റ് മെമ്പര്‍ ഗഫൂര്‍ വാവൂര്‍, ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ബാരിര്‍ശാദ്, ജില്ലാ സെക്രട്ടറിമാരായ ബീരാന്‍വടക്കേങ്ങര, ഹബീബുര്‍റഹ്മാന്‍, ശശിപൂവന്‍ചിന, സലാം മൂന്നിയൂര്‍ നേതൃത്വം നല്‍കി.