Connect with us

Kannur

തടവുകാരുടെ പുകവലി: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

Published

|

Last Updated

കണ്ണൂര്‍: പുകവലിക്കെതിരെ കോടികള്‍ ചെലവഴിച്ച് പരസ്യങ്ങളും മറ്റും നല്‍കി ബോധവത്കരണം നടത്തുന്ന സര്‍ക്കാര്‍, ജയിലുകളില്‍ തടവുകാര്‍ക്ക് പുകവലിക്കാന്‍ സൗകര്യം ചെയ്യുന്നതിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. ബീഡി, സിഗരറ്റ്, സോപ്പ്, ടൂത്ത്‌പേസ്റ്റ് എന്നിവ വാങ്ങുന്നതിനായി 300 രൂപ സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. പൊതുസ്ഥലത്ത് പുകവലി നിരോധിക്കുമ്പോഴാണ് ജയിലില്‍ തടവുകാര്‍ക്ക് പുകവലിക്കാന്‍ സര്‍ക്കാര്‍ സൗകര്യം ചെയ്യുന്നത് പരിശോധിക്കേണ്ട വിഷയമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനംഗം ജസ്റ്റിസ് സിറിയക് തോമസ് ചൂണ്ടിക്കാട്ടി.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇന്നലെ സന്ദര്‍ശനം നടത്തിയപ്പോള്‍ ഒരുമാസം എട്ട് ചാക്ക് ബീഡിയാണ് തടവുകാര്‍ക്ക് വേണ്ടി വാങ്ങുന്നതെന്ന് കണ്ടെത്തി. 1,35,000 രൂപയാണ് ബീഡി വാങ്ങാനായി ചെലവഴിക്കുന്നത്. ഈ സാഹചര്യത്തില്‍ ജയിലുകളില്‍ ബീഡിയും സിഗരറ്റും തടവുകാര്‍ക്ക് അനുവദിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷനംഗം വ്യക്തമാക്കി. തടവുകാരില്‍ പുകയില ജന്യ രോഗങ്ങള്‍ വര്‍ധിച്ചുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ മറ്റ് ജയിലുകളെ അപേക്ഷിച്ച് കേരളത്തെ ജയിലുകളിലെ സ്ഥിതി മെച്ചമാണ്. കണ്ണൂരിലെ തടവുകാരില്‍ നിന്ന് ലഭിച്ച പ്രധാന പരാതി വേതനം കുറവാണെന്നാണ്.
ഇത് പരിഹരിക്കാന്‍ സര്‍ക്കാറിനോടാവശ്യപ്പെടും. വിദഗ്ധ തൊഴിലാളികള്‍ക്ക് ദിവസം 53 രൂപയും അവിദഗ്ധ തൊഴിലാളികള്‍ക്ക് 21 രൂപയുമാണ് ഇപ്പോള്‍ വേതനം ലഭിക്കുന്നത്. ജയിലില്‍ വാര്‍ഡര്‍മാരുടെ എണ്ണം കുറവാണെന്നത് പ്രധാന പരാതിയായി ഉയര്‍ന്നിട്ടുണ്ട്. 50 ശതമാനം വാര്‍ഡര്‍മാര്‍ മാത്രമാണ് ഇപ്പോഴുള്ളത്. പരോളിന് അപേക്ഷ നല്‍കിയാല്‍ ലോക്കല്‍ പോലീസ് റിപ്പോര്‍ട്ട് യഥാസമയം നല്‍കുന്നില്ലെന്ന പരാതിയും തടവുകാരില്‍ നിന്നുണ്ടായി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ കൊതുക് ശല്യത്തെക്കുറിച്ച് വ്യാപകമായി പരാതി ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നടപടി ആലോചിക്കും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ നാല് ജയിലുകളില്‍ ഇതിനകം സന്ദര്‍ശനം നടത്തിയതായും ലഭിച്ച പരാതിയുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷനംഗം അറിയിച്ചു. സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് ഐ ആര്‍ കുര്‍ലോസ്, എന്‍ എച്ച് ആര്‍ സി ഇന്‍സ്‌പെക്ടര്‍ സഞ്ജയ് കുമാര്‍, ജയില്‍ ഡി ഐ ജി. ശ്രീജിത്ത് എന്നിവരും തെളിവെടുപ്പില്‍ പങ്കെടുത്തു.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest