Gulf
ദുബൈ ശുചീകരണ യജ്ഞത്തിന് വര്‍ണാഭമായ തുടക്കം
ദുബൈ: വര്‍ണാഭമായ ചടങ്ങുകളോടെ, ദുബൈ ശുചീകരണ യജ്ഞം ആരംഭിച്ചു. ശിന്ദഗയിലെ ഹെറിറ്റേജ് വില്ലേജിലായിരുന്നു ഔദ്യോഗിക ഉദ്ഘാടനം. നിരവധി സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ഉന്നത വ്യക്തികളും പങ്കെടുത്തു. പൊതുജനാരോഗ്യ, പരിസ്ഥിതി വിഭാഗം മേധാവിയും നഗരസഭാ അസിസ്റ്റന്റ് ഡയറക്ടറുമായ എഞ്ചി. സാലഹ് അമീരി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കരീം ജുല്‍ഫാര്‍, ഉബൈദ് ശംസി, അബ്ദുല്‍ മജീദ് സൈഫി, ഹംദാന്‍ അല്‍ ശായിര്‍, അബ്ദുല്ല അബ്ദുര്‍റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
“ഭരണസ്ഥാപനവും സ്വകാര്യ മേഖലയും കൈകോര്‍ക്കുന്നതിന്റെ മഹത്തായ മാതൃകയാണിത്. നമ്മുടെ പ്രകൃതിയെയും സ്രോതസുകളെയും സംരക്ഷിക്കാന്‍ എല്ലാവരും യോജിക്കുകയാണ്. മഹത്തായ ഈ യജ്ഞം 20 വര്‍ഷത്തില്‍ എത്തിനില്‍ക്കുന്നു. കൂട്ടായ മുന്നേറ്റത്തിന്റെ സംസ്‌കാരം ഉരുത്തിരിഞ്ഞുവന്നു. ഭൂമിയുടെ നിലനില്‍പ്പിനെക്കുറിച്ച് ഏവര്‍ക്കും അവബോധമുണ്ടായി”- എഞ്ചി. സാലഹ് അമീരി പറഞ്ഞു.
മരുഭൂമിയിലെന്ന പോലെ കടല്‍തീരങ്ങള്‍, സമുദ്രം എന്നിവിടങ്ങളിലും ശുചീകരണം നടത്തും. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യും. കീടങ്ങളെ തുരത്തും. ഈ മാസം 22 വരെ നീണ്ടുനില്‍ക്കുന്ന യജ്ഞത്തില്‍ എല്ലാവരും പങ്കാളികളാകും. നവം. 21ന് സഫൂ ബീച്ചില്‍ വിദ്യാര്‍ഥികള്‍ ശുചീകരണം നടത്തും. ഈ മാസം 22ന് സന്നദ്ധ സംഘടനകളും സ്വകാര്യ കമ്പനികളും അല്‍ഖൂസ് വ്യവസായ കേന്ദ്രത്തില്‍ ശുചീകരണം നടത്തും. ഇതിനിടയില്‍, കീടനാശിനി കമ്പനികളുടെ സഹായത്തോടെ കീടങ്ങളെ തുരത്തുമെന്നും അധികൃതര്‍ പറഞ്ഞു.


