നടപ്പാതകള്‍ നന്നാക്കാന്‍ നടപടിയില്ല: കാല്‍ നടയാത്രക്കാര്‍ക്കിത് ദുരിതകാലം

Posted on: November 20, 2013 12:41 am | Last updated: November 20, 2013 at 12:41 am

മാനന്തവാടി: മാനന്തവാടി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നടപ്പാതകള്‍ പൊട്ടിപൊളിഞ്ഞതോടു കൂടി കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമായി.
മാനന്തവാടിയിലെ മിക്കവാറും എല്ലാ നടപ്പാതകളുടേയും സ്ലാബുകള്‍ പൊട്ടിപൊളിഞ്ഞ് കിടക്കുയാണ്. ഏറ്റവും കൂടുതല്‍ കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്ന മാനന്തവാടി ജില്ലാ ആശുപത്രിയിലേക്കുള്ള നടപാതകളുടെ സ്ലാബുകള്‍ പോലും തകര്‍ന്ന് കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.
മാനന്തവാടി- തലശ്ശേരി റോഡ്, കോഴിക്കോട് റോഡ്, ബസ്‌സ്റ്റാന്റ് പരിസരം എന്നിവിടങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. സ്ലാബുകള്‍ തകര്‍ന്നതോടുകൂടി കാല്‍നടയാത്രക്കാര്‍ക്ക് അപകടം പറ്റുന്നതും പതിവ് കാഴ്ചയാണ്.
പ്രധാനമായും ജില്ലാ ആശുപത്രി പരിസരത്തെ നടപാതകളാണ് കൂടുതല്‍ ഭീഷണിയുയര്‍ത്തുന്നത്. ജില്ലാ ആശുപത്രി റോഡ് സ്വതവേ വീതികുറഞ്ഞതിനായതിനാല്‍ ഈ റോഡിലൂടെയുള്ള യാത്രകള്‍ ദുഷ്‌കരമാണ്. ഇവിടങ്ങളില്‍ ഗതാഗതക്കുരുക്കും പതിവ് കാഴ്ചയാണ്. ഈ റോഡിന്റെ വീതി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തിന് നീണ്ടനാളത്തെ പഴക്കമുണ്ടെങ്കിലും അധികാരികള്‍ മൗനത്തിലാണ്. ജില്ലാ മെഡിക്കല്‍ ഓഫീസ്, ഗവ. യുപിസ്‌കൂള്‍, പഴശ്ശികുടീരംഎന്നിവടങ്ങിലേക്ക് ജനങ്ങള്‍ ആശ്രയിക്കുന്ന ഏക റോഡാണിത്. കൂടാതെ ഇവിടങ്ങളിലെ നടപാതകള്‍ കാടുകയറിക്കിടക്കുയാണ്. അധികൃതക്ക് നിരവധി തവണ പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെയായും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ല. അധികാരികളുടെ നിലപാടുകള്‍ക്ക് മാറ്റമില്ലെങ്കില്‍ യുവജനസംഘടനടളടക്കമുള്ളവര്‍ ശക്തമായ സമരത്തിന് ഒരുങ്ങുകയാണ്.