താരങ്ങളെത്തി; കളി നാളെ

Posted on: November 20, 2013 6:02 am | Last updated: November 21, 2013 at 7:00 am

team-india-630-new-odi-kitകൊച്ചി: ഏകദിന ക്രിക്കറ്റ് മത്സരത്തിനായുള്ള ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടീമുകള്‍ കൊച്ചിയിലെത്തി. ഉച്ചക്കു ഒരു മണിയോടെ മുംബെയില്‍ നിന്നുള്ള സപൈസസ് ജെറ്റ് വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ടീമംഗങ്ങളെ പഞ്ചവാദ്യത്തിന്റെയും കഥകകളി,മോഹിനിയാട്ടം എന്നിവയുടെയും അകമ്പടിയോടെയാണു കെ.സി.എ വരവേറ്റത്. തടിച്ചു കൂടിയ ക്രിക്കറ്റ് ആരാധകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും നടുവിലേക്ക് ആദ്യമെത്തിയത് ഇന്ത്യന്‍ ടീമായിരുന്നു. സ്പിന്നര്‍ അമിത് മിശ്രയാണു ഇന്ത്യന്‍ നിരയില്‍ നിന്നും അദ്യം വിമാനത്താവളത്തിനു പുറത്തേക്കെത്തിയത്. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില്‍ ബാറ്റിംഗ് വെടിക്കെട്ടൊരുക്കി രവീന്ദ്ര ജഡേജ മിശ്രക്കു പിന്നാലെയെത്തി. പിന്നാലെ വന്നത് യുവതാരം വിരാട് കോഹ്‌ലി. ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയെത്തിയതോടെ ആരാധകര്‍ക്കിടയില്‍ നിന്ന് ആര്‍പ്പുവിളികളുയര്‍ന്നു. കഥകളി വേഷക്കാരനെ ഹസ്തദാനം ചെയ്താണ് ഇന്ത്യന്‍ നായകന്‍ പുറത്തേക്കു നടന്നു നീങ്ങിയത്. സ്പിന്നര്‍ അശ്വിനാണു ഏറ്റവുമൊടുവില്‍ ടെര്‍മിനലിലേക്കു വന്നത്.
ഇന്ത്യന്‍ താരങ്ങള്‍ ബസ്സിലേക്കു കയറിയപ്പോഴേക്കും കരീബിയന്‍ താരങ്ങള്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് വന്നു. വാങ്കഡെ സ്റ്റേഡിയത്തില്‍ സച്ചിനെ കയ്യിലൊതുക്കിയ ഡാരന്‍ സമിയാണു ആദ്യമെത്തിയത്. പിറകെ മറ്റു വിന്‍ഡീസ് താരങ്ങളും ടെര്‍മിനലിനു പുറത്തേക്കെത്തി.വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയില്‍ പുറത്തേക്കു വന്നപ്പോഴും ആരാധകര്‍ ആര്‍ത്തു വിളിച്ചു.സാമുവലാണു വിന്‍ഡീസ് നിരയില്‍ നിന്നും അവസാനമായി പുറത്തേക്കിറങ്ങിയത്.ദേശീയ പതാകയും ജയ് വിളികളുമായാണു നൂറു കണക്കിനു ക്രിക്കറ്റ് ആരാധാകര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പൊരു വെയിലത്തു കാത്തു നിന്നത്.ആരവങ്ങള്‍ക്കിടയില്‍ ഇരു ടീമുകളും പ്രത്യേകം തയ്യാറാക്കിയ ബസ്സില്‍ താമസ സ്ഥലമായ താജ് ഗേറ്റ് വേ ഹോട്ടലിലേക്കു മടങ്ങി. ഇന്ത്യന്‍ താരങ്ങളായ യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, മൊഹിത് ശര്‍മ, എ റായിഡു എന്നിവര്‍ ഇന്നലെ രാത്രിയോടെയാണ് നെടുമ്പാശേരിയിലെത്തിയത്. വൈകീട്ട് നടന്ന ചടങ്ങില്‍ ട്രോഫി അനാച്ഛാദനം വിന്‍ഡീസ് ക്യാപറ്റന്‍ ബ്രാവോയും ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയും ചേര്‍ന്ന് നിര്‍വഹിച്ചു. ഇന്നു രാവിലെ പത്തിനു ഇന്ത്യന്‍ ടീമും ഉച്ചക്കു ശേഷം വെസ്റ്റിന്‍ഡീസ് ടീമും കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ സച്ചിന്‍ പവലിയന്റെ ഉദ്ഘാടനം ഇന്നു രാവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി ഇന്നു നിര്‍വ്വഹിക്കും.

സുരക്ഷയൊരുക്കാന്‍ 2000 പോലിസുകാര്‍

നാളെ നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിനു സുരക്ഷയൊരുക്കാന്‍ നിയോഗിക്കുന്നത് രണ്ടായിരത്തിലധികം പോലീസുകാരെ. സിറ്റി പോലിസ് കമ്മീഷണര്‍ കെ ജി ജെയിംസിന്റെ മേല്‍ നോട്ടത്തില്‍ മൂന്നു മേഖലകളായി തിരിച്ചു മൂന്നു എസ്.പിമാരെയാണു സുരക്ഷക്കായി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇവരുടെ കീഴില്‍ 18 ഡി.വൈ.എസ്.പിമാര്‍ 178 എസ്.ഐമാര്‍ എന്നിവരും 2000 പോലിസുകാരുമാണു സ്‌റ്റേഡിയത്തിലും പരിസരത്തും സുരക്ഷാ ജോലിക്കായി ഉണ്ടാവുകയെന്ന് മധ്യമേഖലാ ഐ.ജി പത്മകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 10.30 മുതല്‍ സ്റ്റേഡിയത്തിനകത്തേക്കു പ്രവേശനം അനുവദിക്കും.മദ്യപിച്ചു വരുന്നവരെ സ്‌റ്റേഡിയത്തിനകത്തേക്കു പ്രവേശിപ്പിക്കില്ല.കാണികള്‍ക്കു പ്ലാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളം കൊണ്ടു വരാവുന്നതാണ്.എന്നാല്‍ ചില്ലുകുപ്പികള്‍ അനുവദിക്കില്ല. തീപ്പെട്ടി,സിഗരറ്റ്,ലൈറ്റര്‍,വലിയ ബാഗുകള്‍ എന്നിവ സ്റ്റേഡിയത്തിനകത്തു അനുവദിക്കില്ല..സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിച്ച ശേഷം പുറത്തേക്കു പോയാല്‍ വീണ്ടും പ്രവേശനം അനുവദിക്കുന്നതല്ല.പ്രവേശനം ലഭിച്ചവര്‍ ടിക്കറ്റിന്റെ കൗണ്ടര്‍ ഫോയില്‍ പരിശോധനക്കായി കൈവശം സൂക്ഷിക്കണം. ഫുഡ് ഇന്‍സ്‌പെക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ലൈസന്‍സുള്ള കാറ്ററിംഗ് സര്‍വീസുകളായിരിക്കും സ്‌റ്റേഡിയത്തില്‍ ഭക്ഷണവും വെള്ളവും വിതരണം ചെയ്യുക.നാളെ രാത്രി മുതല്‍ കളി തീരുന്നതു വരെ സ്‌റ്റേഡിയം പ്രധാന ഗെയ്റ്റ് മുതല്‍ സ്റ്റേഡിയത്തിനു ചുറ്റം വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല.
കളി നടക്കുന്ന ദിവസം സ്‌റ്റേഡിയത്തില്‍ ടിക്കറ്റ് വില്‍പ്പന കൗണ്ടറുകള്‍ ഉണ്ടായിരിക്കില്ലെന്നു കെ.സി.എ പ്രസിഡന്റ് ടി സി മാത്യു അറിയിച്ചു.മഴ മൂലം ഒരോവര്‍ പോലും എറിയാന്‍ സാധിക്കാതെ വന്നാല്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ ഫെഡറല്‍ ബാങ്ക് ശാഖ വഴി പണം മടക്കി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.