Connect with us

National

തന്റെ പേര് തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിനെതിരെ ഹസാരെ

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്പാലിന് വേണ്ടി പിരിച്ച പണം എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഉപയോഗിച്ചുവെന്ന ആരോപണത്തിന് പിറകേ പുതിയ കുറ്റെപ്പെടുത്തലുമായി അന്നാ ഹസാരെ രംഗത്ത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചിലര്‍ തന്റെ പേര് ദുരുപയോഗം ചെയ്യുകയാണെന്ന് ഹസാരെ പറഞ്ഞു. താനും കെജ്‌രിവാളും ശത്രുക്കളല്ല. ഇവിടെ പ്രശ്‌നം ഫണ്ടിന്റെതല്ല. ചില പ്രതിനിധികള്‍ തന്നോട് അതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ലോക്പാല്‍ സമര കാലത്ത് തന്റെ പേരില്‍ എടുത്ത സിം കാര്‍ഡുകള്‍ ഫണ്ട് സ്വരൂപിക്കുന്നതിനായി ഉപയോഗിച്ചതാണ് പ്രശ്‌നത്തിന്റെ മുഖ്യ കാരണം. ഇത് മാനദണ്ഡമാക്കിയാണ് ചിലര്‍ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
ഈ സംഭവത്തില്‍ തനിക്ക് യാതൊരു പങ്കുമില്ല. എന്റെ പേര് പ്രശ്‌നത്തിലേക്ക് വലിച്ചിഴക്കുകയാണെന്നും ഹസാരെ മാധ്യമങ്ങളോട് പറഞ്ഞു.
ആരോപണത്തിന്റെ തുടക്കത്തില്‍ ലോക്പാലിന് വേണ്ടി സ്വരൂപിച്ച പണമാണോ പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതെന്ന് കെജ്‌രിവാളിനോട് കത്ത് മുഖേന ഹസാരെ ആരാഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് കെജ്‌രിവാള്‍ നടത്തിയ പത്രസമ്മേളനത്തിന് ശേഷമാണ് ഹസാരെ പുതിയ പ്രസ്താവന നടത്തിയത്. കെജ്‌രിവാള്‍ തന്നെ ചര്‍ച്ചക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ചര്‍ച്ചക്ക് താന്‍ തയ്യാറാണെന്നും ഹസാരെ പറഞ്ഞു. കഴിഞ്ഞ ദിവസം ഹസാരെ അനുകൂലിയെന്ന് അവകാശപ്പെട്ട് എത്തിയയാള്‍ കെജ്‌രിവാളിന് മേല്‍ മഷി പ്രയോഗം നടത്തിയിരുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായ കെജ്‌രിവാള്‍ അന്നാ ഹസാരെയോട് പ്രചാരണത്തില്‍ സഹകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ താന്‍ ഒരു പാര്‍ട്ടിയുടെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നില്ലെന്ന നിലപാടിലാണ് ഹസാരെ.