Connect with us

National

'തുരന്തൊ' ട്രെയിനുകള്‍ നിര്‍ത്തലാക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: റെയില്‍വേയുടെ സാമ്പത്തികനില അത്യന്തം വഷളായിക്കൊണ്ടിരിക്കെ. നഷ്ടത്തില്‍ ഓടുന്ന ട്രെയിനുകള്‍ നിര്‍ത്തലാക്കാന്‍ ഇന്ത്യന്‍ റെയില്‍വെ ആലോചിക്കുന്നു. ഇക്കൂട്ടത്തില്‍ ആദ്യം ഓട്ടം നിര്‍ത്തുന്നത് “തുരന്തൊ” കളായിരിക്കും. ഓട്ടം തുടങ്ങുന്നിടത്തും ലക്ഷ്യസ്ഥാനത്തും മാത്രം സ്റ്റോപ്പുള്ളവയാണ് തുരന്തൊ.
മമതാ ബാനര്‍ജി റെയില്‍വെ മന്ത്രിയായിരിക്കെ ആരംഭിച്ച “തുരന്തൊ” ട്രെയിനുകള്‍ 60 എണ്ണമാണ് സര്‍വീസ് നടത്തിയിരുന്നത്. ഓട്ടം തുടങ്ങിയാല്‍ പിന്നെ ലക്ഷ്യസ്ഥാനത്ത് മാത്രം നിര്‍ത്തുന്ന തുരന്തൊവിന് ഇടക്കൊന്നും സ്റ്റോപ്പില്ല. അതുകൊണ്ട് തന്നെ യാത്രക്കാര്‍ കുറവാണ്. തുടക്കത്തില്‍ പലരും ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും മന്ത്രിയുടെ അഭിമാന പ്രശ്‌നമെന്ന നിലയില്‍ ഈ ട്രെയിനുകള്‍ ഓട്ടം തുടരുകയായിരുന്നു. എന്നാല്‍ അതിവേഗം എത്താമെന്നതിനാല്‍ രാജധാനി എക്‌സ്പ്രസുകളെക്കാള്‍ തുരന്തൊകളെ ഇഷ്ടപ്പെടുന്നവരുമുണ്ട്. മതിയായ യാത്രക്കാരില്ലാത്തതിനാല്‍ പക്ഷെ റെയില്‍വെയുടെ മടിശ്ശീല ചോര്‍ന്ന് പോകുന്നത് അധികൃതരെ ആശങ്കപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് തുരന്തൊകളുടെ നിരക്ക് രാജധാനി എക്‌സ്പ്രസ്സുകളുടെതിലേക്ക് ഉയര്‍ത്താന്‍ ആലോചിച്ചിരുന്നു. പക്ഷെ അത് ഉദ്ദേശിച്ച ഫലം ചെയ്തില്ല.
അടുത്ത പരീക്ഷണം, തുരന്തൊ വണ്ടി “ജനശതാബ്ദി”യാക്കിക്കൊണ്ടായിരുന്നു. അങ്ങനെ ഹസ്രത് നിസാമുദ്ദീന്‍- അജ്മീര്‍ ഷരീഫ് തുരന്തൊ ജനശതാബ്ദിയാക്കി. കോയമ്പത്തൂര്‍- തിരുവനന്തപുരം സ്ഥിരം ട്രെയിനാക്കി.
ഇതിനകം ആറ് തുരന്തൊ വണ്ടികള്‍ റഗുലര്‍ ട്രെയിനുകളാക്കി. ഈ ട്രെയിനുകള്‍ പലതും പലപ്പോഴായി നിര്‍ത്തുകയും ചെയ്തു.
തുരന്തൊകള്‍ റഗുലര്‍ ട്രെയിനുകള്‍ ആക്കിയിട്ടും നഷ്ടത്തിലുള്ള ഓട്ടം തുടര്‍ന്നു. യാത്രാ സമയം കൂടുതലായത് യാത്രക്കാരുടെ മനം മടുപ്പിക്കുകയും ചെയ്തു. നഷ്ടം കുറക്കുക എന്നത് മുഖ്യ മുദ്രാവാക്യമായതോടെ, മതിയായ യാത്രക്കാരില്ലാതെ ഓടുന്ന പല റെഗുലര്‍ ട്രെയിനുകളുടെയും സര്‍വീസ് നിര്‍ത്തലാക്കുന്ന കാര്യം റെയില്‍വേ അധികൃതര്‍ ആലോചിക്കുന്നുണ്ട്. ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം കുറക്കുന്ന കാര്യവും ആലോചിക്കുന്നു. പ്രവര്‍ത്തന ചെലവ് കുറക്കുകയാണ് ലക്ഷ്യം.

---- facebook comment plugin here -----

Latest