മാടക്കാല്‍ കടവിന് പരിഹാരമായി

Posted on: November 20, 2013 12:26 am | Last updated: November 19, 2013 at 9:27 pm

തൃക്കരിപ്പൂര്‍: മടക്കാല്‍ കടവ് പ്രശ്‌നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വലിയപറമ്പ പഞ്ചായത്ത് കാര്യാലയം ഉപരോധിച്ചു. ജീവനക്കാരെ ആരെയും അകത്തുകടത്തി വിടാതെ ഓഫീസിന് മുന്നില്‍ നിലയുറപ്പിച്ച നാട്ടുകാരുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ തീരുമാനമാവുകയും സമരം പിന്‍വലിക്കുകയും ചെയ്തു.
കേടായ മോട്ടോര്‍ റിപ്പയര്‍ ചെയ്യാനും കൂടാതെ മറ്റൊരു മോട്ടോര്‍ കൂടി നല്‍കാനും തീരുമാനമായതോടെയാണ് കടവ് മുടങ്ങിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നത്തിന് പരിഹാരമായത്. പതിനഞ്ചു ദിവസത്തിനു ശേഷം കടവുമായി ബന്ധപ്പെട്ട പ്രശ്‌നം വിലയിരുത്തുകയും വേണ്ട നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി. വലിയപറമ്പ പഞ്ചായത്തിന്റെ തെക്കേയറ്റത്തുള്ള തൃക്കരിപ്പൂര്‍ കടപ്പുറം, തയ്യില്‍ തുടങ്ങിയ സ്ഥലങ്ങളിലെ മാടക്കാല്‍ കടവിനെ ആശ്രയിക്കുന്ന ജനങ്ങളാണ് പഞ്ചായത്ത് ഉപരോധിച്ചത്. ഇതേത്തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി ശ്യാമള, സമരസമിതി പ്രതിനിധി പി വി ദാമോദരന്‍, ചന്തേര എസ് ഐ. ടി ആര്‍ മനോജ് എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്.
മാടക്കാല്‍ പാലം തകര്‍ന്നതിനു ശേഷം ഈ കടവ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ജനങളുടെ ശക്തമായ പ്രതിഷേധം കാരണം മാടക്കാല്‍ കടവില്‍ കെല്ലിന്റെ സഹായത്തോടെ സൗജന്യ തോണി സര്‍വിസ് ആരംഭിച്ചെങ്കിലും അത് അധികകാലം നീണ്ടുനിന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പഞ്ചായത്ത് ഒരു തോണിയും മോട്ടോറും നല്‍കിയെങ്കിലും അതും വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയാതായപ്പോള്‍ പ്രദേശവാസികള്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി. ഇന്നലെ മുതല്‍ പഞ്ചായത്ത് ഉപരോധമടക്കമുള്ള സമരവുമായി നാട്ടുകാര്‍ രംഗത്തിറങ്ങിയതോടെയാണ് പഞ്ചായത്ത് അധികൃതര്‍ ചര്‍ച്ചക്കു തന്നെ തയ്യാറായത്.