സദ്ഭാവനാ സന്ദേശയാത്രക്ക് ജില്ലയില്‍ തുടക്കമായി

Posted on: November 20, 2013 12:18 am | Last updated: November 19, 2013 at 9:19 pm

കാസര്‍കോട്: സമാധാനം, സാഹോദര്യം, സാമൂഹ്യ വികസനം, ഭാഷാപരമായ സൗഹൃദം എന്നിവ പരിപോഷിപ്പിക്കുന്നതിനുവേണ്ടി ക്വാമി ഏകതാവാരത്തോടനുബന്ധിച്ച് ജില്ലാഭരണകൂടം നെഹ്‌റു യുവജനകേന്ദ്ര, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തില്‍ ആരംഭിച്ച സദ്ഭാവനാ സന്ദേശ യാത്രയ്ക്ക് ജില്ലയില്‍ തുടക്കമായി.
സന്ദേശയാത്രയുടെ ജില്ലാതല ഉദ്ഘാടനം മഞ്ചേശ്വരം കുഞ്ചത്തൂര്‍മാടയില്‍ പി ബി അബ്ദുറസാഖ് എം എല്‍ എ നിര്‍വഹിച്ചു. സന്ദേശയാത്രയുടെ പതാക എം എല്‍ എ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുറഹിമാന് കൈമാറി.
ജില്ലാകലക്ടര്‍ പി എസ് മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് സമീറ സദ്ഭാവനാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ നെഹ്‌റുയുവകേന്ദ്ര ജില്ലയൂത്ത് കോര്‍ഡിനേറ്റര്‍ എം അനില്‍കുമാര്‍ സോങ്ങ്‌സ് ആന്റ് ഡ്രാമ ഡിവിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍ എന്‍ ജാ, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഷ്‌റത്ത് ജഹാന്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍ എ കെ എം അശ്‌റഫ്, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മമതദിവാകര്‍, സംസ്ഥാന ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫ. ബി മുഹമ്മദ് അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അനുവദിച്ച ധനസഹായ വിതരണം എം എല്‍ എയും ജില്ലാകലക്ടറും നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് വെളളിക്കോത്ത് വിഷ്ണുഭട്ടിന്റെ നേതൃത്വത്തിലുള്ള സ്വരരാഗ വിസ്മയവും സോങ്ങ്‌സ് ആന്റ് ഡ്രാമ ഡിവിഷന്റേയും കലാകാരന്‍മാര്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
ബന്തിയോടില്‍ സന്ദേശയാത്രയ്ക്ക് ഉജ്ജ്വലമായ സ്വീകരണം നല്‍കി. ബന്തിയോട്ട് സന്ദേശയാത്രയുടെ സ്വീകരണോദ്ഘാടനം മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡന്റ് ആഇശത്ത് താഹിറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലിമാസ്റ്ററുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എം അനില്‍കുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുമ്പളയില്‍ സന്ദേശയാത്ര എത്തുന്നതിന് മുന്നോടിയായി കുമ്പള ടൗണില്‍ സന്ദേശ റാലി നടത്തി. സന്ദേശയാത്ര ഏഴുദിവത്തെ പ്രയാണത്തിനുശേഷം 25ന് ഉദിനൂരില്‍ സമാപിക്കും. ഇന്ന് തളങ്കര, വിദ്യാനഗര്‍ ഗവ. കോളജ്, ഉളിയത്തടുക്ക, മായിപ്പാടി, സീതാംഗോളി എന്നിവിടങ്ങളില്‍ സന്ദേശയാത്ര പര്യടനം നടത്തും.