റവന്യൂ സംഘം പിടിച്ചെടുത്ത ലോറി മണല്‍ സഹിതം വിട്ടു നല്‍കാന്‍ ഉത്തരവ്

Posted on: November 19, 2013 8:15 am | Last updated: November 19, 2013 at 8:15 am

മഞ്ചേരി: ഏറനാട് റവന്യൂ സംഘം പിടിച്ചെടുത്ത മണല്‍ ലോറി മണല്‍ സഹിതം ഉടമക്ക് വിട്ടുനല്‍കാന്‍ ഉത്തരവായി. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അമിത മീണയാണ് കെ എല്‍ 10 എ എം 8097 ലോറി ഉടമ എടവണ്ണ പന്നിപ്പാറ പൊട്ടിയില്‍ വി പി അബ്ദുര്‍റഹ്മാന് വിട്ടുനല്‍കാന്‍ ഉത്തരവിട്ടത്.
കഴിഞ്ഞ 19-ന് ഉച്ചക്ക് 2.50ന് പെരകമണ്ണ കടവില്‍ നിന്ന് മണലുമായി പെരിന്തല്‍മണ്ണയിലേക്ക് പോകുകയായിരുന്ന ലോറി പത്തിരിയാലില്‍ വെച്ചാണ് റവന്യൂ സംഘം പിടിച്ചെടുത്തത്. ഏറനാട് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ വി ഗീതക്, ദീപക്, സുനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടികൂടിയത്. എടവണ്ണ പഞ്ചായത്ത് സെക്രട്ടറി രാവിലെ 9.50-നാണ് മണല്‍ വാഹനത്തിന് പാസ് നല്‍കിയത്. 11.30ന് കടവിലിറങ്ങിയ വാഹനം 2.50ന് മണലുമായി കടവില്‍ നിന്ന് പുറപ്പെട്ടു. എന്നാല്‍ എടവണ്ണ-പത്തപ്പിരിയം ഭാഗത്ത് റോഡ് നവീകരണം നടക്കുന്നതിനാല്‍ ഈ മേഖലയില്‍ ട്രാഫിക് കുരുക്ക് നിത്യസംഭവമാണ്.
പാസില്‍ കാണിച്ച ഒന്നര മണിക്കൂറിനകം പെരിന്തല്‍മണ്ണയിലെത്തണമെന്നാണ് നിയമം. ഇതിനായി സമാന്തര റൂട്ടിലൂടെയാണ് വാഹനം മഞ്ചേരിയിലേക്ക് പോയത്. ഇതിനിടെ പത്തിരിയാലില്‍ വെച്ച് റൂട്ട് മാറിയെന്നാരോപിച്ച് 3.20ന് വാഹനം റവന്യൂ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ഇതിനെതിരെ ലോറി ഉടമ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി പഞ്ചായത്ത് രജിസ്റ്ററുമായി ഒത്തുനോക്കി കൃത്യത വരുത്തി ഉടമക്ക് വിട്ടുകൊടുക്കാന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അമിത് മീണ പഞ്ചായത്ത് അധികൃതരില്‍ നിന്നും തെളിവെടുപ്പ് നടത്തിയാണ് വാഹനം മണല്‍ സഹിതം വിട്ടുനല്‍കി ഉത്തരവായത്.