Connect with us

International

വ്യോമാക്രമണത്തില്‍ പരുക്കേറ്റ സിറിയന്‍ വിമത നേതാവ് മരിച്ചു

Published

|

Last Updated

ദമസ്‌കസ്: സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിമത സൈന്യത്തിന്റെ നേതാവ് അബ്ദുല്‍ ഖാദിര്‍ അല്‍ സ്വലാഹ് മരിച്ചു. വിമത ചേരിയിലെ ലിവ അത്തൗഹീദ് സായുധ സംഘത്തിന്റെ വക്താവാണ് കൊല്ലപ്പെട്ടത്. സിറിയന്‍ സര്‍ക്കാറിനെതിരെ വിമത പ്രക്ഷോഭം ശക്തമായ അലെപ്പോയില്‍ വ്യാഴാഴ്ച നടന്ന വ്യോമാക്രമണത്തിലാണ് സ്വലാഹിന് ഗുരുതരമായി പരുക്കേറ്റത്. ഉടനെ ഇദ്ദേഹത്തെ തുര്‍ക്കിയിലെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു സ്വലാഹ്. അലെപ്പോയില്‍ മാത്രം 10,000ത്തോളം അംഗങ്ങളുള്ള സായുധ സംഘത്തിന്റെ തലവനാണ് ഇദ്ദേഹമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയന്‍ ആഭ്യന്തര പ്രശ്‌നം പരിഹരിക്കുന്നതിനായി സമാധാന ചര്‍ച്ച നടത്തുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ നയതന്ത്ര ഇടപെടല്‍ നടക്കുന്നതിനിടെയാണ് ആക്രമണം എന്നതും ശ്രദ്ധേയമാണ്.
വിമത നേതൃത്വവുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കെയാണ് വ്യോമാക്രമണം നടന്നത്. ആക്രമണത്തില്‍ മറ്റൊരു വിമത നേതാവ് യൂസുഫ് അല്‍ അബ്ബാസ് കൊല്ലപ്പെട്ടിരുന്നു. രണ്ട് നേതാക്കളും കൊല്ലപ്പെട്ട വാര്‍ത്ത ലിവ അത്തൗഹീദ് സ്ഥിരീകരിച്ചിട്ടുണ്ട്. സൈനിക ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച വിമത സംഘം സൈന്യത്തിനെതിരെ ശക്തമായ ആക്രമണങ്ങള്‍ നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അലെപ്പോയിലെ സൈനിക കേന്ദ്രങ്ങള്‍ പിടിച്ചടക്കിയ വിമതര്‍ ശക്തമായ പ്രക്ഷോഭം ആസൂത്രണം ചെയ്തതോടെയാണ് സിറിയന്‍ സൈന്യം വ്യോമാക്രമണം വ്യാപകമാക്കിയത്. അല്‍ഖാഇദയുമായി ബന്ധമുള്ള അന്നുസ്‌റയോടടക്കം അഞ്ച് വിമത സായുധ വിഭാഗങ്ങളുമായി യോജിച്ച് അലെപ്പോയില്‍ ആക്രമണം ശക്തമാക്കാന്‍ കഴിഞ്ഞയാഴ്ച ധാരണയിലായതിന് പിന്നാലെയാണ് സൈന്യത്തിന്റെ വ്യോമാക്രമണം നടന്നത്.
അതിനിടെ, സിറിയന്‍ പ്രശ്‌നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വക്താക്കള്‍ റഷ്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. സിറിയന്‍ വിദേശകാര്യ സഹമന്ത്രി ഫൈസല്‍ മിഖ്ദാദിന്റെ നേതൃത്വത്തിലുള്ള സംഘം മോസ്‌കോയിലെ വിദേശകാര്യ മന്ത്രാലയത്തില്‍വെച്ച് ഉന്നതരുമായി ചര്‍ച്ച നടത്തി.