Connect with us

Gulf

ദുബൈ വ്യോമ പ്രദര്‍ശനത്തിന് കണ്ണഞ്ചിപ്പിക്കുന്ന തുടക്കം

Published

|

Last Updated

ദുബൈ: ദുബൈ രാജ്യാന്തര വ്യോമ പ്രദര്‍ശനത്തിന് ഉജ്വലതുടക്കം. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു.

അബുദാബി കരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രദര്‍ശനം കാണാനെത്തി.
ഭരണ കുടുംബാംഗങ്ങളും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉദ്ഘാടനച്ചടങ്ങില്‍ സന്നിഹിതരായിരുന്നു. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന വ്യോമ പ്രദര്‍ശനത്തിന് ആയിരത്തിലധികം കമ്പനികള്‍ എത്തി. ബോയിംഗിന്റെ ഏറ്റവും പുതിയ വിമാനമായ 777 എക്‌സിന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഓര്‍ഡര്‍ നല്‍കിയതടക്കം നിരവധി കരാറുകളാണ് ഒപ്പുവെച്ചത്.
ഇന്നാണ് വിമാന അഭ്യാസങ്ങള്‍ തുടങ്ങുക. പരിശീലന പറക്കലുകള്‍ കഴിഞ്ഞ ദിവസം തുടങ്ങി. ഇത്തിഹാദ് എയര്‍വേയ്‌സ് 2,520 കോടി ഡോളറിന്റെ വിമാനങ്ങള്‍ക്ക് കരാര്‍ നല്‍കി. ബോയിംഗ് 777 എക്‌സ് 787 എസ് ഉള്‍പ്പെടെ 82 വിമാനങ്ങള്‍ക്കാണിത്. എമിറേറ്റ്‌സ് എയര്‍ലൈന്‍സ് 2,300 കോടി ഡോളറിന്റെ കരാര്‍ ഒപ്പിട്ടു. 50 എ 380 വിമാനങ്ങള്‍ക്കു വേണ്ടിയാണിത്.
ഇതോടെ എമിറേറ്റ്‌സിന്റെ എ 380 വിമാനങ്ങളുടെ എണ്ണം 140 ആകും. ഇതിനു പുറമെ 777 എക്‌സ് വിമാനങ്ങള്‍ക്ക് 7,600 കോടി ഡോളര്‍ ചെലവ് ചെയ്യും. ഖത്തര്‍ എയര്‍വേയ്‌സ് 1,900 ഡോളറിന്റെയും ഫ്‌ളൈ ദുബൈ 1,140 കോടി ഡോളറിന്റെയും വിമാനങ്ങള്‍ക്ക് കരാര്‍ നല്‍കി.
വിമാനങ്ങള്‍ വാങ്ങാനുള്ള കരാറൊപ്പിടുന്നതില്‍ ലോക റെക്കോര്‍ഡ് തകര്‍ന്നു. പുതിയ വിമാനങ്ങള്‍, സാങ്കേതിക വിദ്യകള്‍, സംവിധാനങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന എയര്‍ഷോയില്‍ 122 രാജ്യങ്ങളില്‍ നിന്ന് ആയിരത്തിലേറെ കമ്പനികള്‍ പങ്കെടുക്കുന്നു. ഗള്‍ഫില്‍ നിന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, എത്തിഹാദ് എയര്‍വേയ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ് എന്നിവ പങ്കെടുക്കുന്നുണ്ട്. പ്രദര്‍ശനവും വ്യോമാഭ്യാസവും കൂടാതെ സെമിനാറുകള്‍, ചര്‍ച്ചകള്‍, ശില്പശാലകള്‍ എന്നിവയുമുണ്ടാകും.
വേദിയിലേക്ക് സന്ദര്‍ശകര്‍ക്ക് ഷട്ടില്‍ ബസ് യാത്രാ സൗകര്യവുമൊരുക്കിയിട്ടുണ്ട്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ 15 മിനിറ്റു ഇടവിട്ട് ബസ് പുറപ്പെടും. ഇബ്‌നു ബത്തൂത്ത മെട്രോ സ്റ്റേഷനില്‍ നിന്നും ഷട്ടില്‍ സര്‍വീസുണ്ട്. വ്യാപാര സന്ദര്‍ശകര്‍ക്കും പ്രഫഷനലുകള്‍ക്കും മാത്രമാണ് ദുബായ് എയര്‍ഷോയിലേക്ക് പ്രവേശനം. 16 വയസിന് താഴെയുള്ളവര്‍ക്ക് പ്രവേശനമില്ല. കുട്ടികളടക്കമുള്ള പൊതുജനങ്ങള്‍ക്ക് ഷോ കാണാനായി സ്‌കൈ വ്യൂ എന്ന പേരില്‍ വിമാനാഭ്യാസ പ്രകടനം ഒരുക്കിയിട്ടുണ്ട്.

Latest