രശ്മി വധക്കേസ് ബിജുവിനെതിരെ മകന്റെ മൊഴി;അമ്മയെ കൊന്നത് അച്ഛന്‍ തന്നെ

Posted on: November 18, 2013 2:44 pm | Last updated: November 19, 2013 at 7:33 am

biju-radhakrishnan1കൊല്ലം: സോളാര്‍ തട്ടിപ്പ് കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ആദ്യ ഭാര്യ രശ്മി കൊല്ലപ്പെട്ട കേസില്‍ ബിജുവിനെതിരെ മകന്റെ മൊഴി. അമ്മയെ കൊന്നത് അച്ഛന്‍ തന്നെയാണെന്നാണ് ബിജുവിന്റേയും രശ്മിയുടേയും മകന്‍ കോടതിയില്‍ മൊഴി നല്‍കിയത്. ബ്രൗണ്‍ നിറത്തിലുള്ള ദ്രാവകം നല്‍കുന്നത് കണ്ടതായാണ് കുട്ടി കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കിയിരിക്കുന്നത്. കുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.

രശ്മിക്ക് മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം വലിച്ചിഴച്ച് കുളിമുറിയിലെത്തിച്ച് ബിജു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നതാണ് ബിജുവിനെതിരായ കേസ്. മദ്യം നല്‍കിയതിനും വലിച്ചിഴച്ചതിനും ബിജുവിന്റെ മൂത്ത മകന്‍ സാക്ഷിയായിരുന്നു. കൊലപാതകം, സ്ത്രീപീഡനം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് പുറമെ മൂത്ത മകനെ മര്‍ദ്ദിച്ചതിനും ബിജുവിനെതിരെ കേസുണ്ട്.

തെളിവ് നശിപ്പിക്കല്‍, സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് ബിജുവിന്റെ അമ്മ രാജമ്മാളിന്റെ പേരില്‍ ചുമത്തിയിരിക്കുന്നത്. രാജമ്മാള്‍ ജാമ്യത്തിലാണ്. 2006 ഫെബ്രുവരി മൂന്നിനാണ് ബിജുവിന്റെ വീട്ടില്‍ രശ്മി കൊല്ലപ്പെട്ടത്.