കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: എല്‍ ഡി എഫും യു ഡി എഫും കൊമ്പുകോര്‍ക്കുന്നു

Posted on: November 18, 2013 1:14 pm | Last updated: November 18, 2013 at 1:14 pm

കല്‍പറ്റ: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ജില്ലയില്‍ എല്‍ ഡി എഫും,യു ഡി എഫും കൊമ്പു കോര്‍ക്കുന്നു. ഇന്നലെ ഇരുഘടകങ്ങളും നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയത്.കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സി പി എമ്മും എല്‍ ഡി എഫും നുണ പ്രചരണം നടത്തുകയാണെന്നും വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും ആരോപിക്കുന്ന ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസ് ആദ്യം ഉപദേശിക്കേണ്ടത് യു ഡി എഫിലെ ഘടകകക്ഷികളെയാണെന്ന് എല്‍ ഡി എഫ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് കര്‍ഷകവിരുദ്ധമാണെന്നാണ് യു ഡി എഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ്- എം പറയുന്നത്. അവര്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് എല്‍ ഡി എഫ് നടത്തുന്ന സമരപരിപാടികള്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. പരിസ്ഥിതി വിഷയവുമായി ബന്ധപ്പെട്ട് ഏതാനും ആഴ്ചകള്‍ക്കു മുമ്പ് മാനന്തവാടി ആര്‍ ഡി ഒ ഓഫീസ് ഉപരോധിച്ചപ്പോള്‍ അതിന്റെ മുന്‍നിരയില്‍ കോണ്‍ഗ്രസ് നേതാക്കളുമുണ്ടായിരുന്നു. ജനങ്ങളാകെ ആശങ്കയിലാണെന്ന വസ്തുത കോണ്‍ഗ്രസ് മറക്കുകയാണ്. ഡി സി സിയുടെ പ്രസ്താവന പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ പോലും തൃപ്തരാക്കുന്നില്ല. അവരും സമരങ്ങളില്‍ അണിചേരുന്നുണ്ട്. ഇത്തരം ആളുകളെ ഉപദേശിച്ചു നന്നാക്കിയിട്ടുമതി ഡി സി സി പ്രസിഡന്റ് തങ്ങളെ ഉപദേശിക്കാന്‍- സി പി എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ പറഞ്ഞു.
പാര്‍ലിമെന്റിലും നിയമസഭയിലും ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായിട്ട് അടിച്ചേല്‍പ്പിക്കുകയാണെന്ന് എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ കെ വി മോഹനന്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷണം വേണ്ടെന്ന് എല്‍ ഡി എഫ് പറയുന്നില്ല. എന്നാല്‍ കര്‍ഷകരുടെ വികാരവും കൂടി മാനിക്കാതെ അവ അടിച്ചേല്‍പ്പിക്കരുത്. ഇടതുപക്ഷ ബുദ്ധിജീവികള്‍ ഉള്‍പ്പെടുന്ന ശാസ്ത്രസാഹിത്യ പരിഷത്ത്, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനേക്കാള്‍ കുറച്ചുകൂടി കര്‍ക്കശമായ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ പരിഷത്ത് പാര്‍ട്ടി സംഘടനയല്ലെന്നും അത് അവരുടെ മാത്രം അഭിപ്രായമാണെന്നായിരുന്നു കെ വി മോഹനന്റെ പ്രതികരണം.
ഇന്ന് വയനാട്ടില്‍ ഹര്‍ത്താല്‍ നടത്തണമെന്നത് എല്‍ ഡി എഫ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമാണ്. വയനാട് ജില്ലാ കമ്മിറ്റി വ്യത്യസ്ത നിലപാടു സ്വീകരിച്ചിട്ടു കാര്യമില്ല. ഹര്‍ത്താല്‍ ജനവിരുദ്ധമല്ല. ഹര്‍ത്താല്‍ വേണമെന്ന് ജനങ്ങള്‍ തന്നെയാണ് ആവശ്യപ്പെടുന്നതെന്നും എല്‍ ഡി എഫ് നേതാക്കള്‍ അവകാശപ്പെട്ടു.
ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ സൃഷ്ടിയാണെന്ന യു ഡി എഫിന്റെ ആരോപണം ആടിനെ പട്ടിയാക്കുന്ന വിദ്യയാണ്. എം ഐ ഷാനവാസ് എം പി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ എം ഐ ഷാനവാസ് എം പി പരാജയപ്പെട്ടുവെന്നും ഇവര്‍ ആരോപിച്ചു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനാല്‍ വിജ്ഞാപനം ഇറക്കിയശേഷം ബിഷപ്പിനെയും കൂട്ടി സോണിയാഗാന്ധിയെ കാണാന്‍ പോയ എം ഐ ഷാനവാസ് എം പിയുടെ നടപടി കമഴ്ത്തി വച്ച കലത്തിനു മുകളില്‍ വെള്ളം ഒഴിക്കുന്നതിനു തുല്യമാണെന്നും നേതാക്കള്‍ പറഞ്ഞു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ സി പി എമ്മും ഇടതുമുന്നണിയും നടത്തുന്ന കുപ്രചരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്ന് ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കര്‍ഷകസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചും, ജനങ്ങളിലാകെ ഭീതി പരത്തിയും രാഷ്ട്രീയനേട്ടം കൊയ്യാനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും തമ്മില്‍ വലിയ അന്തരമുണ്ട്. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായി ഗാഡ്കില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ ശക്തമായി എതിര്‍ക്കുകയാണ് ചെയ്ത്. കര്‍ഷകസമൂഹത്തിന് ദോഷകരമായേക്കാവുന്ന കുറെ നിര്‍ദേശങ്ങള്‍ അതില്‍ ഉണ്ടായിരുന്നതിനാലാണ് അതിനെ എതിര്‍ത്തത്. മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ ഈ റിപ്പോര്‍ട്ടിനെതിരെ പ്രമേയം അവതരിപ്പിച്ച് പാസാക്കി. എം ഐ ഷാനവാസ് അടക്കമുള്ള എം പിമാര്‍ പാര്‍ലമെന്റില്‍ ഈ റിപ്പോര്‍ട്ടിനെ നിശിതമായി വിമര്‍ശിച്ചു.
അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഗാഡ്കില്‍കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാതെ പകരം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കസ്തൂരിരംഗനെ നിയമിച്ചു. ഇതെല്ലാം വ്യക്തമാക്കുന്നത് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ കര്‍ഷകസമൂഹത്തോടൊപ്പം തന്നെയാണെന്നതാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചതിന് ശേഷം അത് വിശദമായി പഠിക്കുവാന്‍ തീരുമാനിച്ചു.
ഈ സന്ദര്‍ഭത്തിലാണ് ഗോവ ഫൗണ്ടേഷന്‍ എന്ന സംഘടന കോടതിയില്‍ നേരത്തെ നിലനില്‍ക്കുന്ന കേസിന്റെ ഭാഗമായി പശ്ചിമഘട്ട സംരക്ഷണത്തിന് സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. കോടതി അത് പരിഗണിച്ച് നടപടിയെടുക്കാന്‍ വൈകിയതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ ശാസിക്കുകയും 25,000 രൂപ പിഴയിടുകയും ആദ്യത്തെറിപ്പോര്‍ട്ടായ ഗാഡ്കില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ഉത്തരവിടുകയും ചെയ്തു. എന്നാല്‍ കര്‍ഷകസമൂഹം ഏറെ ഭീതിയോടെ നോക്കികാണുന്ന ഗാഡ്കില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തയ്യാറല്ലെന്ന നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് താരതമ്യേന സ്വീകാര്യമായ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിക്കുന്നുവെന്ന് കോടതിയെ അറിയിക്കുകയും ഈ റിപ്പോര്‍ട്ട് നടപ്പിലാക്കുവാന്‍ തീരുമാനിക്കുന്നത് ഒരു വിജ്ഞാപനമായി ഇറക്കുകയും ചെയ്തു. ഈ വിജ്ഞാപനത്തിന്റെ തന്നെ പത്താമത്തെ ഖണ്ഡികയില്‍ ഇത് സംബന്ധമായി മറ്റൊരു വിജ്ഞാപനം വരുന്നതോട് കൂടി ഈ വിജ്ഞാപനം കാലാഹരണപ്പെടുമെന്നും വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനസര്‍ക്കാരുകള്‍ക്ക് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ പറ്റി എന്തെങ്കിലും ആശങ്കകളുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് അറിയിക്കുന്നതിന് നാല് മാസം കൂടി അനുവദിക്കുകയും ചെയ്തു. അങ്ങനെ ലഭ്യമാകുന്ന നിര്‍ദേശങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്ത് അന്തിമവിജ്ഞാപനം പിന്നീട് ഇറക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് സ്വാഭാവികമായുണ്ടായേക്കാവുന്ന എല്ലാ ആശങ്കകളും ദൂരീകരിക്കാന്‍ സാവകാശവും സ്വാതന്ത്ര്യവും നല്‍കുവാന്‍ സംസ്ഥാന കേന്ദ്രസര്‍ക്കാരുകള്‍ തയ്യാറുമാണ്. എന്നാല്‍ സി പി എം നിരുത്തവാദപരവും അവസരവാദപരവുമായ പ്രചരണങ്ങള്‍ നടത്തുകയും സമൂഹത്തെ ഭയാശങ്കകളുടെ മുള്‍മുനയില്‍ നിര്‍ത്തി വോട്ടുരാഷ്ട്രീയം കളിക്കുകയാണ്. കേവലം രണ്ടര വര്‍ഷമായി അധികാരത്തിലിരിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടുകള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്തില്ല എന്നാരോപിക്കുന്നവര്‍ അതിനുമുമ്പുള്ള അഞ്ച് വര്‍ഷം ഗാഡ്കിലിനെ പറ്റിയോ, പശ്ചിമഘട്ട സംരക്ഷണത്തെ പറ്റിയോ ഒരു ചര്‍ച്ചയെങ്കിലും നടത്തി ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിക്കാത്തതെന്തുകൊണ്ടായിരുന്നു? ആഴ്ചകള്‍ക്ക് മുമ്പ് പോലും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഗാഡ്കില്‍ കമ്മിറ്റി റിപ്പോര്‍ട്ടാണ് നടപ്പിലാക്കേണ്ടത് എന്ന പ്രസ്താവനയിറക്കിയത് എവിടെ ചര്‍ച്ച ചെയ്തിട്ടായിരുന്നു? ഇടതുബുദ്ധിജീവികളുടെ സങ്കേതമായ ശാസ്ത്രസാഹിത്യപരിഷത്ത് ഗാഡ്കില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് വാദിച്ചപ്പോള്‍ വെളിച്ചത്ത് വരുന്നത് സി പി എമ്മിന്റെ അവസരവാദവും ഇരട്ടത്താപ്പുമാണ്. ആര്‍ എസ് പി നേതാവും മുന്‍മന്ത്രിയുമായ എന്‍ കെ പ്രേമചന്ദ്രന്‍ ചാനല്‍ ചര്‍ച്ചകളില്‍ പറയുന്നത് നടപ്പിലാക്കേണ്ടത് ഗാഡ്കില്‍ കമ്മിറ്റി റിപ്പോര്‍ട്ടാണെന്നാണ്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍ സ്റ്റേറ്റ് ഓര്‍ഗാനിക് പോളിസി കൊണ്ടുവന്നിരുന്നു. അഞ്ചോ പത്തോ വര്‍ഷത്തിനുള്ളില്‍ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാത്ത സമ്പൂര്‍ണ്ണജൈവസംസ്ഥാനമായി കേരളത്തെ മാറ്റുകയെന്നതായിരുന്നു ഈ പോളിസിയുടെ ലക്ഷ്യം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പറയുന്നതും ഇത് തന്നെയാണ്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പിണറായി വിജയന്‍ പങ്കെടുത്തില്ലെങ്കിലും അദ്ദേഹം നല്‍കിയ കത്തില്‍ പറയുന്നത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ്. 2006ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന കാലത്ത് പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കോടതി നിര്‍ദേശം കൊടുത്തിട്ടും അഞ്ച് വര്‍ഷത്തെ ഭരണകാലത്തിനിടക്ക് എല്‍ ഡി എഫ് സര്‍ക്കാര്‍ നിയമസഭക്കകത്തോ പുറത്തോ ഒരു ചര്‍ച്ചക്ക് പോലും തയ്യാറായിട്ടില്ല. വസ്തുകള്‍ ഇതായിരിക്കെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ സി പി എമ്മും ഇടതുമുന്നണിയും നടത്തുന്ന കുപ്രചരണങ്ങള്‍ക്ക് എന്തടിസ്ഥാനമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.