പശ്ചിമഘട്ട മലനിരകളിലെ സഭയും ഇടതുപക്ഷവും

Posted on: November 18, 2013 6:00 am | Last updated: November 18, 2013 at 12:11 am

WESTERN_GHATS__1126781f”സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളില്‍ ഉത്തരവാദിത്വമുള്ള പദവികളില്‍ ഇരിക്കുന്നവരേ, നല്ല മനസ്സുള്ള സ്ത്രീ പുരുഷന്‍മാരേ: നമുക്ക് സൃഷ്ടിയുടെ സംരക്ഷകരാകാം, പ്രകൃതിയില്‍ ദൈവം കരുതിവെച്ച പദ്ധതിയുടെ സംരക്ഷകരാകാം, പരസ്പരം സംരക്ഷകരാകാം, പരിസ്ഥിതിയുടെയും സംരക്ഷകരാകാം”
– പോപ്പ് ഫ്രാന്‍സിസ്, മാര്‍ച്ച് 18, 2013
സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍

”കാടുകള്‍ അപ്രത്യക്ഷമാകുന്നതിനും പച്ച വിരിപ്പ് നാശോന്മുഖമാകുന്നതിനും കാരണം ആദിവാസികളല്ല. കരാറുകാര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ഭരണവര്‍ഗ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന അത്യാര്‍ത്തി പൂണ്ട സംഘമാണതിന് കാരണക്കാര്‍. കാട് കൊള്ളയടിക്കലും വ്യാപകമായ മരം വെട്ടും മുതലാളിത്ത വികസനത്തിന്റെ പ്രതിരോധിക്കാനാകാത്ത രീതിയാണ്”
– സി പി ഐ (എം), ആദിവാസികളെ
കുറി ച്ചുള്ള നയരേഖ

തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയും കോഴിക്കോട് ജില്ലയിലെ പശുക്കടവും ഇടുക്കി ജില്ലയിലെ ചീയപ്പാറയുമൊക്കെ ഒര്‍മയില്‍ നിന്ന് മറയാന്‍ കാലമായിട്ടില്ല. ജീവനും സ്വത്തും അപഹരിച്ച് പൊട്ടിയ ഉരുളുകളുടെ സൃഷ്ടിക്ക്, മനുഷ്യന്റെ ചെയ്തികള്‍ തന്നെയാണ് കാരണമെന്ന് പരിസ്ഥിതി തീവ്രവാദികള്‍ ആരോപിക്കുന്നുണ്ട്. അതില്‍ വസ്തുതയുണ്ടെന്ന് ക്രിസ്തീയ സഭയിലെ പുരോഹിതര്‍ മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍ വരെ സമ്മതിക്കും. കേരളത്തില്‍ കാലാവസ്ഥക്ക് മാറ്റമുണ്ടായിട്ടുണ്ടെന്നും അത് ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിട്ടുണ്ടെന്നും കുടിവെള്ള ക്ഷാമവും വൈദ്യുതി കമ്മിയും അനുഭവപ്പെടുന്ന വേനലില്‍ ഇവരൊക്കെ തല കുലുക്കി സമ്മതിക്കും. ജലസമൃദ്ധിയുടെയും ചൂടിനെ വെന്നൊഴുകിയിരുന്ന കാറ്റിന്റെയും കാലങ്ങളെക്കുറിച്ച് മധുരസ്മൃതികള്‍ അയവിറക്കുകയും ചെയ്യും. നഷ്ട സമ്പത്തുക്കളെക്കുറിച്ച് ഓര്‍മിക്കുന്നവര്‍ക്ക്, ഇപ്പോഴനുഭവിക്കുന്ന ചെറിയ ആശ്വാസങ്ങള്‍ വരും തലമുറക്കായി കാത്തുവെക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്ന തോന്നല്‍ ഉണ്ടാകുന്നില്ല. അതുകൊണ്ടാണ് പശ്ചിമഘട്ട മലനിരകളിലെ പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് പഠിച്ച് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെയും അതില്‍ വലിയ തോതില്‍ വെള്ളം ചേര്‍ത്ത് അവതരിപ്പിച്ച കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെയും എതിര്‍ക്കാന്‍ അവര്‍ തയ്യാറാകുന്നത്.
ഈ റിപ്പോര്‍ട്ടുകളെക്കുറിച്ച് വലിയ തോതില്‍ തെറ്റിദ്ധാരണകള്‍ പരത്തിയാണ് എതിര്‍ക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. റിപ്പോര്‍ട്ട് നടപ്പാക്കേണ്ടവര്‍ അതിന്റെ നല്ല വശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ തയ്യാറായില്ല. തെറ്റിദ്ധാരണകള്‍ പരത്തിയവര്‍, ആ പ്രചാരണം നേരത്തെ ആരംഭിക്കുകയും എതിരഭിപ്രായങ്ങളെ അടിച്ചോടിക്കാന്‍ പാകത്തിലുള്ള വിദ്വേഷം ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. ആ പ്രചാരണത്തിന്റെ നേതൃത്വത്തില്‍ കത്തോലിക്കാ സഭയുണ്ടായിരുന്നു, മലയോര കര്‍ഷകര്‍ക്കിടയില്‍ സ്വാധീനമുറപ്പിച്ച കേരളാ കോണ്‍ഗ്രസുണ്ടായിരുന്നു, മലയോര കര്‍ഷകര്‍ക്കിടയില്‍ ഏത് വിധത്തിലും സ്വാധീനമുറപ്പിക്കണമെന്ന് ലക്ഷ്യമിട്ട സി പി എമ്മുണ്ടായിരുന്നു.
ആറ് സംസ്ഥാനങ്ങളിലായി 1,64,280 ചരുരശ്ര കിലോമീറ്റര്‍ സ്ഥലമാണ് പശ്ചിമഘട്ട മേഖലയില്‍. ഇതില്‍ 60,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ, പരിസ്ഥിതിയെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള മേഖലയായി പ്രഖ്യാപിക്കണമെന്നാണ് കസ്തൂരിരംഗന്‍ സമിതി ശിപാര്‍ശ ചെയ്തത്. ഇതനുസരിച്ചാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം. ഈ മേഖലയില്‍ ഉള്‍പ്പെടുന്ന ഇടുക്കി, കൊല്ലം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെ പ്രദേശങ്ങളില്‍ ജീവിക്കുന്ന കര്‍ഷകര്‍, അതില്‍ തന്നെ കുടിയേറ്റ കര്‍ഷകരാണ് പ്രധാനം, ഒന്നാകെ കുടിയൊഴിയേണ്ടിവരുമെന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്. ഈ മേഖലകളില്‍ ഇനിയൊരു ആശുപത്രി പോലും പണിയാനാകില്ലെന്ന് വരെ പ്രചരിപ്പിച്ച് ജനങ്ങളെയാകെ ഭീതിയിലാഴ്ത്തി. കസ്തൂരി രംഗന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടനുസരിച്ച് ക്വാറികള്‍, ഖനനം, മണല്‍ ഖനനം എന്നിവയാണ് ഈ മേഖലകളില്‍ നിന്ന് അഞ്ച് വര്‍ഷം കൊണ്ട് ഒഴിവാക്കേണ്ടത്. 20,000 ചരുതശ്ര മീറ്ററി (ചതുരശ്ര അടിയല്ല)ലധികമുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് വിലക്കി. ഇത്തരം തീരുമാനങ്ങള്‍ ഏത് വിധത്തിലാണ് കൃഷിയെയും കര്‍ഷകരെയും ബാധിക്കുക എന്ന ചോദ്യത്തിന് സമരത്തിന് നേതൃത്വം നല്‍കുന്ന കത്തോലിക്കാ സഭക്കോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കോ ഉത്തരമില്ല. ക്വാറികളൊക്കെ നിര്‍ത്തുന്നതോടെ വീട് വെക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയുണ്ടാകുമെന്ന വാദമാണ് ഇവരുയര്‍ത്തുന്നത്.
പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകളില്‍ രാസവളവും കീടനാശിനിയുമുപയോഗിക്കുന്നത് നിരോധിക്കണമെന്ന് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. പൂര്‍ണ നിരോധം പ്രായോഗികമല്ലെന്ന നിലപാടാണ് കസ്തൂരി രംഗന്‍ കമ്മിറ്റി സ്വീകരിച്ചത്, അതാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചതും. ഇടുക്കി, വയനാട് മേഖലകളില്‍ അര്‍ബുദബാധ വ്യാപകമായതിന് കാരണം അമിതമായ രാസവള, കീടനാശിനി പ്രയോഗമാണെന്ന വിലയിരുത്തല്‍ നിലവിലുണ്ട്. അതൊരുപരിധി വരെ വസ്തുതയാണെന്ന് ഇപ്പോള്‍ സമരത്തിനുള്ളവര്‍ പോലും സമ്മതിക്കും. രാസവളവും കീടനാശിനിയും നിയന്ത്രണങ്ങളൊന്നുമില്ലാതെ തുടര്‍ന്നുമുപയോഗിക്കാന്‍ അനുമവാദം നല്‍കി രോഗപീഡകള്‍ കൂടാന്‍ അനുവദിക്കണമോ എന്ന് വ്യക്തമാക്കേണ്ടത് സമരത്തിന് നേതൃത്വം നല്‍കുന്നവരാണ്.
കുടിയേറ്റ കര്‍ഷകരില്‍ ഭൂരിഭാഗവും ക്രിസ്തുമത വിശ്വാസികളാണ്. അതുകൊണ്ട് തന്നെ സഭാ നേതൃത്വം വലിയ ആശങ്ക പ്രകടിപ്പിക്കുന്നതില്‍ അത്ഭുതമില്ല. സഭയുടെ സ്വത്തുക്കള്‍ വര്‍ധിപ്പിക്കുന്നതില്‍ ഈ വിഭാഗം ഇക്കാലത്തിനിടെ വഹിച്ച പങ്ക് വലുതാണ്, വരും കാലത്ത് ഈ പ്രവര്‍ത്തനം അവര്‍ തുടരേണ്ടതുമുണ്ട്. അതുകൊണ്ടാണ് പൗരോഹിത്യം, ജനപ്രതിനിധികളെ വഴിയില്‍ തടയണമെന്ന് വരെ ആഹ്വാനം ചെയ്ത് രംഗത്തുവന്നിരിക്കുന്നത്. കുഞ്ഞാടുകളുടെ കൃഷിയിടങ്ങള്‍ സംരക്ഷിച്ച്, അവരുടെ ജീവിതം സുഗമമായി മുന്നോട്ടുപോകുന്നുവെന്ന് ഉറപ്പാക്കാനുള്ള വ്യഗ്രത ഇതില്‍ തുലോം കുറവാണ്. ആ വ്യഗ്രതയുണ്ടായിരുന്നുവെങ്കില്‍ മാധവ് ഗാഡ്ഗില്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളുടെ അന്തസ്സത്ത ഉള്‍ക്കൊണ്ട് അത് വിശ്വാസികളെ പഠിപ്പിച്ച്, പോപ്പ് ഫ്രാന്‍സിസ് ആഹ്വാനം ചെയ്തത് പോലെ പ്രകൃതിയില്‍ ദൈവം കരുതിവെച്ച പദ്ധതിയുടെ സംരക്ഷകരായി ജീവജാലങ്ങളുടെ സുസ്ഥിരമായ നിലനില്‍പ്പിന് വേണ്ടി യത്‌നിച്ചേനേ. ഇപ്പോള്‍ സഭയെടുത്തിരിക്കുന്ന നിലപാട് നിലവില്‍ കുടിയേറിയവരുടെ സൗഖ്യത്തേക്കാളുപരി, ഭാവിയിലെ കുടിയേറ്റത്തിന്റെ സാധ്യതകള്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. അത്തരം കുടിയേറ്റങ്ങള്‍ക്ക് സംഭവിച്ചാല്‍ കൂടുതല്‍ ജീവനുകള്‍ പ്രകൃതിക്ഷോഭത്തിന് ഇരകളാകുക എന്നതാകും ഫലം. അണികളില്‍ ഭൂരിഭാഗവും കുടിയേറ്റക്കാരായ, പൗരോഹിത്യത്തിന്റെ ഇംഗിതങ്ങള്‍ക്കപ്പുറത്തുള്ള രാഷ്ട്രീയ നിലപാട് അന്യമായ കേരള കോണ്‍ഗ്രസ് മുന്‍പിന്‍ നോക്കാതെ സഭക്കൊപ്പം നില്‍ക്കുക സ്വാഭാവികം.
പക്ഷേ, സി പി എമ്മും സി പി ഐയും ഈ വഴി സ്വീകരിക്കുമ്പോള്‍, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വികസനവും പരിസ്ഥിതി സംരക്ഷണവും യോജിച്ച് പോകേണ്ടതിന്റെ ആവശ്യതയെക്കുറിച്ചും ഇക്കാലത്തിനിടെ പൊതുവിലുണ്ടായ അവബോധത്തെയാകെ തകര്‍ക്കുകയാണ് അവര്‍. ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണവും മുന്‍നിര്‍ത്തി നിയമ നിര്‍മാണങ്ങള്‍ക്ക് ശ്രമിച്ച 1957ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെ പുറത്താക്കാന്‍ നടന്ന വിമോചന സമരത്തിന്റെ നേതൃത്വത്തില്‍ സഭയുണ്ടായിരുന്നു. ആ സമരം ഏതളവിലാണ് കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ മാറ്റമുണ്ടാക്കിയതെന്ന് അറിയാത്തവരല്ല ഇടത് പാര്‍ട്ടികളുടെ നേതാക്കള്‍. സ്വകാര്യ സ്വാശ്രയ പ്രൊഫഷനല്‍ കോളജുകള്‍ അനുവദിച്ച് കിട്ടുന്നതിന് സഭാ നേതൃത്വം സ്വീകരിച്ച നിലപാടും അനുവദിച്ച് കിട്ടിയതിന് ശേഷം അവര്‍ നടത്തിയ മറുകണ്ടംചാടലും നിയമനിര്‍മാണത്തിന് ശ്രമിച്ചപ്പോള്‍ രണ്ടാം വിമോചന സമരത്തിന് നടത്തിയ ആഹ്വാനവും അറിയാത്തവരുമല്ല. ജീവകാരുണ്യ മേഖലയിലും വിദ്യാഭ്യാസ രംഗത്തും സംഭാവനകള്‍ നല്‍കുമ്പോള്‍ തന്നെ, സമൂഹത്തില്‍ തുല്യാവസരമുറപ്പാക്കി മുന്നോട്ടുപോകാന്‍ നടത്തിയ ശ്രമങ്ങളെ, പ്രതിരോധിച്ച ചരിത്രമാണ് സഭക്ക്. ആറ് മുതല്‍ 14 വരെ പ്രായമുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം അവകാശമാക്കി നിയമം കൊണ്ടുവന്നപ്പോള്‍ അതിനെ എതിര്‍ക്കാന്‍ ആദ്യമെത്തിയത് സഭയായിരുന്നുവെന്നത് സമീപകാല ചരിത്രം.
ഈ അവസ്ഥയില്‍ സഭയുമായി കൈകോര്‍ത്ത് സമരത്തിന്, സി പി എമ്മും സി പി ഐയും അടക്കം ഇടത് പാര്‍ട്ടികള്‍ അണിനിരക്കുമ്പോള്‍, അതിനൊരു ലക്ഷ്യമേയുള്ളൂ – പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കുക എന്നത്. വിമോചനസമരത്തിന് ശേഷം ഇക്കാലമത്രയും കോണ്‍ഗ്രസിനെയോ കേരളാ കോണ്‍ഗ്രസിനെയോ അതുവഴി യു ഡി എഫിനെയോ പിന്തുണച്ച കുടിയേറ്റ കര്‍ഷകര്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാനായാല്‍ വരുംകാല തിരഞ്ഞെടുപ്പുകളിലൊക്കെ നേട്ടമുണ്ടാക്കാമെന്ന വ്യാമോഹം. സുപ്രീം കോടതിയുടെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍. അത് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. നാളെ ഇടതു മുന്നണിയുടെ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍, ഇപ്പോള്‍ യു ഡി എഫ് സര്‍ക്കാറെടുക്കുന്ന അതേ നിലപാടേ സ്വീകരിക്കാനാകൂ. അപ്പോള്‍ പള്ളിയും പട്ടക്കാരും എതിരാകും. തത്കാല ലാഭമെന്നതിനപ്പുറത്തൊന്നും ഇടതു പാര്‍ട്ടികള്‍ക്ക് ഇവിടെ കിട്ടാനില്ല. കാട് കൊള്ളയടിക്കലും വ്യാപകമായ മരംവെട്ടും രീതിയാക്കിയ മുതലാളിത്ത വികസനത്തോട് യോജിച്ച് നില്‍ക്കുക വഴി പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടില്‍ വെള്ളം ചേര്‍ക്കുകയാണ് ഇടതിന് നേതൃത്വം നല്‍കുന്ന സി പി എമ്മിന്റെ കേരള ഘടകം. ഈ വെള്ളം ചേര്‍ക്കലില്‍ വിഭാഗീയതയുടെ അര്‍ബുദമില്ലെന്ന് മാത്രം പാര്‍ട്ടിക്ക് ആശ്വസിക്കാം. നടപ്പാക്കേണ്ടത് മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തന്നെയാണെന്ന് പ്രഖ്യാപിച്ച വി എസ് അച്യുതാനന്ദന്‍ പോലും, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാനാകുമെന്ന പഴുത് കണ്ടപ്പോള്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പോലും നടപ്പാക്കരുതെന്ന നിലപാടെടുത്തു.
സഭയും രാഷ്ട്രീയപാര്‍ട്ടികളുമടക്കം നിക്ഷിപ്ത താത്പര്യക്കാര്‍ അന്ധമായ എതിര്‍പ്പുമായി രംഗത്തുവന്നതോടെ, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് മൂലം യഥാര്‍ഥത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോ എന്ന പരിശോധനപോലും അസാധ്യമായിരിക്കുന്നു. അത്തരത്തിലെന്തിങ്കുമുണ്ടെങ്കില്‍ അതേക്കുറിച്ച് ചിന്തിക്കാന്‍ പോലും അവസരമില്ല. ആകെയുള്ളത് സമരത്തിന്റെ മറവില്‍ അക്രമങ്ങള്‍ സൃഷ്ടിച്ച് കേസുകളുടെയും മറ്റും രേഖകള്‍ കത്തിക്കാനുള്ള സ്വാതന്ത്ര്യമാണ്. അത് ആവോളം ആസ്വദിക്കപ്പെടട്ടെ. റിപ്പോര്‍ട്ടിന്റെ വസ്തുതകള്‍ ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കാന്‍ ത്രാണിയുള്ള സി പി എമ്മിനെപ്പോലുള്ള പാര്‍ട്ടികള്‍ പോലും തത്കാലത്തെ രാഷ്ട്രീയ നേട്ടത്തെ പ്രധാനമായി കാണുമ്പോള്‍ വാഴുക അക്രമങ്ങള്‍ക്കുള്ള സ്വാതന്ത്ര്യമായിരിക്കും. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സമരാഹ്വാനക്കാര്‍ക്ക് ഒഴിയാനും സാധിക്കില്ല.

[email protected]